തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് 817.8കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) അനുവദിക്കുന്നതിന് കേന്ദ്രം ഉപാധിവച്ചെങ്കിലും അതൊന്നും ഗൗനിക്കാതെ തുറമുഖം കമ്മിഷൻ ചെയ്യാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.
കേന്ദ്രം 817.8 കോടി അനുവദിച്ചാൽ വ്യവസ്ഥപ്രകാരം തുല്യമായ തുക സംസ്ഥാനവും അദാനി ഗ്രൂപ്പിന് നൽകേണ്ടതുണ്ട്. സാമ്പത്തിക ഞെരുക്കത്തിലായതിനാൽ സംസ്ഥാന വിഹിതം ഉടൻ നൽകുമെന്ന് ഉറപ്പില്ല. രണ്ടുവിഹിതവും ചേർത്തുള്ള 1635.6 കോടി രൂപയ്ക്കുവേണ്ടി സമയം പാഴാക്കാനില്ലെന്നാണ് അദാനിഗ്രൂപ്പിന്റെ നിലപാട്.
ട്രയൽ റണ്ണിൽ ഒക്ടോബറിൽ മാത്രം 27കപ്പലുകളെത്തിച്ചു. ഡിസംബറിൽ കമ്മിഷനിംഗിന് കേന്ദ്രാനുമതി കാത്തിരിക്കുകയാണ്.
രാജ്യത്ത് ആദ്യമായി വിഴിഞ്ഞത്തിനാണ് വി.ജി.എഫ് നൽകാൻ തീരുമാനിച്ചത്. വിശദമായ ചർച്ചകൾക്കുശേഷം 2014ൽ കേന്ദ്രധനമന്ത്രാലയം ഇറക്കിയ ഉത്തരവിൽ അതിന്റെ വ്യവസ്ഥകളും വ്യക്തമാക്കിയിരുന്നു. കേന്ദ്രം തരുന്ന ഫണ്ട് വായ്പയാണെന്നോ തിരിച്ചടയ്ക്കണമെന്നോ അതിൽ പറയുന്നില്ല. കമ്മിഷൻ ചെയ്ത് പത്തു വർഷം പൂർത്തിയായിക്കഴിഞ്ഞുള്ള ആദ്യവർഷം തുറമുഖത്തെ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം സംസ്ഥാന സർക്കാരിന് ലഭിക്കും. തുടർന്നുള്ള ഓരോവർഷവും ഒരു ശതമാനം വീതം കൂടും. ഇതു പരമാവധി 25 ശതമാനം വരെയാകാം.
ഇങ്ങനെ ഓരോ വർഷവും സംസ്ഥാന സർക്കാരിന് കിട്ടുന്ന തുകയുടെ 20 ശതമാനം കേന്ദ്രത്തിന് വേണമെന്നാണ് ഉത്തരവിൽ പറയുന്നത്. 40 വർഷം വരെ ഈ വരുമാനം കിട്ടും. വി.ജി.എഫ് ലഭ്യമാക്കാൻ തുറമുഖ കമ്പനിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളും കരാറൊപ്പിടാനുള്ള ഘട്ടത്തിലാണ് വരുമാനവിഹിതം പങ്കുവയ്ക്കൽ വ്യവസ്ഥ കേന്ദ്രം കടുപ്പിച്ചത്. എന്നാൽ തൂത്തുക്കുടിക്ക് ഈ വ്യവസ്ഥ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി കേരളം എതിർക്കുകയാണ്.
അടുത്തഘട്ടം ചെലവ്
അദാനി മാത്രം
അടുത്തഘട്ടത്തിനുള്ള 9700 കോടി അദാനിയാണ് മുടക്കുന്നത്. അതിന് വി.ജി.എഫില്ല. രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമ്മാണം 2028 ഡിസംബറിനകം പൂർത്തിയാക്കും
തുറമുഖത്തിനുളള 8867കോടിയിൽ 5595കോടി സംസ്ഥാനവും 818കോടി കേന്ദ്രവുമാണ് വഹിക്കുന്നത്. 2028ൽ പൂർത്തിയാവുമ്പോൾ സംസ്ഥാനവും അദാനിയും ചേർന്നുള്ള നിക്ഷേപം 20,000 കോടിയാവും
ഒറ്റത്തവണ ഗ്രാന്റായി
നൽകണം: മുഖ്യമന്ത്രി
വി.ജി.എഫിനെ വായ്പയായി കണക്കാക്കാതെ, ഒറ്റത്തവണ ഗ്രാന്റായി പരിഗണിച്ച് കേരളത്തിന്റെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട്
മുഖ്യമന്ത്രി പിണറായിവിജയൻ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. 817.80 കോടി രൂപയുടെ തിരിച്ചടവ് നടത്തുന്നതിലൂടെ സംസ്ഥാന ഖജനാവിന് 10,000 മുതൽ 12,000 വരെ നഷ്ടമാണ് ഉണ്ടാവുന്നത്. തൂത്തുക്കുടി തുറമുഖത്തിന് കേന്ദ്രസർക്കാർ നൽകിയ അതേ പരിഗണന വിഴിഞ്ഞത്തിനും ഉണ്ടാവണമെന്നും കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |