കേരളീയ നവോത്ഥാന ചരിത്രത്തിൽ സ്വന്തമായൊരു സ്ഥാനം അടയാളപ്പെടുത്തിയ നവോത്ഥാന നായകനായിരുന്നു ഡോ.പി പല്പു. കാലങ്ങളായി കേരളത്തിൽ നിലനിന്ന ജാതിവ്യവസ്ഥയ്ക്കും അനാചാരത്തിനും അസമത്വത്തിനും അസ്വാതന്ത്ര്യത്തിനുമെതിരെ ശ്രീനാരായണ ഗുരുവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന നവോത്ഥാന പ്രവർത്തനത്തിന്റെ ഫലമായി ഉയർന്നുവന്ന നേതാക്കളിൽ പ്രമുഖസ്ഥാനീയനായ ഡോ. പല്പുന്റെ 161ാം ജന്മവാർഷിക ദിനമാണ് ഇന്ന്.
പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയും അഗ്നിപാതകൾ താണ്ടിയും സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ച് സാമൂഹികസമത്വം എന്ന സങ്കൽപം യാഥാർത്ഥ്യമാക്കുന്നതിൽ ഡോ. പല്പു വഹിച്ച പങ്ക് ചരിത്രപരവും സമാനതകളില്ലാത്തതുമാണ്. അടിച്ചമർത്തപ്പെട്ട പിന്നാക്കക്കാരുടെ അവകാശങ്ങൾക്കായി നിലകൊളളുകയും സന്ധിയില്ലാ സമരത്തിലുടെ അത് നേടിയെടുക്കുകയും ചെയ്ത പല്പു ലക്ഷ്യസാദ്ധ്യത്തിനായി ഏതറ്റം വരെ പോകാനും മടി കാട്ടാത്ത കർമ്മയോഗിയായിരുന്നു. ഒരു ലക്ഷ്യം നിശ്ചയിച്ചാൽ അത് സാദ്ധ്യമാക്കാതെ വിശ്രമിക്കുന്ന ശീലം അദ്ദേഹത്തിനില്ല.
സാമൂഹിക അസമത്വത്തിനെതിരായ അദ്ദേഹത്തിന്റെ പോരാട്ട കാലത്ത് തിരുവിതാംകൂറിൽ സർക്കാർ സർവീസിൽ ഈഴവ സമുദായത്തിൽപ്പെട്ട ഒരാൾക്ക് പോലും പ്രാതിനിദ്ധ്യമുണ്ടായിരുന്നില്ല. 'നിശബ്ദ വിപ്ലവകാരി' എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച ഡോ. പത്മനാഭൻ പല്പു എന്ന ഡോ. പല്പുവിന്റെ ജനനം 1863 നവംബർ 2 ന് തിരുവനന്തപുരം പേട്ട നെടുങ്ങോട് കുടുംബത്തിലായിരുന്നു. 1884 ൽ മദ്രാസ് മെഡിക്കൽ കോളേജിന്റെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് ലഭിച്ച പല്പുവിന് ഈഴവനായിപ്പോയെന്ന ഒറ്റ കാരണത്താൽ കേരളത്തിൽ പ്രവേശനം നിഷേധിച്ചു. തുടർന്ന് മദ്രാസിലെത്തി മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1888 ൽ മെഡിക്കൽ ബിരുദമെടുത്ത പല്പു തിരുവിതാംകൂറിൽ ജോലിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. റസിഡന്റിനു നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്ന് മദ്രാസ് സർക്കാരിനു കീഴിൽ വാക്സിൻ സൂപ്രണ്ടായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
ആരോഗ്യരംഗത്ത് സജീവമായി നിൽക്കുമ്പോഴും പിന്നാക്ക സമുദായത്തിൽ പിറന്നു എന്ന കാരണത്താൽ ജന്മനാട്ടിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പല്പുവിനെ ആഴത്തിൽ വേദനിപ്പിച്ചിരുന്നു. നായർ സമുദായത്തിൽ പെട്ട 800 പേർ സർവീസിലുളളപ്പോൾ പരദേശി ബ്രാഹ്മണർ 13,000 ഓളമുണ്ടായിരുന്നു. ഇക്കാര്യത്തിൽ ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡോ. പല്പു മൂന്നാമത്തെ പേരുകാരനും ഒപ്പുകാരനുമായി സമർപ്പിച്ച 'മലയാളി മെമ്മോറിയൽ' എന്ന നിവേദന സമരത്തിന്റെ പ്രയോജനം സിദ്ധിച്ചത് നായർ വിഭാഗത്തിനായിരുന്നു. കേരളത്തിലെ ഈഴവരുടെ ജീവിതം ദുസഹമാക്കുന്ന സാമൂഹിക ദുരാചാരങ്ങളെ പരാമർശിച്ച് അദ്ദേഹം ഇന്ത്യയിലെ ഇംഗ്ളീഷ് ദിനപ്പത്രങ്ങളിൽ നിരവധി ലേഖനങ്ങളെഴുതി. തിരുവിതാംകൂർ മഹാരാജാവിന് 1891ൽ സമർപ്പിച്ച മലയാളി മെമ്മോറിയൽ സാമൂഹിക നീതി ലഭ്യമാക്കാനുള്ള മുന്നേറ്റമായി. ഡോ.പല്പു മൂന്നാമനായി ഒപ്പുവച്ച് സമർപ്പിച്ച ഹർജിക്ക് മറുപടിയായി 1891 ഏപ്രിൽ 21 ന് സർക്കാർ നൽകിയ മറുപടി അനുകൂലമായിരുന്നില്ല. ഭൂരിപക്ഷം ജനങ്ങളോടുമുള്ള സർക്കാരിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റം ഒഴിവാക്കാനുള്ള ഏക വഴി ഒത്തൊരുമിച്ചുളള പ്രതിഷേധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു ഭീമഹർജി സർക്കാരിനു സമർപ്പിക്കാൻ ഒപ്പു ശേഖരണം നടത്തി. 1896 സെപ്തംബർ 3 ന് സമർപ്പിച്ച 13,176 പേർ ഒപ്പിട്ട ഭീമഹർജിയാണ് ചരിത്രത്തിലിടം നേടിയ 'ഈഴവ മെമ്മോറിയൽ'.
തിരുവിതാംകൂറിൽ സർക്കാർ സർവീസിൽ അഞ്ചുരൂപയ്ക്ക് മുകളിൽ ശമ്പളമുള്ള ഒരു ജോലിയും അന്ന് ഈഴവർക്ക് ലഭിക്കുമായിരുന്നില്ല. ഡോ. പല്പുവിന്റെ ജോലി സാദ്ധ്യതയും അന്നത്തെ ദിവാൻ തള്ളിക്കളഞ്ഞിരുന്നു. ജനിച്ച മണ്ണിൽ തന്നോടും സമുദായത്തോടും കാട്ടിയ അനീതിക്കെതിരായ പോരാട്ടത്തിൽ അദ്ദേഹം മുന്നണിപോരാളിയായി. ഈഴവരെ സംഘടനയിലൂടെ ശക്തരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.
'നിങ്ങളുടെ നാട്ടിൽ നിന്നു തന്നെ ഒരു ആദ്ധ്യാത്മിക ഗുരുവിനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരിക്കും ഫലപ്രദം' എന്ന് സ്വാമി വിവേകാനന്ദൻ നൽകിയ ഉപദേശമാണ് അദ്ദേഹത്തെ ശ്രീനാരായണഗുരു സന്നിധിയിലെത്തിച്ചത്. പല്പുവിന്റെ ആശയങ്ങളും കർമ്മപരിപാടികളും ഗുരുവിന് ഇഷ്ടമായതിനൊപ്പം ഗുരുവിന്റെ അഭൗമ ചൈതന്യം ഡോ.പല്പുവിനെയും സ്വാധീനിച്ചു. സാമൂഹികനീതി ലഭ്യമാക്കാനുള്ള പരിശ്രമത്തിന്റെ ഫലമായി 1903 മേയ് 15 ന് ഗുരുവിന്റെ ആശീർവാദത്തോടെയും അനുഗ്രഹത്തോടെയും ശ്രീനാരായണധർമ്മ പരിപാലന യോഗം ജന്മമെടുത്തു. അരുവിപ്പുറത്ത് ഗുരു പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്ര വളപ്പിലെ മാമരച്ചുവട്ടിൽ ആ ചരിത്ര നിയോഗത്തിന് വേദിയായി. ശ്രീനാരായണഗുരു സ്ഥിരാദ്ധ്യക്ഷനും ഡോ. പല്പു ഉപാദ്ധ്യക്ഷനും, കുമാരനാശാൻ സെക്രട്ടറിയുമായി യോഗം പ്രവർത്തനം ആരംഭിച്ചു.സാമുദായിക സമത്വത്തിനായുള്ള സംഘടിതയജ്ഞം കേരളത്തിലാദ്യമായുണ്ടാകുന്നത് എസ്.എൻ.ഡി.പി യോഗത്തിന്റെ ആരംഭത്തോടെയാണ്.
സാമൂഹ്യ പരിഷ്‌ക്കർത്താവെന്ന നിലയിൽ ഡോ.പല്പുവിന്റേതടക്കമുള്ളവരുടെ പരിശ്രമ ഫലമായാണ് പിന്നാക്കസംവരണം ഭാഗികമായെങ്കിലും നേടാനായത്. സംവരണവിഷയത്തിൽ കഴിഞ്ഞകാലങ്ങളിൽ നിലനിന്ന നിയമങ്ങൾ പിന്നാക്കക്കാരന് അനുകൂലമെന്ന് ഫലത്തിൽ തോന്നാമെങ്കിലും ദീർഘകാലം ജാതിസംവരണം ലഭിച്ചിട്ടും ഇന്നും പിന്നാക്കക്കാർക്ക് സർക്കാർ സർവീസിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. മതന്യൂനപക്ഷങ്ങൾ അടക്കമുളളവർക്ക് ഇക്കാര്യത്തിൽ ബഹുദൂരം സഞ്ചരിക്കാൻ കഴിഞ്ഞിട്ടും പിന്നാക്കവിഭാഗങ്ങളുടെ സ്ഥിതി അതിദയനീയമാണ്. പിന്നാക്കക്കാർ എല്ലാം നേടിക്കഴിഞ്ഞുവെന്നും ഇനി ജാതിസംവരണം ആവശ്യമില്ലെന്നുമുളള മട്ടിൽ തെറ്റായ പ്രചരണം അഴിച്ചുവിടുകയാണ് ചിലർ. വളരെ ബോധപൂർവമായ ഒരു അജണ്ടയുടെ അടിസ്ഥാനത്തിൽ ചിലർ നടത്തുന്ന കരുനീക്കങ്ങളായി മാത്രമേ ഇതിനെ കാണാനാകൂ. കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വർഷമായിട്ടും ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾക്ക് സാമൂഹികനീതി പൂർണമായും ഉറപ്പാക്കുന്നതിലും നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും മാറിമാറി വന്ന സർക്കാരുകൾക്ക് കഴിയുന്നില്ല.
ഡോ.പല്പുവിന്റെ നേതൃത്വത്തിൽ നടത്തിയ സമാനതകളില്ലാത്ത പോരാട്ടം തുടരേണ്ടതുണ്ടെന്നാണ് വർത്തമാനകാല അനുഭവങ്ങളും യാഥാർത്ഥ്യങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും അർഹമായ പങ്കാളിത്തം ലഭിക്കും വിധം സാമൂഹ്യനീതി നടപ്പിലാക്കണമെന്ന് മാത്രമാണ് എസ്.എൻ.ഡി.പി യോഗം ആവശ്യപ്പെടുന്നത്. ഡോ. പല്പു മുന്നോട്ട് വച്ച വാദഗതിയും ഇതുതന്നെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |