വാഷിംഗ്ടൺ: വരുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിൽക്ലിന്റണും മോണിക്കാ ലെവിൻസ്‌കിയുമായുള്ള വഴിവിട്ട ബന്ധം സജീവചർച്ചയാവും. ജനസമ്മതിയുള്ള ടെലിവിഷൻ ഷോയായ അമേരിക്കൻ ക്രൈംസ്റ്റോറി സീരീസിന്റെ മൂന്നാംപതിപ്പാണ് വർഷങ്ങൾക്കു മുമ്പുനടന്ന ഈ അവിഹിതം വീണ്ടും സജീവചർച്ചയാക്കുന്നത്. മൂന്നാംപതിപ്പിൽ മോണിക്കക്ലിന്റൺ ബന്ധവും തുടർന്നുള്ള സംഭവങ്ങളും വിശദമായി പ്രതിപാദിക്കും. സംഭവത്തിന്റെ ഒരു തരിമ്പുപോലും വിട്ടുപോകാതിരിക്കാൻ അണിയറ പ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ചിത്രീകരണം ഏറക്കുറെ പൂർത്തിയായെന്നാണ് ലഭിക്കുന്ന സൂചന. അടുത്തവർഷം സെപ്തംബറിൽ ഇതിന്റെ പ്രക്ഷേപണം തുടങ്ങും. നവംബർ ആദ്യത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. മോണിക്കാ ലെവിൻസ്‌കിയാണ് പ്രോഗ്രാമിന്റെ പ്രൊഡ്യൂസറും.
ഒ.ജെ സിംപ്സന് എതിരെ നടന്ന വിചാരണയും ജിയാനി വെഴ്സാക്കിന്റെ കൊലപാതകത്തെയും കുറിച്ചാണ് ക്രൈംസ്റ്റോറിയുടെ ആദ്യരണ്ട് എപ്പിസോഡുകളും ചർച്ചചെയ്തത്. മൂന്നാം എപ്പിസോഡും ഇത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നത്തെക്കുറിച്ചായിരിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. അതിനിടയിലാണ് മൂന്നാംഎപ്പിസോഡിലെ വിഷയം പഴയ അവിഹിതമാണെന്ന വാർത്ത പുറത്തുവന്നത്. സോഷ്യൽമീഡിയയിൽ സംഭവം സജീവചർച്ചയായി. എപ്പിസോഡിലെ വിഷയത്തെക്കുറിച്ച് പൊടിപ്പുംതൊങ്ങലും ചേർത്ത വാർത്തകൾ പുറത്തുവന്നു. ക്ലിന്റനും അദ്ദേഹത്തിന്റെ പാർട്ടിക്കും എതിരെയുള്ള രൂക്ഷ വിമർശനമാണ് എപ്പിസോഡിൽ ഉടനീളം ഉള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിന് സ്ഥിരീകരണം ഇല്ല.
വീണ്ടും അധികാരത്തിലെത്താനുള്ള നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബുദ്ധിയാണ് ഇതിനുപിന്നിലെന്നാണ് പ്രധാന ആരോപണം. ക്ലിന്റൻ പ്രശ്നം വീണ്ടും ചർച്ചയാവുന്നതോടെ തന്റെ ഭരണത്തിലെ പ്രശ്നങ്ങൾ എതിരാളികൾ ചർച്ചയാക്കുന്നത് തടയുകയും അവരെ പ്രതിരോധത്തിലേക്ക് ഒതുക്കുകയുമാണ് ലക്ഷ്യം. എതിരാളികൾ കളത്തിലിറങ്ങി കളിക്കാതാവുമ്പോൾ തനിക്ക് സുഖമായി ജയിക്കാനാവുമെന്നും ട്രംപ് കണക്കുകൂട്ടുകയാണത്രേ.
ആരോപണങ്ങൾ ഒഴിവാക്കാൻ മൂന്നാംപതിപ്പിന്റെ പ്രേക്ഷേപണം നേരത്തേയാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടത്രേ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |