തിരുവനന്തപുരം:കണ്ണൂർ എ.ഡി.എം നവീൻബാബുവിന്റെ ദുരൂഹമരണത്തിൽ പൊലീസ് അന്വേഷണം പൂർത്തിയായശേഷം മാത്രമേ വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കൂ.
നവീൻബാബുവിന്റെ കുടുംബത്തിന്റെ അടക്കം ആരോപണങ്ങൾക്ക് വിധേയനായ കളക്ടറെ സ്ഥലം മാറ്റണമെന്ന നിലപാടിലാണ് സി.പി.ഐ.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് ശേഷമേ തീരുമാനമാവൂ.
ലാൻഡ് റവന്യൂജോയിന്റ് കമ്മിഷണർ എ.ഗീത സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും പരിശോധിച്ച ശേഷമാണ് റവന്യൂ മന്ത്രിക്ക് നൽകിയത്. മന്ത്രി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിൽ എ.ഡി.എമ്മിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൈക്കൂലി വാങ്ങിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ഈ റിപ്പോർട്ട് ആവശ്യപ്പെട്ടാൽ നൽകാമെന്ന് റവന്യൂമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
പെട്ടെന്ന് കണ്ണൂർ കളക്ടറെ മാറ്റിയാൽ അത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്ന ആശങ്കയുമുണ്ട്. കളക്ടർക്കെതിരായ ആരോപണം ശരിവയ്ക്കുന്നതിന് തുല്യമാവും ആ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |