കാഞ്ഞങ്ങാട്: സ്റ്റാർട്ടപ്പ് സംരംഭത്തിന് അനുമതി ലഭിച്ചതോടെ കാസർകോട് വെസ്റ്റ് എളേരി ഭീമനടിയിലെ സെബാസ്റ്റ്യൻ പി.അഗസ്റ്റിൻ ഇളനീരും വിവിധ പഴങ്ങളും ഉപയോഗിച്ച് നിർമ്മിക്കുന്ന വൈൻ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിൽ. ലോകത്ത് തന്നെ ഇളനീരിൽ നിന്ന് വൈൻ നിർമ്മിക്കാനുള്ള പേറ്റന്റ് ലഭിച്ച ഈ റിട്ട.ഡെപ്യൂട്ടിതാഹസീൽദാറിന്റെ വൈനറി വലിയ പ്രതീക്ഷയാണ് മലയോരകർഷകരിൽ ഉയർത്തിയിരിക്കുന്നത്.
ഒരു സ്റ്റാർട്ടപ്പ് സംരംഭം ആയിട്ടാണ് വൈനറി തുടങ്ങുന്നത്. ഭീമനടിയിൽ സ്വന്തം സ്ഥലത്തുള്ള തെങ്ങുകളിലെ ഇളനീരും വിപുലമായി കൃഷി ചെയ്തിട്ടുള്ള ഡ്രാഗൺ ഫ്രൂട്ട്, ചക്ക, പഴം, മാമ്പഴം, പപ്പായ മുതലായ വിവിധ ഇനം ഫല വർഗ്ഗങ്ങളുമാണ് വൈൻ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. മറ്റു കർഷക ഗ്രൂപ്പുകൾ, കുടുംബശ്രീ, ഉത്പാദക സംഘങ്ങൾ എന്നിവരിൽ നിന്നും കൂടുതൽ സംഭരിക്കാനും ലക്ഷ്യമിടുന്നു.
വൈനറി ലൈസൻസ് ലഭിച്ചതറിഞ്ഞു നിരവധി കർഷകരും സംരംഭകരും സെബാസ്റ്റ്യനെ ബന്ധപ്പെടുന്നുണ്ട്.
വരും രണ്ട് വൈനുകൾ
ഇളനീരും പഴങ്ങളും ചേർത്ത് ഇളനീർ വൈനും പഴങ്ങൾ ഉപയോഗിച്ചുള്ള ഫ്രൂട്ട് വൈനും ആണ് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന രണ്ടു ഉത്പന്നങ്ങൾ. വൈനറിയിൽ ദിവസം ഏകദേശം 1000 കരിക്കും 250 കിലോ പഴങ്ങളും ആവശ്യമായി വരും. പ്രതി വർഷം രണ്ടര ലക്ഷം കരിക്ക് വൈൻ നിർമ്മിക്കാൻ ആവശ്യമാണ്. കരിക്കൊന്നിന് 35 രൂപ വച്ച് കൊടുക്കാൻ സാധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.
നിലവിലുള്ള നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സംരംഭങ്ങളുടെ ലിസ്റ്റിൽ വൈൻ നിർമ്മാണം നെഗറ്റീവ് ലിസ്റ്റിൽ ആയതിനാൽ സബ്സിഡിക്ക് വേണ്ടി അപേക്ഷിക്കാനാകില്ല. കാർഷിക ഉൽപന്നങ്ങളിൽ നിന്നും വൈൻ നിർമിക്കുന്ന ചെറുകിട വൈനറികൾക്കു സബ്സിഡി കിട്ടത്തക്ക വിധം നിയമം ഭേദഗതി ചെയ്ത് നെഗറ്റീവ് ലിസ്റ്റിൽ നിന്നും മാറ്റിയാൽ മാത്രമേ കർഷകർക്കും മറ്റു സംരംഭകർക്കും വൈനറി തുടങ്ങാൻ സാധിക്കുകയുള്ളു-സെബാസ്റ്റ്യൻ പി.അഗസ്റ്റിൻ
വഴിതുറന്നത് സർക്കാർ നിലപാട്
കേരള സ്‌മോൾ സ്‌കെയിൽ വൈനറി റൂൾസ് 2022 പാസാക്കിയതോടെയാണ് പഴങ്ങളിൽ നിന്നും വൈൻ നിർമ്മിക്കുന്ന ചെറുകിട വൈനറികൾക്ക് അനുമതിയായത്. കേരളത്തിൽ ചെറുകിട വൈനറി തുടങ്ങാനുള്ള അനുമതി ലഭിക്കുന്ന ആദ്യ കർഷകസംരംഭകനാണ് സെബാസ്റ്റ്യൻ. ഇളനീർ ഉപയോഗിച്ചു വൈൻ നിർമ്മിക്കുന്നതിന് ഇൻഫാം ദേശീയ വൈസ് ചെയർമാൻ കൂടിയായിരുന്ന സെബാസ്റ്റ്യൻ പി അഗസ്റ്റിന് 2007ലാണ് പേറ്റന്റ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |