ലോകം അറിയുന്ന ഗസൽ മാന്ത്രികൻ എന്ന വിലാസത്തിൽനിന്ന് മലയാള സിനിമയിൽ ആദ്യമായി നായകവേഷത്തിൽ ഹരിഹരൻ . ദയഭാരതി എന്ന ചിത്രത്തിലൂടെയാണ് പുതിയ വേഷപ്പകർച്ച.ഹരിഹരന്റെ ഗസൽ സംഗീത യാത്ര 50 വർഷം പിന്നിടുന്നു. കർണാടക സംഗീതവും ഹിന്ദു സ്ഥാനിയും ഗസലും പാശ്ചാത്യ സംഗീതവും ഒരുപോലെ വഴങ്ങുന്ന ഹരിഹരൻ 'കേരള കൗമുദി"യോട് സംസാരിക്കുന്നു.
ദയഭാരതി സിനിമയിൽ നായകനാകാൻ ആകർഷിച്ചത് എന്ത്?
കഥയാണ് ആകർഷിച്ചത്. കാട്ടിനുള്ളിലെ ആദിവാസി കോളനിയിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഒരു ഏകാധ്യാപികയുടെ കഥയാണ് സിനിമ പറയുന്നത്. ഊരിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും ചൂഷണങ്ങൾക്കെതിരെ ചോദ്യമുയർത്തുകയും ചെയ്ത അധ്യാപിക കൊല്ലപ്പെടുന്നു. തുടർന്ന് അവരുടെ പ്രവർത്തനങ്ങളുടെ തുടർച്ചയുമായി മറ്റൊരു അധ്യാപിക അവിടേക്ക്എത്തുന്നു. യഥാർത്ഥ സംഭവങ്ങളെ സിനിമയായി ആവിഷ്കരിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. ആനവേട്ടയും ഖനനവും പോലെ നിരവധി സാമൂഹിക പ്രശ്നത്തെക്കുറിച്ച് പറയുന്ന സിനിമ. താമസിക്കാൻ നല്ല വീടോ വൈദ്യുതിയോ വെള്ളമോ ഇല്ലാതെ ദുരിതമനുഭവിക്കുന്ന ആദിവാസി ഊരുകളുടെ കഥ. എപ്പോഴും വന്യജീവികളെ പേടിച്ച് ജീവിക്കുന്നവർ.
വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറായ ഹരിഹരന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. അങ്ങനെയാണ് എന്റെ കഥാപാത്രം ഊരിലെ പ്രശ്നങ്ങളിൽ ഇടപെടുന്നത്. എനിക്ക് ഏകദേശം പത്ത് ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അത് ഞാൻ ഒരുപാട് ആസ്വദിച്ചു.ഇതെന്റെ ആദ്യ മലയാളം സിനിമയാണ്. അതിന് മുൻപ് പവർ ഒഫ് വിമൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു.
ഗസൽ സംഗീതത്തോട് ഇത്രമാത്രം ആഭിമുഖ്യം പുലർത്താൻ കാരണം?
എന്റെ ആദ്യ പ്രണയമാണ് ഗസൽ. ഗസലുകൾക്ക് ഈണവും വരികളുമുണ്ട്. ഒരു സാധാരണ ഗാനം പോലെ ഗസൽ പാടാനാകും. മറ്റ് ചില ഗസലുകൾ പൂർണമായും രാഗധാരിയോടെ പാടാം. ഞാൻ ഖയാൽ പഠിച്ചിട്ടുണ്ട്. ഗസലുകളിൽ ഖയാൽ ആലാപനം ഉപയോഗിക്കാൻ കഴിയും. ഞാനൊരു സംഗീത സംവിധായകനുമാണ്. പാടിയ ഗസലുകളെല്ലാം ഞാൻ കമ്പോസ് ചെയ്തതാണ്. ഗസലുകളിൽ എനിക്ക് നൂറ് ശതമാനം സർഗവൈഭവം കാണിക്കാൻ കഴിയും. അതുകൊണ്ടാണ് ഗസലുകൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായത്. ഗസലിന്റെ വരികൾ പ്രശസ്ത കവികളുടെയായിരിക്കും, പക്ഷേ സംഗീത സംവിധാനവും ഇംപ്രൊവൈസേഷനും എന്റേതായിരിക്കും. ഗസലുകൾ ലൈവായി പാടുന്നത് വളരെ മനോഹരമായ ഒരു കലയാണ്. ഗസൽ കേൾക്കുന്ന ഓരോരുത്തരും അത് അവർക്കായി പാടുന്നതാണെന്ന് കരുതും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള സംഭാഷണമാണ് ഗസൽ.
പദ്മശ്രീ ഉൾപ്പെടെ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചതിൽ ഏത് അംഗീകാരത്തിനാണ് കൂടുതൽ തിളക്കം?
അടിസ്ഥാനപരമായി എന്റെ സംഗീതത്തിനാണ് ഈ അവാർഡുകൾ ലഭിച്ചത്, എനിക്കല്ല. എന്റെ സംഗീതം ജനങ്ങൾ അംഗീകരിച്ചു. അവരുടെ അംഗീകാരവും പ്രശംസയുമാണ് എനിക്ക് സംസ്ഥാന, ദേശീയ പുരസ്കാരങ്ങളും പദ്മശ്രീയും നേടിത്തന്നത്. ദൈവത്തിന്റെ അനുഗ്രഹത്തിനും ആരാധകരുടെ സ്നേഹത്തിനും എനിക്ക് ലഭിച്ച അവാർഡുകൾക്കും ഞാൻ നന്ദി പറയുന്നു. ഞാൻ എന്നും വിനീതനായിരിക്കും.
അടുത്ത വർഷം എഴുപത് വയസിലേക്ക് പ്രവേശിക്കുന്നു ?
എനിക്ക് അങ്ങനെയൊരു തോന്നലേയില്ല. വയസ് വെറും സംഖ്യ മാത്രമാണ് എന്നാണ് എന്റെ അഭിപ്രായം. നമ്മൾ വയസിനെക്കുറിച്ച് ചിന്തിക്കാതെ ജീവിക്കണം. നമ്മുടെയുള്ളിലെ കുട്ടിയെ എന്നും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നും ആ കുട്ടിത്തം നമ്മുടെയുള്ളിൽ ഉണ്ടാകണം. അത് ജീവിതത്തെ സന്തോഷപ്രദവും വെല്ലുവിളി നിറഞ്ഞതും അത്ഭുതകരവുമാക്കി മാറ്റുന്നു. അങ്ങനെയാണ് ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നത്. അതാണ് എനിക്ക് എല്ലാവർക്കും നൽകാനുള്ള ഉപദേശം. നിങ്ങൾ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. നല്ല ആരോഗ്യം നിലനിറുത്തുക. നല്ല ആരോഗ്യം ഉള്ളടത്തോളം പ്രായം കൂടുന്നത് നമ്മളെ ബാധിക്കില്ല. അത് ബാധിക്കാതിരുന്നാൽ നമ്മൾ സന്തോഷത്തോടെ ജീവിക്കും.
തിരുവനന്തപുരത്തെ കുറിച്ചുള്ള ഓർമകൾ എന്തൊക്കെ ?
അച്ഛന്റെ കുടുംബം തിരുവനന്തപുരത്താണ്. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പുറകിലെ പുത്തൻ തെരുവിലായിരുന്നു അച്ഛന്റെ വീട്. ഞാനും അച്ഛനും അമ്മയും ബോംബയിലായിരുന്നു താമസം. അച്ഛൻ ഭാഗവതരായിരുന്നു. ഷൺമുഖാനന്ദ സ്കൂൾ ഒഫ് മ്യൂസിക്കിന്റെ പ്രിൻസിപ്പൽ. അച്ഛന്റെ വിദ്യാർത്ഥിയായിരുന്നു അമ്മ. എല്ലാ അവധിക്കാലത്തും തിരുവനന്തപുരത്തേക്ക് ട്രെയിനിൽ പോകുമായിരുന്നു. പുത്തൻ തെരുവിന് അടുത്തുള്ള ശിവ ക്ഷേത്രത്തിൽ പ്രസാദം വാങ്ങാൻ ഓടുമായിരുന്നു. ഒരുപാട് ക്ഷേത്രങ്ങൾ ഓർമയിലുണ്ട്. കടയിൽ പോയി മിഠായി വാങ്ങി കഴിക്കുന്നതും നേന്ത്രപഴം കഴിക്കുന്നതും ചിപ്സ് കഴിക്കുന്നതും ഓർക്കുന്നു. ഇപ്പോഴും എനിക്ക് തിരുവനന്തപുരത്ത് പോകുന്നത് ഇഷ്ടമാണ്. തിരുവനന്തപുരം ഒരു നൊസ്റ്റാൾജിയയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |