ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്റെ വിയോഗത്തിലൂടെ യാക്കോബായ സുറിയാനിസഭയ്ക്ക് അതിന്റെ നാഥനെ നഷ്ടമായിരിക്കുന്നു. അവസാന ശ്വാസം വരെയും സഭയ്ക്കും വിശ്വാസികൾക്കുമായി ജീവിതം സമർപ്പിച്ച ആത്മീയാചാര്യനായിരുന്നു ശ്രേഷ്ഠ ബാവ. യാക്കോബായ സഭ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയ വേളയിലാണ് സഭയെ നയിക്കാനായി ബാവ എത്തിയത്. മലങ്കര സുറിയാനിസഭ രണ്ടായപ്പോൾ അന്തോഖ്യാ സിംഹാസനത്തിൽ വിശ്വാസമർപ്പിച്ച് യാക്കോബായസഭ നടത്തിയ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. നീതിതേടി സഭാങ്കണം മുതൽ സെക്രട്ടേറിയറ്റ് വരെ നടത്തിയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. വെല്ലുവിളികളുടെ കാലത്ത് സഭയ്ക്ക് നിയമപരമായ അടിത്തറ ഉറപ്പിക്കുന്നതിലും വലിയ പങ്ക് വഹിച്ചു. രണ്ടു പതിറ്റാണ്ടിലേറെക്കാലം യാക്കാബായ സഭയുടെ ഇടയനായിരുന്നു.
അസാമാന്യമായ ചങ്കൂറ്റവും അടിയുറച്ച വിശ്വാസവും അചഞ്ചലമായ നിലപാടുകളും ബാവയെ എന്നും ശ്രദ്ധേയനാക്കി. ചെറുപ്പം മുതലേ ദൈവവിശ്വാസിയും ആത്മീയവിഷയങ്ങളിൽ ആകൃഷ്ടനുമായിരുന്നു. പള്ളിയിലെ വേദപാഠത്തിലും പ്രാർത്ഥനകളിലും പങ്കെടുത്തു. നാലാം ക്ളാസിൽ പഠനം നിറുത്തേണ്ടിവന്നെങ്കിലും അറിവു നേടുന്നതിലും ആത്മീയജ്ഞാനം കൈവരിക്കുന്നതിലും ഉത്സാഹം കാട്ടിയ തോമസിനെ കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് പൗലോസ് ദ്വിതീയൻ കണ്ടനാട് ഭദ്രാസനത്തിൽ മെത്രാപ്പോലീത്തയായിരുന്ന കാലത്ത് ചേർത്തുപിടിക്കുകയായിരുന്നു. അദ്ദേഹമാണ് തോമസിനെ ആദ്ധ്യാത്മികതയുടെ വെളിച്ചം കാട്ടി പൗരോഹിത്യത്തിന്റെ വിശുദ്ധ പാതയിലേക്കുയർത്തിയത്. ഓമല്ലൂർ മാർ ഇഗ്നേഷ്യസ് ദയറായിൽ വൈദികപഠനം പൂർത്തിയാക്കി.
ആത്മീയ ജീവിതത്തിന്റെ വഴികൾ ദന്തഗോപുരങ്ങളിലല്ല, മനുഷ്യന്റെ നിത്യജീവിതത്തിൽ അവനോടൊപ്പം നടക്കുന്നതിലാണെന്ന് സ്വജീവിതത്താൽ തോമസ് പ്രഥമൻ ബാവ തെളിയിച്ചു. ഒപ്പം വിദേശഭാഷകളിലടക്കം ആർജ്ജിച്ചെടുക്കാവുന്ന അറിവിന്റെ ഔന്നത്യങ്ങളെല്ലാം കയ്യടക്കി. 67 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പ്രഭാഷകൻ, ധ്യാനഗുരു എന്നീ നിലകളിലും വൈശിഷ്ട്യം തെളിയിച്ചു. ബൈബിളിൽ അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. വചനങ്ങൾ കാണാപ്പാഠമായിരുന്നു. അപാരമായ മനുഷ്യസ്നേഹം പ്രകടമാക്കി. ബാവയുടെ പ്രാർത്ഥനകൾ വിശ്വാസികൾക്ക് അമൃതായിരുന്നു.
ഒരിക്കൽ പരിചയപ്പെട്ടവരെ പിന്നീട് കാണുമ്പോൾ പേരു ചൊല്ലി വിളിക്കാനുള്ള ഓർമ്മശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. വിപുലമായ സൗഹൃദവലയമുണ്ടായിരുന്നു. മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് മെമ്പർ വരെ ആ പരിചിത വലയത്തിൽ ഉൾപ്പെട്ടിരുന്നു. ഇതര മതനേതാക്കളുമായും സന്യാസ സമൂഹവുമായും ഉറ്റബന്ധം പുലർത്തി. വാർദ്ധക്യസഹജമായ അസുഖത്താൽ ഭരണച്ചുമതല ഒഴിഞ്ഞ അദ്ദേഹത്തിന്റെ അന്ത്യം 95-ാം വയസിലായിരുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നതു പോലെ അദ്ദേഹം നന്നായി പൊരുതി, ഓട്ടം പൂർത്തിയാക്കി. വിശ്വാസം കാത്തു.
ശ്രേഷ്ഠമായ ആ ഓർമ്മകൾക്കു മുന്നിൽ ഞങ്ങൾ പ്രണാമം അർപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |