SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.00 PM IST

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് നിഷ്പക്ഷമല്ല, നിയമ വഴി തേടും

Increase Font Size Decrease Font Size Print Page
congressa

ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ തള്ളുകയും വിമർശിക്കുകയും ചെയ്‌ത തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് രംഗത്ത്. കമ്മിഷൻ നിഷ്‌പക്ഷമല്ലെന്നും ആരോപണങ്ങൾക്കെതിരെ നിയമ വഴിയിൽ നീങ്ങുമെന്നും കാട്ടി കെ.സി.വേണുഗോപാൽ, അശോക് ഗെലോട്ട്, അജയ് മാക്കൻ തുടങ്ങി ഒമ്പത് മുതിർന്ന നേതാക്കൾ കമ്മിഷന് കത്തയച്ചു.

ഹരിയാന തിരഞ്ഞെടുപ്പ് പരാതി തള്ളിയതും പാർട്ടിയെയും നേതാക്കളെയും ആക്രമിക്കുന്ന വിമർശനങ്ങൾ ഉന്നയിച്ചതും കമ്മിഷന്റെ പദവിക്ക് നിരക്കാത്തതാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. നിഷ്‌പക്ഷത ഇല്ലാതെയാണ് പ്രതികരിച്ചത്. കോൺഗ്രസ് പരാതി ഉന്നയിച്ചത് കമ്മിഷനോടുള്ള ബഹുമാനം നിലനിറുത്തിയാണെങ്കിൽ മറുപടി തിരിച്ചാണ്. തിരഞ്ഞെടുപ്പ് കമ്മിഷനെ ആരാണ് ഉപദേശിക്കുന്നതെന്ന് അറിയില്ല. കോടതികൾ വിധിപറയുമ്പോൾ പരാതിക്കാരെ മോശക്കാരാക്കാറില്ല. ആരോപണങ്ങളിൽ കമ്മിഷൻ ഉറച്ചു നിന്നാൽ നിയമ നടപടി വേണ്ടിവരും.

കമ്മിഷൻ ചുമതല മറക്കുന്നു

കോൺഗ്രസിന്റെ പരാതി തള്ളിയ കമ്മിഷൻ സ്വയം ക്ളീൻ ചിറ്റ് നൽകി. വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടിന് നൽകിയ മറുപടി വ്യക്തമല്ല. കത്തിൽ കോൺഗ്രസിനെതിരായ പരാമർശങ്ങളുടെ ഭാഷയും ഭാവവും ആരോപണങ്ങളുമാണ് പ്രതികരണ കത്തെഴുതാൻ നിർബന്ധിതരാക്കിയത്. തങ്ങൾ അർദ്ധ ജുഡിഷ്യറി അധികാരങ്ങളുള്ള ഭരണഘടനാ സ്ഥാപനമാണെന്ന് കമ്മിഷൻ മറക്കുന്നു. കോൺഗ്രസിന്റെ പരാതി വിലകുറച്ചു കണ്ടത് ചുമതല മറക്കലാണ്. ഇങ്ങനെയാണെങ്കിൽ കമ്മിഷന്റെ ഉത്തരവാദിത്വങ്ങൾ ഓർമ്മപ്പെടുത്തിയ കോടതി നടപടികൾ ആവർത്തിക്കുന്ന ഗതിയുണ്ടാകും. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരായ പരാതികളിൽ നടപടിയുണ്ടാകുന്നില്ലെന്നും കത്തിലുണ്ട്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേടു നടന്നുവെന്ന ആരോപണം തള്ളിയ തിരഞ്ഞെടുപ്പ് കമ്മിഷൻ പോളിംഗ്, വോട്ടെണ്ണൽ ദിവസങ്ങളിൽ അടിസ്ഥാനരഹിതവും വൈകാരികവുമായ പരാതികൾ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമാകുമ്പോൾ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും പറഞ്ഞു.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY