കൊൽക്കത്ത: അടുത്ത സീസണിലെ ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി ടീമുകൾ തങ്ങൾ നിലനിർത്തിയ കളിക്കാരുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ സീസണിൽ ടീമിന് കപ്പടിക്കാൻ മികച്ച പ്രകടനം കാഴ്ചവച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യരെ കൊൽക്കത്ത ടീം നിലനിർത്താത്തതിൽ ഏറെ അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ കെകെആറിന്റെ സിഇഒ വെങ്കി മൈസൂർ അഭ്യൂഹങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കെകെആറിൽ നിന്ന് ശ്രേയസിനെ ഒഴിവാക്കാനുളള കാരണം അദ്ദേഹം നിർബന്ധിച്ചതിനെ തുടർന്നാണെന്നാണ് വെങ്കി വ്യക്തമാക്കിയിരിക്കുന്നത്. ലേലത്തിലൂടെ തന്റെ വിപണി മൂല്യം അറിയാൻ ശ്രേയസ് ആഗ്രഹിച്ചതായും സിഇഒ പ്രതികരിച്ചു. 'ഞങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു അദ്ദേഹത്തിന്റെ പേര്. 2022ൽ ഈ പ്രത്യേക കാരണത്താലാണ് ഞങ്ങൾ ശ്രേയസിനെ തിരഞ്ഞെടുത്തത്. ശ്രേയസിന് അർഹമായ ബഹുമാനം ലഭിച്ചില്ലെന്ന് ആരാധകർ ഇനി പറയില്ലെന്ന് പ്രതീക്ഷിക്കുന്നു.
സാധാരണയായി ഐപിഎൽ ടീമുകളിൽ താരങ്ങളെ നിലനിർത്തുന്നത് പരസ്പര ധാരണയുടെ പുറത്താണ്. അതിനാൽത്തന്നെ താരങ്ങളുടെ സമ്മതവും പ്രധാനമാണ്. ടീമുകൾക്ക് ഏകപക്ഷീയമായ ഒരു തീരുമാനം എടുക്കാനാകില്ല. കളിക്കാരന്റെ വിവിധ ഘടകങ്ങൾ പരിഗണിക്കുകയും വേണം. പണം പോലുള്ള ഘടകങ്ങൾ കാരണം ഒരു കരാർ സംഭവിക്കുന്നില്ലെങ്കിൽ, ആരെങ്കിലും അവരുടെ മൂല്യം പരിശോധിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ടീമിന്റെ തീരുമാനങ്ങളെ സ്വാധീനിക്കും'- വെങ്കി കൂട്ടിച്ചേർത്തു.
റിങ്കു സിംഗ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, ആന്ദ്രെ റസ്സൽ, ഹർഷിത് റാണ, രമൺദീപ് സിംഗ് എന്നീ ആറ് താരങ്ങളെയാണ് ടീം നിലനിർത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |