ന്യൂഡൽഹി: ഏതെങ്കിലും ഇടപാട് നടത്താനല്ല ജുഡിഷ്യറിയിലെയും എക്‌സിക്യുട്ടീവിലെയും ഉന്നതർ കൂടിക്കാഴ്ച നടത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഇടപാടുകൾ നടക്കുന്നതായി ജനം വിചാരിക്കാറുണ്ട്. എന്നാൽ, അതങ്ങനെയല്ല. ജുഡിഷ്യറിയിലെ ഭരണപരവും സാമൂഹ്യപരവുമായ കാര്യങ്ങൾക്കാണ് കൂടിക്കാഴ്ച.
ജഡ്‌ജിയെന്ന നിലയിൽ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് ചർച്ച നടത്താറില്ല. അക്കാര്യത്തിൽ ജഡ്‌ജിമാർ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്ന് മുംബയ് സർവകലാശാല സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു. വിനായക ചതുർത്ഥിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി സന്ദർശിച്ചതും പൂജ നടത്തിയതും വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ചീഫ് ജസ്റ്റിസിന്റെ വിശദീകരണം.
സർക്കാരുമായി ചർച്ചകൾ ആവശ്യമായി വരും. അത് രാജ്യത്തിന്റെ പുരോഗതിക്കാണ്. കേന്ദ്ര സർക്കാരിന്റെയും സുപ്രീംകോടതിയുടെയും തലവന്മാർ കൂടിയാലോചന നടത്തുന്ന പതിവുണ്ട്. സംസ്ഥാനങ്ങളിലും ആ പാരമ്പര്യമുണ്ട്. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ കോടതി കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസുകളെപ്പറ്റി സംസാരിക്കാറില്ല. ജുഡിഷ്യറിയും എക്‌സിക്യുട്ടീവും ഇക്കാര്യത്തിൽ ഉയർന്നതലത്തിലുള്ള പക്വതയാണ് കാണിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |