കൊച്ചി: ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ആഗോള മേഖലയിലെ അനിശ്ചിതത്വവും സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും അടിപതറാതെ ഇന്ത്യൻ രൂപ പിടിച്ചുനിൽക്കുന്നു. ഇന്നലെ ഒരവസരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയായ 84.12 വരെ താഴ്ന്നുവെങ്കിലും പൊതു മേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതോടെ നിലമെച്ചപ്പെടുത്തി. വ്യാപാരാന്ത്യത്തിൽ ഡോളറിനെതിരെ രൂപ 84.11ൽ എത്തി. ഏഷ്യയിലെ പ്രധാന നാണയങ്ങളെല്ലാം ഡോളറിനെതിരെ കനത്ത തകർച്ച നേരിടുമ്പോഴാണ് ഇന്ത്യൻ രൂപ ശക്തമായി പിടിച്ചു നിൽക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം കണക്കിലെടുത്ത് നാണയ വിപണിയിലെ നഷ്‌ട സാദ്ധ്യത ഒഴിവാക്കാൻ ഡോളറിലേക്ക്നിക്ഷേപകർ പണം മാറ്റുകയാണ്. ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയാൽ ഡോളറിന്റെ മൂല്യം കുറയ്ക്കാൻ നടപടികളുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
രൂപയുടെ കരുത്ത്
1. വിദേശ നാണയ ശേഖരമായി 68,480.5 കോടി ഡോളർ ആസ്തി കൈവശമുള്ളതിനാൽ ആഗോള മേഖലയിലെ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയ്ക്ക് കഴിയും
2. അമേരിക്കയിൽ ഇറക്കുമതി തീരുവകളിൽ മാറ്റമുണ്ടായാലും റിസർവ് ബാങ്ക് തുടർച്ചയായി വിപണിയിൽ ഇടപെടുന്നതിനാൽ ഇന്ത്യൻ രൂപയെ ബാധിക്കില്ല
3. രൂപയുടെ തകർച്ച ഒഴിവാക്കാൻ റിസർവ് ബാങ്ക് 1,080 കോടി ഡോളറാണ് വിപണിയിൽ വിറ്റഴിച്ചത്. വരും ദിവസങ്ങളിലും റിസർവ് ബാങ്ക് ആവശ്യമെങ്കിൽ ഡോളർ വില്‌പ്പന നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |