SignIn
Kerala Kaumudi Online
Sunday, 03 November 2024 4.18 AM IST

സർക്കാർ ഓഫീസുകളിലെ കൂട്ടായ്മ വിലക്ക്

Increase Font Size Decrease Font Size Print Page
office

സർക്കാർ ഓഫീസുകളെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള പ്രധാന പരാതികളിലൊന്ന് ജീവനക്കാർ സ്വസ്ഥാനങ്ങളിൽ പലപ്പോഴും കാണുകയില്ലെന്നതാണ്. നേരിട്ട് ഓഫീസുകളിൽ ചെന്ന് വിവരങ്ങൾ തിരക്കേണ്ടതില്ലാത്തവിധം ഇ - സേവനങ്ങൾ വിപുലീകരിച്ചിട്ടുണ്ടെന്നുള്ളത് ശരിയാണ്. എന്നിരുന്നാലും സേവനം വേഗം ലഭിക്കാൻ നേരിട്ടുള്ള സന്ദർശനം പലപ്പോഴും ആവശ്യമായി വരാറുണ്ട്. ഓഫീസുകൾക്കു മുൻപിൽ സേവനാവകാശങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ എഴുതി പ്രദർശിപ്പിക്കാറുണ്ട്. ഓരോ അപേക്ഷയിലും എത്ര ദിവസത്തിനകം തീരുമാനമുണ്ടാകുന്ന വിവരവും രേഖപ്പെടുത്തിയിരിക്കും. എന്നാൽ മിക്കവാറും സന്ദർഭങ്ങളിലും നോട്ടീസ് ബോർഡിലുള്ള അറിയിപ്പു പ്രകാരമാവില്ല കാര്യങ്ങൾ നടക്കാറുള്ളത്. കൃത്യവും ആത്മാർത്ഥവുമായ സേവനം നൽകുന്ന കാര്യത്തിൽ പല സർക്കാർ ഓഫീസുകളും ഇപ്പോഴും വളരെ പിന്നിലാണ്. പ്രത്യേകിച്ചും ജനങ്ങൾ കൂടുതലായി ഇടപെടേണ്ടിവരുന്ന ഓഫീസുകളിൽ.

സർവീസ് സംഘടനകളുടെ പെരുപ്പം കാരണം ജീവനക്കാർ അധികൃതമായും അനധികൃതമായും പ്രവൃത്തി സമയങ്ങളിൽ ഓഫീസുകളിൽ നിന്നു വിട്ടുനിൽക്കുന്നത് പതിവാണ്. വ്യക്തിപരമായ ആവശ്യങ്ങൾക്കോ സംഘടനാ കാര്യങ്ങൾക്കോ സഹപ്രവർത്തകരുടെ വിവിധങ്ങളായ ആവശ്യങ്ങൾക്കോ വേണ്ടി പുറത്തു പോകേണ്ടിവരുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനു പുറമെ ഇടക്കാലത്ത് രൂപംകൊണ്ട സൗഹൃദ കൂട്ടായ്‌മകൾ ഓഫീസുകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഭരണപരിഷ്കാര വകുപ്പ് ഇത്തരം കൂട്ടായ്മകൾ വിലക്കിക്കൊണ്ട് രണ്ടുദിവസം മുൻപ് ഉത്തരവിറക്കിയത്. വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്‌മകളും സാംസ്കാരിക പരിപാടികളും വർദ്ധിച്ചുവരുന്ന സാഹചര്യം ഇപ്പോഴുണ്ട്. ഒരേ ഓഫീസിൽത്തന്നെ ഇത്തരം നിരവധി കൂട്ടായ്മകൾ സജീവമായതിനാൽ പ്രവൃത്തിസമയത്ത് ഇക്കൂട്ടരുടെ അഭാവം ഓഫീസ് പ്രവർത്തനത്തെ ബാധിക്കാറുണ്ട്. ആളില്ലാ കസേരകളുടെ എണ്ണം കൂടുന്നതോടെ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളാണ് കഷ്ടത്തിലാവുന്നത്. സാമൂഹ്യമാദ്ധ്യമങ്ങൾ വ്യാപകമായതോടെ നാലഞ്ചുപേർ ചേർന്നാലും കൂട്ടായ്മ സാദ്ധ്യമായിട്ടുണ്ട്. സാംസ്കാരിക ഒത്തുചേരലുകൾക്കു പുറമെ യാത്രകളും മറ്റു വിനോദ പരിപാടികളും ഇതിന്റെ ഭാഗമാണ്. ഇതൊക്കെ തെറ്റായ കാര്യങ്ങളല്ലെങ്കിലും ഓഫീസിലെ പ്രവൃത്തിസമയത്ത് ഇതിനൊക്കെ പോകുന്നത് സേവനം കാത്തിരിക്കുന്ന ജനങ്ങളുടെ അവകാശ നിഷേധമായേ കരുതാനാവൂ. കൂട്ടായ്മകൾ വിലക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചത് ജീവനക്കാർ തന്നെയാണെന്നതാണ് എടുത്തുപറയേണ്ട കാര്യം.

കൂട്ടായ്‌മകൾക്കും ഒത്തുചേരലിനും ആരും എതിരല്ല. അതിനുള്ള സർവ സ്വാതന്ത്ര്യ‌വും ജീവനക്കാർക്കുണ്ട്. എന്നാൽ ജോലിസമയം അതിനായി വിനിയോഗിക്കുമ്പോഴാണ് പ്രശ്നം ഉടലെടുക്കുന്നത്. സർക്കാർ ജീവനക്കാർക്ക് അവധി ദിനങ്ങൾ വേണ്ടത്ര ലഭിക്കുന്നുണ്ട്. സാംസ്കാരിക പരിപാടികളും സൗഹൃദ കൂട്ടായ്മയുമൊക്കെ ഒഴിവുദിന പരിപാടികളാക്കാവുന്നതാണ്. കൂടുതൽ സ്വാതന്ത്ര്യ‌ത്തോടെ അപ്പോൾ അത്തരം പരിപാടികളിൽ താത്പര്യമുള്ളവർക്കെല്ലാം പങ്കെടുക്കാനും സാധിക്കും. പ്രവൃത്തി സമയം വൃഥാ പാഴാവുകയുമില്ല. സർക്കാർ ജീവനക്കാർ ഇന്ന് സമൂഹത്തിൽ ഭാഗ്യശാലികളായാണ് കരുതിപ്പോരുന്നത്. കഠിന പ്രയത്നത്തിലൂടെയാണ് ഓരോ ജീവനക്കാരനും സർവീസിൽ കയറുന്നത്. മാന്യമായ ശമ്പളവും സുരക്ഷിതമായ സേവന വ്യവസ്ഥകളുമെല്ലാമുള്ള സർക്കാർ ജീവനക്കാരിൽ നിന്നു ജനങ്ങൾ കാലതാമസമില്ലാത്ത സേവനമാണു പ്രതീക്ഷിക്കുന്നത്. ചുവപ്പുനാടകൾ പഴമയുടെ പ്രതീകമായി മാറിക്കഴിഞ്ഞെങ്കിലും അത് പുതുരൂപത്തിലും ഭാവത്തിലും ഓരോ ഓഫീസിനോടൊപ്പം തന്നെയുണ്ട്. വകുപ്പു കൂട്ടായ്മകളും സാംസ്കാരിക സൗഹൃദങ്ങളും സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയം അപഹരിക്കരുത്. അതുകൊണ്ടാണ് കൂട്ടായ്മകൾ വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെ പൊതുജനങ്ങൾ രണ്ടു കൈയും നീട്ടി സ്വാഗതം ചെയ്യുന്നത്. ജീവനക്കാരുടെ മേശപ്പുറത്തെത്തുന്ന ഓരോ കടലാസും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി കൂടക്കൂടെ ഓർമ്മപ്പെടുത്തുന്നത് വെറുതെയല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.