SignIn
Kerala Kaumudi Online
Thursday, 26 December 2024 3.50 PM IST

പുനരധിവാസം; മുണ്ടകൈയിൽ കവളപ്പാറ ആവർത്തിക്കരുത്

Increase Font Size Decrease Font Size Print Page
mpm

ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സകലതും നഷ്ടപ്പെട്ട മനുഷ്യർ കഴിഞ്ഞ ദിവസം വയനാട് കളക്ടറേറ്റിന് മുന്നിൽ പുനരധിവാസം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ധർണ നടത്തിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായി മൂന്ന് മാസം പിന്നിടുമ്പോൾ തന്നെ ദുരന്തബാധിതർ സമരവുമായി രംഗത്തിറങ്ങാൻ നിർബന്ധിതരാവുന്നു എന്നത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഭരണകൂടങ്ങളും സംവിധാനങ്ങളും ദുരന്തബാധിതരോട് കാണിക്കുന്ന അനീതി നിലമ്പൂർ കവളപ്പാറ ദുരന്തത്തിലെ ഇരകൾ ഇന്നും നേരിടുന്നുണ്ട്. ദുരന്തമുണ്ടായി അഞ്ച് വർഷം പിന്നിടുമ്പോഴും പുനരധിവാസവുമായി ബന്ധപ്പെട്ട് ഇരകളിൽ പലരും കോടതി കയറിയിറങ്ങുകയാണ്.
പുനരധിവാസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിക്കാട്ടി ദുരന്തം നടന്ന് നാലാം മാസം തന്നെ കവളപ്പാറക്കാർക്ക് സമരം ചെയ്യേണ്ടി വന്നിരുന്നു. യാതൊരു നടപടിയുണ്ടായില്ല, ആറുമാസം പിന്നിട്ടിട്ടും പുനരധിവാസം പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ കവളപ്പാറക്കാർക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. പുനരധിവാസം വേഗത്തിലാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. എന്നിട്ടും മൂന്ന് വർഷമെടുത്തു പുനരധിവാസം പൂർത്തിയാവാൻ. സർക്കാരിന്റേയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും നേതൃത്വത്തിലാണ് കവളപ്പാറയിൽ വീടുകൾ നിർമ്മിച്ചു നൽകിയത്. ഇതിൽ ആദിവാസികൾക്കായി സർക്കാർ നിർമ്മിച്ച വീടുകൾ സംബന്ധിച്ച ആക്ഷേപം കെട്ടടങ്ങിയിട്ടില്ല.

ദുരിതത്തിൽ ആദിവാസികൾ

2019 ആഗസ്റ്റ് എട്ടിന് തോരാമഴയിൽ കവളപ്പാറയിലെ മുത്തപ്പൻ മല നെടുകെ പിളർന്ന് കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലിൽ ഒരു ഗ്രാമത്തേയും 59 ജീവനുകളുമാണ് കവർന്നെടുത്തത്. 11 പേരെ ഇനിയും കണ്ടെത്താനിയിട്ടില്ല. കവളപ്പാറ കോളനി ഒന്നാകെ നാമാവശേഷമായി. ആദിവാസി കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നവരിൽ നല്ലൊരു പങ്കും. എന്നാൽ ഏറ്റവും അവസാനം പുനരധിവാസം പൂർത്തിയായത് ആദിവാസികൾക്കാണ്!. മറ്റ് വിഭാഗങ്ങളിലുള്ളവർക്ക് രണ്ട് വർഷത്തിനകം വീടുകൾ ലഭിച്ചപ്പോൾ, മൂന്ന് വർഷം പോത്തുകല്ലിലെ ഓഡിറ്റോറിയത്തിൽ ഒരുക്കിയ താത്ക്കാലിക പുനരധിവാസ കേന്ദ്രത്തിൽ അസൗകര്യങ്ങൾക്ക് നടുവിൽ കഴിയേണ്ടിവന്നു കാടിന്റെ മക്കൾക്ക്. 32 കുടുംബങ്ങൾക്ക് കഴിയാനുള്ള സൗകര്യമൊന്നും ക്യാമ്പിൽ ഉണ്ടായിരുന്നില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും മതിയായ സൗകര്യം ഉണ്ടായിരുന്നില്ല എന്നത് ചില്ലറ ദുരിതമൊന്നുമല്ല അവർക്ക് സമ്മാനിച്ചത്. സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കാൻ പോലും പ്രത്യേക സൗകര്യങ്ങൾ ക്യാമ്പിലുണ്ടായിരുന്നില്ല. വസ്ത്രം മാറാൻ പോലും പ്രയാസപ്പെടേണ്ട അവസ്ഥ. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചതോടെ ആണ് വൈകിയെങ്കിലും വീട് ഉറപ്പായത്.

ദുരന്തബാധിത‌ർക്കായി സുമനസുകളുടേയും സ്ഥാപനങ്ങളുടെയും സഹായത്തോടെ നിർമ്മിച്ച വീടുകളിൽ അത്യാവശ്യ സൗകര്യങ്ങളെല്ലാം ഉണ്ടെന്നിരിക്കെ ആദിവാസികൾക്കായി നിർമ്മിച്ച വീടിന്റെ അവസ്ഥയിതല്ല. റോഡ്,​ കുടിവെള്ളം,​ മാലിന്യ നിർമ്മാർജ്ജനം എന്നിവയ്ക്കൊന്നും മതിയായ സൗകര്യങ്ങൾ ഒരുക്കാതെയാണ് വീടുകൾ നിർമ്മിച്ചത്. ഇന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. ആരും ചോദിക്കാൻ വരില്ലെന്ന ധൈര്യമാവാം കാടിന്റെ മക്കളോട് നിരന്തരം അനീതി പുലർത്താൻ ഭരണകൂടങ്ങൾക്ക് ശക്തിയേകുന്നത്. ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം ഏറെ വൈകിയിട്ടും മുഖ്യധാര രാഷ്ട്രീയ പാർട്ടികളൊന്നും ഈ ആവശ്യമുയർത്തി സമരരംഗത്തേക്ക് വന്നിരുന്നില്ല.

കവളപ്പാറ ദുരന്തം നടന്ന 200 മീറ്റർ ചുറ്റളവിലുള്ള 108 കുടുംബങ്ങൾക്കാണ് ആദ്യഘട്ട പുനരധിവാസമെന്നോണം വീടുകൾ നിർമ്മിച്ച് നൽകിയത്. പ്രതിഷേധത്തെ തുടർന്ന് 25 കുടുംബങ്ങളെയും കൂടി പട്ടികയിൽ ഉൾപ്പെടുത്തി വീടൊരുക്കി. ഇതിൽതന്നെ സംസ്ഥാന സർക്കാരിന്റെ ആറ് ലക്ഷം രൂപ വീതം ഉപയോഗിച്ച് 33 കുടുംബങ്ങളുടെ പേരിൽ ഭൂദാനത്ത് വാങ്ങിയ ഭൂമിയിൽ വീട് വെച്ച് നൽകിയത് വ്യവസായി എം.എ യൂസഫലി ആണ്. സർക്കാർ സ്ഥലം ഉറപ്പാക്കിയതോടെ 30 ഓളം വീടുകൾ ഫെഡറൽ ബാങ്കും നിർമ്മിച്ചു നൽകി. വിവിധ സംഘടനകൾ ഉൾപ്പെടെ വാഗ്ദാനം ചെയ്ത വീടുകളുടെ കണക്കിലെടുത്താൽ 600 ഓളം വരും. സഹായിക്കാൻ സുമനസ്സുകൾ ഏറെ ഉണ്ടായിട്ടും പുനരധിവാസം വൈകിയത് ഭരണ സംവിധാനങ്ങളുടെ അലംഭാവത്തിന്റെ നേർസാക്ഷ്യം കൂടിയാണ്.

വേണം ഇവർക്കും പുനരധിവാസം

ദുരന്ത ഭൂമിക്ക് സമീപത്തെ കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കണമെന്ന ആവശ്യം ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല. ദുരന്ത ഭീഷണി നേരിടുന്ന മുത്തപ്പൻകുന്നിന് 200 മീറ്റർ ചുറ്റളവിലുള്ള 186 കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചപ്പോഴും ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ പേറി ദുരന്തഭൂമിയുടെ പരിസരപ്രദേശങ്ങളിൽ ഭീതിയോടെ കഴിയാൻ വിധിക്കപ്പെട്ടിരിക്കുകയാണ് 72 കുടുംബങ്ങൾ. മഴയൊന്ന് ശക്തിപ്രാപിച്ചാൽ ദുരന്തം വിളിപ്പാടകലെയുണ്ടെന്നും പൂർണ്ണ പുനരധിവാസം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. 25 ആദിവാസി കുടുംബങ്ങളും 30 ജനറൽ വിഭാഗം കുടുംബങ്ങളും മുത്തപ്പൻമലയ്ക്ക് താഴ്വാരത്തും ശേഷിക്കുന്ന 17 കുടുംബങ്ങൾ കവളപ്പാറ തോടിന് ഇരുവശങ്ങളിലുമായാണ് താമസിക്കുന്നത്. മുത്തപ്പൻ മലയുടെ 40 ശതമാനം മാത്രമാണ് ഇടിഞ്ഞിട്ടുള്ളത്. ശേഷിക്കുന്ന ഭാഗം ഏതു നിമിഷവും ഇടിയാമെന്ന മുന്നറിയിപ്പോടെ നിലനിൽക്കുന്നുണ്ട്. മഴ കനത്താൽ പ്രദേശവാസികൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാനുള്ള അധികൃതരുടെ ഉത്തരവെത്തും. മഴയൊന്ന് അടങ്ങിയാൽ തിരികെ തങ്ങളുടെ സ്വന്തം മണ്ണിലേക്ക്. ദുരന്തത്തിന് ശേഷമുള്ള പതിവ് കാഴ്ചയാണിത്. ദുരന്തപ്രദേശം കാട് പിടിച്ച് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായിട്ടുണ്ട്. ജനവാസ പ്രദേശങ്ങളിലേക്കും ആനകളെത്തുന്നുണ്ട്. വയനാട്ടെ ദുരന്തബാധിതർക്ക് തങ്ങളുടെ ഗതി വരരുതെന്ന മനമുരുകിയുള്ള പ്രാർത്ഥനയിലാണ് കവളപ്പാറ ദുരന്തത്തിലെ ഇരകൾ.

TAGS: KAVALAPPARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.