
കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി റിമാൻഡിൽ തുടരും.
പ്രോസിക്യൂഷന്റെ വാദങ്ങൾ ശരിവച്ചുകൊണ്ടാണ് കോടതി നടപടി. കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ബസ് ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും മൊഴികൾ രേഖപ്പെടുത്താനുള്ളതിനാൽ പ്രതിയെ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പയ്യന്നൂരിൽ സ്വകാര്യ ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്നുകാട്ടി ഷിംജിത മുസ്തഫ ഇൻസ്റ്റഗ്രാമിൽ ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് ദീപക്ക് ജീവനൊടുക്കിയത്. ഷിംജിത പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്ത് ദൈർഘ്യം കുറച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ബസിലെ സി.സി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മരിച്ച ഗോവിന്ദപുരം, കൊളങ്ങരകണ്ടി, ഉള്ളാട്ട്തൊടി ദീപക്കിന്റെ അമ്മയുടെ പരാതിയിലാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. പത്തു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |