ഡബ്ല്യുസിസിയിലെ ഒരു സ്ഥാപകരിലൊരാളായ നായിക നടിക്ക് ഉണ്ടായ ദുരനുഭവത്തെപ്പറ്റി വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്റഫ്. താൻ നേരിട്ട ദുരനുഭവം ആ നടി പൊതുസമൂഹത്തിൽ നിന്നും മറച്ചുവച്ച സംഭവവുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 'കണ്ടതും കേട്ടതും' എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മലയാള സിനിമയിൽ പീഡനവും വേദനയും അവഗണനയുമൊക്കെ അനുഭവിച്ചിട്ടുള്ള നടിമാരെ കണ്ടെത്തി അവരെ ഹേമ കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ച് നീതി വാങ്ങിക്കൊടുക്കാനും, അവരുടെ കണ്ണീരൊപ്പാനും മുന്നിൽ നിന്ന സംഘടനയാണ് ഡബ്ല്യുസിസി. അവർ എപ്പോഴും അഭിനന്ദനം അർഹിക്കുന്നു. അവർക്ക് നമ്മുടെ പിന്തുണയുമുണ്ട്.
ഡബ്ല്യുസിസിയിലെ സ്ഥാപക നേതാക്കളിൽ മുൻ നിരയിൽ നിന്നൊരു നടി ഹേമ കമ്മിറ്റിയിൽ മൊഴി കൊടുത്തത്, സിനിമാ മേഖലയിൽ പീഡനമുൾപ്പെടെയുള്ള സംഭവം കേട്ടുകേൾവി പോലുമില്ലെന്നാണ്. അങ്ങനെ പറയുമ്പോൾ നടിയെ ആക്രമിച്ച കേസുപോലും അവർ അറിഞ്ഞിട്ടില്ലെന്ന ധ്വനി പോലും അതിനകത്തുണ്ട്. അങ്ങനെ ഡബ്ല്യുസിസിക്ക് പണിയും കൊടുത്ത് പതുക്കെ അങ്ങ് സ്‌കൂട്ടായി.
തനിക്ക് നേരെ വരുന്നത് മാത്രം നോക്കിയാൽ മതി, മറ്റുള്ളവർക്ക് സംഭവിച്ചതൊന്നും ബാധിക്കില്ലെന്ന നിലപാടെടുത്ത് അവർ മെല്ലെയങ്ങ് ഒഴിവായി. അവർക്കാർക്കും പൊതുസമൂഹത്തോട് യാതൊരു ബാദ്ധ്യതയുമില്ലെന്നാണല്ലോ നമ്മൾ കരുതേണ്ടത്. എന്നാൽ മലയാള സിനിമയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാവുന്ന നടിയുടെ കാലുമാറ്റം എല്ലാവരെയും അമ്പരപ്പിച്ചു. എന്തിന് ഹേമ കമ്മിറ്റി പോലും അവരുടെ മൊഴി വിശ്വസിക്കേണ്ടെന്ന് എഴുതിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
അവർ ഡബ്ല്യുസിസിയിൽ നിന്ന് പോയെന്നും പറഞ്ഞ് ഡബ്ല്യുസിസിക്ക് ഒരു ചുക്കും സംഭവിക്കില്ല. അവർ മറ്റൊരു സംഘടനയിൽ ഉണ്ടെന്ന് പറഞ്ഞ് ആ സംഘടനയ്ക്ക് ഒരു നേട്ടവുമുണ്ടാകാൻ പോകുന്നില്ലെന്നാണ് സത്യം. ചില സ്ഥാപക നടിമാർ അവർക്കുണ്ടായ ദുരനുഭവങ്ങൾ ഹേമ കമ്മിറ്റിയിൽ പങ്കുവച്ചിട്ടില്ലെന്നത് മറ്റൊരു സത്യം.
സംഘടനയുടെ നേതൃത്വത്തിലുള്ളവർ മറ്റുള്ളവർക്ക് മാതൃക കാണിക്കേണ്ടതാണ് എന്ന് മറക്കരുത്. എനിക്കറിയാവുന്ന ഒരു സംഭവം ഞാൻ വിവരിക്കാം. ഡബ്ല്യുസിസിയുടെ സ്ഥാപക നായിക നടി ഒരു ഷൂട്ടിംഗിനായി ആലപ്പുഴയിലേക്ക് വരുന്നു. ഹോട്ടലിൽ താമസിക്കുന്നു. അവരുടെ റൂമിലെ കാര്യങ്ങൾ നോക്കുന്ന കുട്ടനാട്ടുകാരനായ റൂം ബോയിയോട് ഈ നടി വളരെ അനുകമ്പയോടെയും സഹോദര സ്‌നേഹത്തോടെയും പെരുമാറിയുന്നു.
ഒരു ദിവസം രാത്രിയിൽ ഈ നടി ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളൂ. അന്ന് അർദ്ധരാത്രി ഹോട്ടലിന്റെ കൗണ്ടറിൽ നിന്ന് സ്‌പെയർ കീയെടുത്തുകൊണ്ടുവന്ന് ആ റൂം ബോയ് ഈ നടിയുടെ മുറി തുറക്കുകയാണ്. ഇവൻ അകത്തുകയറി, കട്ടിലിൽ കറിയിരുന്നു. നടി കിടക്കുന്നത് കുറച്ചുനേരം ആസ്വദിച്ചുനിന്ന ശേഷം അവൻ അവരെ മെല്ലെ സ്പർശിച്ചു.നടി ചാടിയെഴുന്നേറ്റു. ഇവന്റെ മുഖം കണ്ടു. പകച്ചുപോയ അവൻ ഇറങ്ങിയോടവേ നടി പിറകെ ഓടി.
അപ്പോഴേക്ക് ഹോട്ടലുകാർ ഉണർന്ന് ആകെ ബഹളമായി. പിന്നെ പൊലീസ് വന്ന് ഇവനെ കസ്റ്റഡിയിലെടുത്തു. കേസെടുത്തു. ആ എഫ് ഐ ആർ ഞാൻ വായിച്ചതാണ്. എന്നാൽ തനിക്കുണ്ടാകുന്ന നാണക്കേട് ഓർത്ത് ആ നടി കേസ് പിൻവലിച്ച്, ഇത് രഹസ്യമായി വയ്ക്കാൻ എല്ലാവർക്കും നിർദേശം നൽകി. ഈ വിവരം അവർ ഹേമ കമ്മറ്റിയിലും ഡബ്ല്യൂസിസിയിലും പറഞ്ഞിട്ടില്ല, ആരോടും പറഞ്ഞിട്ടില്ല. മാഡം നിങ്ങൾക്കിങ്ങനെ അനുഭവമുണ്ടോയെന്ന് ഒരിക്കൽ മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ എനിക്കങ്ങനെ അനുഭവമുണ്ടായിട്ടില്ലെന്ന് അവർ പറയുന്നത് ഞാൻ നേരിട്ട് കേട്ടതാണ്.
ഞാനൊരു കാര്യം ചോദിക്കട്ടെ, ആ റൂം ബോയ്ക്ക് പകരം അവർ അഭിനയിക്കുന്ന സിനിമയിൽ വർക്ക് ചെയ്യുന്ന ഒരാളിൽ നിന്നായിരുന്നെങ്കിൽ അവർ മറച്ചുവയ്ക്കുമായിരുന്നോ? എന്തെല്ലാം പുകിലായേനെ. അവൻ ഇന്ന് വെളിയിൽ ഇറങ്ങുമായിരുന്നോ'-അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |