
ജീവിതത്തിൽ ചെറിയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾത്തന്നെ തളർന്നുപോകുന്നവരാണ് ഏറെയും. ഇങ്ങനെയുള്ള അവസ്ഥയിൽ തങ്ങൾക്ക് ലഭിച്ചിരിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് പലരും ചിന്തിക്കാറില്ല. എപ്പോഴും നഷ്‌ടപ്പെട്ടുപോയതിനെക്കുറിച്ചും ലഭിക്കാതെ പോയതിനെക്കുറിച്ചും ആലോചിച്ച് വിഷമിക്കുന്നു. എന്നാൽ, ഇവയെ എല്ലാം അവഗണിച്ച് മുന്നോട്ടുപോയവർ മാത്രമാണ് വിജയം നേടിയിട്ടുള്ളത്. അത്തരത്തിൽ ഒരാളാണ് അങ്കമാലിക്കടുത്തുള്ള കിടങ്ങൂർ സ്വദേശി ജെഫിൻ ഇട്ടിച്ചൻ. കാലുകൾക്ക് ചലനശേഷിയില്ലാത്ത ജെഫിൻ ഇന്ന് സ്വന്തം സംരംഭത്തിലൂടെ ജീവിതവിജയം നേടിയിരിക്കുകയാണ്.

ബാല്യകാലം
കൂലിപ്പണിക്കാരനായ ഇട്ടിച്ചന്റെയും റീത്തയുടെയും മൂത്ത മകനാണ് ജെഫിൻ. രണ്ട് വയസുള്ളപ്പോഴാണ് ജെഫിന്റെ ഇരുകാലുകൾക്കും ചലനശേഷിയില്ലെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നത്. അതും അപ്രതീക്ഷിതമായുണ്ടായ പനിയെത്തുടർന്ന് ചികിത്സ തേടിയപ്പോൾ. ദാരിദ്ര്യവും പ്രാരാബ്‌ദങ്ങളുമുള്ള വീട്ടിൽ കുഞ്ഞിന് വേണ്ട ചികിത്സകളും ഫിസിയോതെറാപ്പിയും ചെയ്യാൻ മാതാപിതാക്കൾക്ക് സാധിച്ചില്ല. ഒടുവിൽ ഏറെ സങ്കടത്തോടെയാണെങ്കിലും അഞ്ച് വയസായപ്പോൾ ജെഫിനെ ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന 'ഹോം ഓഫ് ഫെയ്‌ത്ത്' എന്ന സ്ഥാപനത്തിൽ താമസിപ്പിക്കാൻ അവർ തീരുമാനിച്ചു.
ഏറെ കഷ്‌ടപ്പാടുകൾ നിറഞ്ഞതായിരുന്നു ജെഫിന്റെ കുട്ടിക്കാലം. ഏതൊരു കുട്ടിയെയും പോലെ സ്വപ്‌നങ്ങൾ കണ്ടുവളരേണ്ട പ്രായത്തിൽ ജെഫിന് മുന്നിലുണ്ടായിരുന്നത് സാമ്പത്തിക പ്രതിസന്ധികളായിരുന്നു. വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വന്നത് ഏറെ വിഷമമുണ്ടാക്കിയെങ്കിലും മറ്റൊരു മാർഗമുണ്ടായിരുന്നില്ല.
എട്ടാം ക്ലാസുവരെ പഠിച്ചെങ്കിലും ജെഫിന് വായിക്കാനും എഴുതാനുമുള്ള ഓർമയില്ല. അക്ഷരങ്ങൾ പഠിച്ചിട്ടുണ്ടെങ്കിലും ഓർമയില്ല. പഠിപ്പിച്ച അദ്ധ്യാപകരുടെ പേരും മനസിലില്ല. പക്ഷേ, അവരുടെ മുഖം ഇപ്പോഴും മനസിലുണ്ടെന്ന് ജെഫിൻ പറയുന്നു. വീൽചെയറിന്റെ ഉപയോഗം കുറച്ച് കൈകൾ കുത്തി നടക്കാൻ പരിശീലിപ്പിച്ചത് ഹോം ഓഫ് ഫെയ്‌ത്തിലെ അമ്മമാരാണെന്ന് ജെഫിൻ പറയുന്നു. അവിടെവച്ച് ജെഫിന്റെ കാലുകൾക്ക് ഒരു സർജറി ചെയ്‌തതും തുടർന്ന് കാലുകൾ ബലപ്പെടാൻ ഫിസിയോ തെറാപ്പി ചെയ്‌തതും വാക്കറിൽ നടക്കാൻ പരിശീലിപ്പിച്ചതും ഈ അമ്മമാരാണ്.

പഠനശേഷം
എട്ടാം ക്ലാസിനുശേഷം വീട്ടിലെത്തിയ ജെഫിന് പുതിയ ചികിത്സകൾ നടത്തിയെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല. വർഷങ്ങളോളം വീട്ടിൽത്തന്നെയായിരുന്നു. അച്ഛനമ്മമാരും അനിയൻ ജെറിനും ജോലിക്കും പഠനത്തിനും പോയിക്കഴിഞ്ഞാൽ ജെഫിൻ വീട്ടിൽ ഒറ്റയ്‌ക്കാണ്. ഇത് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതോടെ കുറച്ച് മൊബൈൽ പൗച്ചുകൾ വിൽക്കാനായിറങ്ങി. സഹോദരന്റെ സുഹൃത്താണ് ഈ മൊബൈൽ പൗച്ചുകൾ ജെഫിന് നൽകിയത്. പിന്നീട് കോഴി വളർത്തിയും മുട്ട വിറ്റും ലോട്ടറി വിറ്റിമെല്ലാം ജെഫിൻ ചെറിയ ചെറിയ സമ്പാദ്യങ്ങളുണ്ടാക്കി.
തുടർന്ന് 'ഫെയ്‌ത്ത് ഇന്ത്യ' എന്ന സ്വയംതൊഴിൽ പരിശീലനത്തിനായുള്ള സ്ഥാപനത്തിൽ ചേർന്നു. അവിടെ ഓരോ കാര്യങ്ങളും വളരെ എളുപ്പത്തിലാണ് ജെഫിൻ പഠിച്ചെടുത്തത്. കുടകൾ, സോപ്പ്, സോപ്പുപൊടി, ലോഷൻ എന്നിവയെല്ലാം നിർമിക്കാൻ പഠിച്ചു. ഒരു വർഷത്തെ കോഴ്‌സായിരുന്നു. അവിടെ ജെഫിനെ പഠിപ്പിച്ചത് ഗീത ടീച്ചറാണ്. കണ്ണുകൾക്ക് കാഴ്‌ചയില്ലാത്ത ഗീത ടീച്ചറെ ഇന്നും ജെഫിൻ ഓർക്കുന്നു. കുടകൾ നിർമിച്ച് വിൽക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ മെറ്റീരിയൽസ് വാങ്ങാനായി ആയിരം രൂപ സമ്മാനിച്ചതും ഗീത ടീച്ചറാണ്. അവിടത്തെ മറ്റൊരദ്ധ്യാപകനായ ബാലു സാർ ജെഫിന് ഒരു വീൽച്ചെയറും സമ്മാനിച്ചു.
കുട നിർമാണം
ആദ്യം ചെറിയ രീതിയിൽ വീൽച്ചെയറിലിരുന്ന് കുടകൾ നിർമിച്ച് വിൽക്കുമായിരുന്നു. അധികം വൈകാതെ തന്നെ കുടയ്‌ക്ക് ആവശ്യക്കാരേറെയായി. ഉപയോഗിക്കുന്ന മെറ്റീരിയൽസിന്റ ഗുണമേന്മ തന്നെയാണ് ഇതിന് പ്രധാന കാരണം. പല പ്രമുഖ ബ്രാൻഡുകൾ നൽകുന്ന അതേ ക്വാളിറ്റിയിൽ തന്നെയാണ് ജെഫിൻ കുട നിർമിക്കുന്നത്. ഇതിനിടെ ജില്ലാ പഞ്ചായത്തിൽ നിന്നും ഭിന്നശേഷിക്കാർക്കായി സൗജന്യമായി നൽകുന്ന ഒരു വാഹനവും ജെഫിന് കിട്ടി. മഴ ഇല്ലാത്ത സീസണുകളിൽ ലോട്ടറി വിൽക്കാനും ജെഫിൻ ഇറങ്ങാറുണ്ട്.

വിൽപ്പന
നിലവിൽ ഓർഡറുകൾ അനുസരിച്ചാണ് ജെഫിൻ കുടകൾ നിർമിക്കുന്നത്. ഓൺലൈൻ വഴിയാണ് ഏറെയും ഓർഡറുകൾ ലഭിക്കുന്നത്. ' jefin ittichan' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഓർഡറുകൾ നൽകാവുന്നതാണ്. ഇന്ത്യയിൽ മുഴുവൻ ഡെലിവറി ലഭ്യമാണ്. കേരളത്തിന് പുറമേ കർണാടക, ആന്ധ്രാപ്രദേശ്, ബംഗളൂരു ഉൾപ്പെടെ പലയിടങ്ങളിലേക്കും ജെഫിന്റെ കുട എത്തിക്കഴിഞ്ഞു. മാത്രമല്ല, നിരവധിപേർക്ക് കുട നിർമാണത്തിനുള്ള പരിശീലനവും ജെഫിൻ നൽകിക്കഴിഞ്ഞു.
മുതിർന്നവർക്കുള്ള ത്രീ ഫോൾഡ് കുടകൾ, പ്രിന്റ്, ഫാൻസി കുടകൾ, കാലൻ കുടകൾ തുടങ്ങി പല വിധത്തിലുള്ള കുടകൾ ജെഫിൻ നിർമിച്ച് നൽകാറുണ്ട്. വില മോഡൽ അനുസരിച്ച് വ്യത്യാസപ്പെടും. ത്രീ ഫോൾഡിനും കാലൻ കുടയ്‌ക്കുമാണ് ആവശ്യക്കാരേറെയെന്ന് ജെഫിൻ പറയുന്നു. സഹോദരനും കുടുംബവും കൊറിയർ അയക്കുന്നതിനുൾപ്പെടെ സഹായിക്കാറുണ്ട്.
ഓരോ ജീവിതത്തിനും ഓരോ ലക്ഷ്യങ്ങളുണ്ടെന്നാണ് ജെഫിൻ പറയുന്നത്. ചെറിയ പ്രതിസന്ധികളിൽ തളർന്നുപോകുന്നവർ കണ്ടുപഠിക്കേണ്ട മാതൃകയാണ് ജെഫിൻ. ആരോഗ്യസ്ഥിതി പോലും വകവയ്‌ക്കാതെ ജെഫിൻ ഇന്ന് സ്വന്തം സംരംഭത്തിലൂടെ വിജയം കൈവരിച്ചിരിക്കുകയാണ്.
ജെഫിന്റെ മൊബൈൽ നമ്പർ: 8075456925, 9544668550
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |