മുംബയ്: പ്രളയദുരിതത്തെപ്പറ്റി സങ്കടംപറഞ്ഞ നാട്ടുകാരെ ശകാരിച്ച് മഹാരാഷ്ട്ര ബി.ജെ.പി.അദ്ധ്യക്ഷനും സംസ്ഥാന റവന്യൂമന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീൽ. ഇതുസംബന്ധിച്ച വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പരാതി പറയരുതെന്നും എന്തെങ്കിലും വേണമെങ്കിൽ അപേക്ഷിക്കുകയാണ് വേണ്ടതെന്നുമാണ് മന്ത്രി നാട്ടുകാരോട് പറയുന്നതാണ് വീഡിയോയിലുള്ളത്.
സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ഗതാഗതസൗകര്യങ്ങൾ ശരിയായാൽ ദുരിതാശ്വാസ സാമഗ്രികളെല്ലാം എത്തുമെന്നുമാണ് മന്ത്രി ആദ്യം പറഞ്ഞത്. തുടർന്ന് നാട്ടുകാർ വീണ്ടും പരാതി പറഞ്ഞപ്പോൾ മന്ത്രി നാട്ടുകാരോട് തർക്കിച്ച് സംസാരിക്കുകയായിരുന്നു. കോലാപ്പുരിന്റെയും പുണെയുടെയും ചുമതലയുള്ള മന്ത്രി ഞായറാഴ്ച കോലാപ്പുരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചപ്പോഴാണ് നാട്ടുകാർ പരാതി പറഞ്ഞത്.
''നിങ്ങൾക്ക് സഹായമെത്തിക്കാൻ ഊണും ഉറക്കവുമില്ലാതെ പ്രവർത്തിക്കുകയാണ് അധികൃതർ. എന്നിട്ടും നിങ്ങൾ അവർക്കെതിരേ പരാതി പറയുകയാണോ? ക്ഷമ കാണിക്കണം. എന്തെങ്കിലും വേണമെങ്കിൽ അതിന് അപേക്ഷിക്കണം. പരാതിപ്പെടുകയല്ല വേണ്ടത്'-മന്ത്രി പറഞ്ഞു. പിന്നെയും ശബ്ദമുയർത്തിയ നാട്ടുകാരെ 'വായടയ്ക്ക്'എന്നുപറഞ്ഞ് മന്ത്രി ശാസിക്കുന്നതും വീഡിയോയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |