പതിമൂന്നു പ്രതികളെ കുറ്റവിമുക്തരാക്കി
തലശ്ശേരി: ആർ.എസ്.എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ഇരിട്ടി കീഴൂർ പുന്നാട്ടെ അശ്വനി കുമാറിനെ (27) കുത്തി കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതി ചാവശ്ശേരിയിലെ ഷരിഫാ മൻസിലിൽ എം.വി. മർഷൂഖ് (39) കുറ്റക്കാരനെന്ന് കണ്ടെത്തി. കേസിലെ മറ്റ് പതിമൂന്നു പ്രതികളെ തലശേരി ഒന്നാംഅഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കി. മർഷൂഖിനുള്ള ശിക്ഷ നാളെ വിധിക്കും.
മയ്യിലെ കരിയാടൻ താഴത്ത് വീട്ടിൽ നൂറുൽ അമീൻ (40),പി.കെ.അസീസ് (38),ശിവപുരത്തെ പുതിയവീട്ടിൽ പി.എം.സി റാജ് (38),ഉളിക്കലിലെ ഷാഹിദ മൻസിലിൽ മാവിലകണ്ടി എം.കെ.യുനസ്(43),ശിവപുരം എ.പി.ഹൗസിൽ സി.പി.ഉമ്മർ (40),ഉളിയിലെ രയരോൻ കരുവാൻ വളപ്പിൽ ആർ.കെ.അലി (45),കൊവ്വമൽ നൗഫൽ (39),പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42),സി.എം.വീട്ടിൽ മുസ്തഫ (47),കീഴൂരിലെ വയ്യപ്പുറത്ത് ബഷീർ (49),ഇരിക്കൂർ സ്വദേശികളായ മുംതാസ് മൻസിലിൽ കെ.ഷമ്മാസ് (35),കെ.ഷാനവാസ് (44),ബഷീർ (40) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
2005 മാർച്ച് പത്തിന് രാവിലെ 10.15നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്നും പേരാവൂരിലേക്ക് പോവുകയായിരുന്ന അശ്വനികുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കിൽ വച്ച് ജീപ്പിലെത്തിയ പ്രതികൾ ബസ് തടഞ്ഞുനിറുത്തി കൊലപ്പെടുത്തുകയായിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസർമാരായ പി.കെ.മധുസൂദനൻ,കെ.സലീം,എം.ദാമോദരൻ,ഡി.സാലി,എം.സി.കുഞ്ഞുമൊയ്തീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. 2009 ജൂലായ് 31നാണ് കുറ്റപത്രം നൽകി. പ്രതികൾക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകനായ അഡ്വ.രജ്ജിത്ത് മാരാർ,തലശ്ശേരി ബാറിലെ അഡ്വ. പി.സി.നൗഷാദ് എന്നിവരാണ് വാദിച്ചത്.
പ്രതികളിൽ ഒരാളൊഴികെ 13 എൻ.ഡി.എഫുകാരെയും വെറുതെവിട്ട വിധി നടക്കുമുണ്ടാക്കുന്നതാണ്. വിധിക്കെതിരെ മേൽക്കോടതികളെ സമീപിക്കും. കേസിന്റെ ആദ്യഘട്ടം നേർവഴിക്കായിരുന്നു. പിന്നീട് യു.ഡി.എഫ് ഗവൺമെന്റിനെ എൻ.ഡി.എഫ് സ്വാധീനിച്ചാണ് അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടത്. അന്വേഷണോദ്യോഗസ്ഥർ പ്രതികളെ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തി.
-വത്സൻ തില്ലങ്കേരി
ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ്
പ്രധാന പ്രതികളെ കോടതി വെറുതെ വിടാൻ കാരണം സംസ്ഥാന സർക്കാർ പോപ്പുലർഫ്രണ്ടുമായി ഒത്തുകളിച്ചതുകൊണ്ടാണ്. കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടിയാണ് പൊലീസ് ശ്രമിച്ചത്. ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ് വ്യക്തമായത്.
-കെ. സുരേന്ദ്രൻ
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |