# ഉപ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുതലെടുക്കുമെന്ന്എൽ.ഡി.എഫിൽ ആശങ്ക
തിരുവനന്തപുരം:കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറെ തീയും പുകയും ഉയർത്തിയശേഷം ഏതാണ്ട് കെട്ടടങ്ങിയ തൃശൂർ പൂരം കലക്കൽ വിവാദം വീണ്ടും ആളിക്കത്തിക്കാനുള്ള സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നീക്കം ആസൂത്രിതമെന്ന് വിമർശനം. എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യാകേസിൽ പി.പി. ദിവ്യയ്ക്ക് സംരക്ഷണം നൽകിയതിലൂടെ എതിരായ ജനവികാരത്തിൽ നിന്ന് കരകയറാനാണ് പൂരം വീണ്ടും വിവാദമാക്കി മാറ്റുന്നതെന്ന് ആക്ഷേപമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ ദിവ്യ ചർച്ചാവിഷയമാകുന്നത് പരമാവധി ഒഴിവാക്കാനാണ് ശ്രമം.
പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഇന്നത്തെ വിധിയെ ആസ്പദമാക്കിയാവും തുടർ രാഷ്ട്രീയ ചലനങ്ങൾ. എൻ.സി.പിയുമായി ബന്ധപ്പെട്ട നൂറുകോടിയുടെ കോഴപ്പടക്കം ഏശാത്തതും പുതിയ വിവാദം കുത്തിപ്പൊക്കാൻ പ്രേരിപ്പിച്ചുവെന്നാണ് അനുമാനം. പൂരം കലങ്ങിയിട്ടില്ലെന്ന മട്ടിൽ ആറ് മാസത്തിന് ശേഷം ഉയർത്തുന്ന വാദം നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാർ കൈക്കൊണ്ട നിലപാടിന് വിരുദ്ധമാണ്.
ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഗുണം ചെയ്യില്ലെന്നും ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നും എൽ.ഡി.എഫിൽ ആശങ്കയുണ്ട്. കഴിഞ്ഞ ഏപ്രിലിൽ നടന്ന തൃശൂർ പൂരം എ.ഡി.ജി.പി അജിത് കുമാറിന്റെ മേൽനോട്ടത്തിൽ കലക്കിയതാണ് മേയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി അക്കൗണ്ട് തുറക്കാൻ ഇടയാക്കിയതെന്ന വികാരം സി.പി.ഐയിൽ ഉൾപ്പെടെ ഇപ്പോഴും ശക്തമാണ്. ഏറെ ഒച്ചപ്പാടുകൾക്ക് ശേഷം
എ.ഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുന്നതിനും ഇത് വഴി തെളിച്ചു. പൂരം കലക്കൽ സംഭവം വിശദമായി അന്വേഷിക്കുമെന്നാണ് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇത് സംബന്ധിച്ച ഉന്നതതല പൊലീസ് അന്വേഷണം തുടരുകയുമാണ്.
സി.പി.ഐക്ക് കടുത്ത എതിർപ്പ്
അതിനിടെയാണ്,തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും പൂരത്തിന്റെ ഭാഗമായ വെടിക്കെട്ട് മാത്രമാണ് മുടങ്ങിയതെന്നും മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ തിരുത്തൽ. അതിനെ സി.പി.ഐ കൈയോടെ തള്ളി.പൂരം ശരിയായ രീതിയിൽ നടന്നില്ലെന്നും,അതിന് പിന്നിൽ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടി.മുഖ്യമന്ത്രിയുടെ സ്വരം മാറ്റം കുറ്റക്കാരെ രക്ഷിക്കാനും,ബി.ജെ.പിയെ സഹായിക്കാനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചു.എന്നിട്ടും,മുഖ്യമന്ത്രി തന്റെ പുതിയ വാദത്തിൽ ഉറച്ചു
നിൽക്കുന്നതിന്റെ തെളിവാണ് ഇന്നലെ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാർത്താക്കുറിപ്പ്. സി.പി.എം സംസഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ദേവസ്വം മന്ത്രി വി.എൻ.വാസവനും മുഖ്യമന്ത്രിയുടെ പുതിയ വാദത്തെ ന്യായീകരിക്കുകയും ചെയ്തു. ഇതിലും സി.പി.ഐ കടുത്ത അതൃപ്തിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |