തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് 817.8കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) അനുവദിക്കുന്നതിൽ തൂത്തുക്കുടി തുറമുഖത്തെ ചൂണ്ടി സംസ്ഥാനം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് കാര്യമറിയാതെ.
തൂത്തുക്കുടിക്ക് തിരിച്ചടയ്ക്കേണ്ടാത്ത വി.ജി.എഫാണ് കേന്ദ്രം അനുവദിച്ചതെന്നാണ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
വാസ്തവം അതല്ല. അവിടെയും വിഴിഞ്ഞത്തെപ്പോലെ, കമ്മിഷനിംഗ് കഴിഞ്ഞ് പതിനൊന്നാം വർഷം മുതൽ ഒരു ശതമാനം വരുമാനം ടെർമിനൽ നടത്തിപ്പുകാരായ സ്വകാര്യകമ്പനി കേന്ദ്രവുമായി പങ്കുവയ്ക്കണം. ഇവിടെ ആ ഒരു ശതമാനം സംസ്ഥാനവുമായാണ് പങ്കുവയ്ക്കുന്നത്.
പിന്നീടുള്ള ഓരോവർഷവും ഓരോ ശതമാനം വീതം കൂടും. ഇത് പരമാവധി 35 ശതമാനം വരെയാകാം. അവിടെ കേന്ദ്രത്തിന് നേരിട്ടാണ് കൊടുക്കേണ്ടത്. കാരണം, കൊച്ചി തുറമുഖം പോലെ പൂർണമായും കേന്ദ്രപോർട്ട് ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് തൂത്തുക്കുടി തുറമുഖം.
തൂത്തുക്കുടിയിൽ 1411.19കോടിയാണ് കേന്ദ്രം വി.ജി.എഫായി അനുവദിക്കുക. ഔട്ടർ ഹാർബർ കണ്ടെയ്നർ ടെർമിനലുണ്ടാക്കാനും ആഴംകൂട്ടി പുലിമുട്ടുണ്ടാക്കാനുമുള്ള 7055.95കോടിയുടെ പദ്ധതിക്കാണ് കേന്ദ്രം വി.ജി.എഫ് നൽകുന്നത്.
ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ മോഡലിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെയ്നർ ടെർമിനൽ വരുന്നത്. അതിന്റെ നടത്തിപ്പ് മാത്രമാണ് അവർക്കുള്ളത്. ടെർമിനൽ നിർമ്മാണം തുടങ്ങിയിട്ടില്ല.
20 % മുടക്കുന്നതിനാൽ
വരുമാനത്തിന്റെ 20 %
#വിഴിഞ്ഞത്ത് നിശ്ചയിച്ചിരുന്ന പദ്ധതിതുകയായ 4089 കോടിയുടെ 20% വീതം കേന്ദ്രവും സംസ്ഥാനവും വി.ജി.എഫ് ആയി നൽകണമെന്നാണ് 10 വർഷം മുൻപേയുള്ള ധാരണ. കേന്ദ്രം 817.8കോടിയും സംസ്ഥാനം 817.18കോടിയും ലഭ്യമാക്കണം. 20% തുക കേന്ദ്രം മുടക്കുന്നതിനാൽ തുറമുഖത്തുനിന്ന് സംസ്ഥാന സർക്കാരിന് കിട്ടുന്ന വരുമാനത്തിന്റെ 20% നൽകണമെന്നാണ് കേന്ദ്രം അന്നേ അറിയിച്ചിരുന്നത്.കേന്ദ്രസഹായമായി ലഭിക്കുന്ന തുക അടച്ചുതീരുംവരെ വരുമാനം പങ്കിടൽ തുടരണമെന്നാണ് വ്യവസ്ഥ.
# ധനകാര്യമന്ത്രാലയത്തിലെ പി.പി.പി.എ സെൽ 2015 ഫെബ്രുവരിയിൽ തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കമ്മിഷനിംഗിന് ശേഷമാണ് വി.ജി.എഫ് അദാനിക്ക് നൽകേണ്ടത്.
വേണ്ടത് സമവായം
കേന്ദ്രവുമായി വി.ജി.എഫിനെച്ചൊല്ലി തർക്കിക്കാതെ, ചർച്ചകളിലൂടെ സഹായം നേടിയെടുക്കാനാണ് ശ്രമിക്കേണ്ടത്. തുറമുഖത്തിന്റെ സാദ്ധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ കേന്ദ്രസഹകരണം അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |