തട്ടിപ്പുകാർക്കെതിരെ സി.പി.എമ്മിൽ കൂട്ടനടപടി
രണ്ടുപേരെ പുറത്താക്കി, ആറു പേർക്ക് സസ്‌പെൻഷൻ
നേമം: വൻ സാമ്പത്തിക തട്ടിപ്പ് നടന്ന നേമം സർവീസ് സഹകരണ ബാങ്കിൽ വിജിലൻസ് റെയ്ഡ്.നിരവധി സുപ്രധാന രേഖകൾ പിടിച്ചെടുത്തു.ഇന്നലെ രാവിലെ 10ഓടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്.ബാങ്കിലെത്തിയ ഇടപാടുകാരുടെയും രേഖകൾ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധിച്ചു. റെയ്ഡ് രാത്രി 7വരെ നീണ്ടു.
അതേസമയം ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എൽ.എ സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവനുമായി ഫോണിൽ സംസാരിച്ചു.ജോയിന്റ് രജിസ്ട്രാറുടെ പരിശോധനയ്ക്കു ശേഷം റിപ്പോർട്ട് പഠിച്ച് വേണ്ട നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പുനൽകി.ഇരകൾക്കായി പ്രത്യേക പാക്കേജിനെക്കുറിച്ച് ആലോചിക്കുമെന്നും ലോൺ എടുത്തവർക്ക് കുടിശിക നിവാരണത്തിനായി പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞതായി എം.എൽ.എ അറിയിച്ചു.
അതേസമയം തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ സി.പി.എമ്മിൽ കൂട്ടനടപടിയുണ്ടായി.ബാങ്കിന്റെ സെക്രട്ടറിയും നേമം ബ്രാഞ്ച് അംഗവുമായ എ.ആർ.രാജേന്ദ്രൻ,മുൻ സെക്രട്ടറിയും സി.പി.എം വെള്ളായണി ബ്രാഞ്ച് അംഗവുമായ ബാലചന്ദ്രൻ നായർ എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.പത്ത് വർഷം ബാങ്കിന്റെ പ്രസിഡന്റായിരുന്ന നേമം ഏരിയാ കമ്മിറ്റി അംഗം പ്രദീപ്കുമാർ,മുൻ പ്രസിഡന്റും നേമം ലോക്കൽ കമ്മിറ്റി അംഗവുമായ വി.എസ്.ഷാജി,നേമം ലോക്കൽ കമ്മിറ്റിയംഗം ഷഫീറബീഗം,പഴയ കാരയ്ക്കാമണ്ഡപം ബ്രാഞ്ച് സെക്രട്ടറി സുൾഫിക്കർ,പഴയ കാരയ്ക്കാമണ്ഡപം ബ്രാഞ്ച് അംഗം ബീന,കരുമം ബ്രാഞ്ച് അംഗം അഡ്വ.ഉണ്ണികൃഷ്ണൻ എന്നിവരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡും ചെയ്തു.
മന്ത്രിക്ക് നിവേദനം നൽകി
നിക്ഷേപകർക്ക് പണം തിരികെ ലഭിക്കണമെന്നും തട്ടിപ്പിൽ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് നിക്ഷേപ കൂട്ടായ്മ മന്ത്രി വി.എൻ.വാസവന് പരാതി നൽകി.കൂട്ടായ്മ ഭാരവാഹികളായ ശാന്തിവിള മുജീബ് റഹ്‌മാൻ,കൈമനം സുരേഷ് എന്നിവരാണ് നിവേദനം നൽകിയത്.പ്രതിസന്ധി പരിഹരിക്കാൻ ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി മുജീബ് റഹ്മാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |