കിളിമാനൂർ: നാട്ടിൻപുറങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിൽ ബ്രോയിലർ കോഴി ഫാമുകൾ നടത്തുന്നവർ നിരവധിയാണ്. ഇന്നീ തൊഴിലാളികൾ കഴിയുന്നത് ഏറെ പ്രതിസന്ധിയിലാണ്. പത്ത് വർഷങ്ങൾക്കു മുമ്പ് നിശ്ചയിച്ച കമ്മിഷൻ നിരക്കിലാണ് ഇന്നും അവർ കോഴിയെ വളർത്തുന്നത്. ചെലവുകൾ ഏറിയതോടെ മിക്ക ഫാമുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. തമിഴ്‌നാട്ടിലെ വൻകിട ഫാം ഉടമകൾ ഉൾപ്പെടെ കേരളത്തിലെ ചെറുകിട ഫാമുകളിൽ കമ്മിഷൻ വ്യവസ്ഥയിൽ വലിയതോതിൽ കോഴികളെ വളർത്തുന്നുണ്ട്. കമ്മിഷൻ കിലോയ്ക്ക് പത്ത് രൂപയെങ്കിലും വർദ്ധിപ്പിക്കണമെന്നാണ് ഫാം ഉടമകളുടെ ആവശ്യം. ഫാമുകളിൽ നല്ലൊരു പങ്കും കരാർ വളർത്തലിലാണ്. തമിഴ്‌നാടിനെ അപേക്ഷിച്ച് കേരളത്തിൽ കോഴിക്കുഞ്ഞ്, തീറ്റ, പരിപാലന ചെലവ് എന്നിവ കൂടുതലായതിനാൽ സ്വന്തമായി കോഴിക്കുഞ്ഞുങ്ങളെ ഫാമുകളിലെത്തിച്ച് വളർത്തി വില്പനയ്ക്ക് എത്തിക്കുമ്പോഴേക്കും പലപ്പോഴും കോഴികർഷകർക്ക് നഷ്ടങ്ങളാകും നേരിടേണ്ടിവരിക.
നഷ്ടങ്ങൾ മാത്രം
ഒരു കോഴിക്കുഞ്ഞിന് 40- 45 ദിവസം പരിചരണമേകി വളർത്തിയാൽ കൂലിയായി ലഭിക്കുക കിലോയ്ക്ക് 6 മുതൽ 6.50 രൂപയാണ്.
കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ ഫാമുകൾക്ക് നൽകുന്നുണ്ടെങ്കിലും നിലത്ത് വിരിക്കാനുള്ള ചകിരിച്ചോർ, അറക്കപൊടി, വൈദ്യുതി, വെള്ളം എന്നിവ ഒരുക്കേണ്ട ഉത്തരവാദിത്വം ഫാമുടമകൾക്കാണ്. കമ്മിഷൻ ആറ് രൂപ നിശ്ചയിച്ച സമയത്ത് ചകിരിച്ചോറിന് 15 രൂപയായിരുന്നു വില. ഇത് ഇപ്പോൾ 150 രൂപ വരെ എത്തി. വൈദ്യുതി ബില്ലും ഇരട്ടിയിലധികമായി. തൊഴിലാളികൾക്കുള്ള കൂലിച്ചെലവും വർദ്ധിച്ചതോടെ കമ്മിഷൻ വ്യവസ്ഥയിൽ കോഴികളെ വളർത്തുന്നത് നഷ്ടത്തിലാണ്.
പ്രതിസന്ധിയിൽ കർഷകർ
സീസണിൽ കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയിലധികമായി തമിഴ്‌നാട്ടിലെ വൻകിട ഫാം ലോബികൾ ഉയർത്താറുണ്ട്. കേരളത്തിൽ കോഴിയുടെ ഉത്പാദനം കൂടുമ്പോൾ കോഴിവില കുത്തനെ കുറച്ചും കോഴിക്കർഷകരെ നിരന്തരം പ്രതിസന്ധിയിലാക്കിയതോടെയാണ് ഭൂരിഭാഗം പേരും കമ്മിഷൻ വ്യവസ്ഥയിൽ കോഴികളെ വളർത്തുന്നതിലേക്ക് തിരിഞ്ഞത്.
ഷെഡിനും ഉയർന്ന നികുതി
ആയിരം കോഴികളെ ഉൾക്കൊള്ളുന്ന ഫാം നിർമ്മിക്കാൻ കുറഞ്ഞത് രണ്ടര ലക്ഷം രൂപ ചെലവ് വരും. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പല ഫാമുകളും മുടക്കുമുതൽ പോലും തിരികെ ലഭിക്കാതെ പൊളിച്ചുനീക്കേണ്ട സ്ഥിതിയിലാണ്. ഭൂരിഭാഗം ഫാമുകളും ഷീറ്റ് മേഞ്ഞതാണെങ്കിലും ഇവയ്ക്ക് വാണിജ്യ കെട്ടിടങ്ങൾക്കുള്ള നികുതിയാണ് ചുമത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |