ന്യൂഡൽഹി : കാർ ലൈസൻസുള്ളവർക്ക് മിനി ബസും മിനി ലോറിയും ഉൾപ്പെടെ 7,500 കിലോയിൽ താഴെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കാം. ഇതിനായി ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ബാഡ്‌ജിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാദാ ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽ.എം.വി) ലൈസൻസുള്ളവർ ഓടിക്കുന്ന ട്രാൻസ്‌പോർട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് കമ്പനികൾ നഷ്‌ടപരിഹാരത്തുക നിഷേധിക്കുന്ന അവസ്ഥ നിലവിലുണ്ട്. ഇതുകൂടി പരിഗണിച്ചാണ് അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ്.
2017ൽ മുകുന്ദ് ദേവാംഗൻ കേസിലെ മൂന്നംഗ ബെഞ്ചിന്റെ വിധി ശരിവച്ചുകൊണ്ടാണ് ഇന്നലെ അഞ്ചംഗ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ഇതോടെ, 2017നു ശേഷമുള്ള ലൈസൻസ് നൽകൽ രീതി തുടരും. വാണിജ്യ ആവശ്യങ്ങൾക്കായി 7500 കിലോയിൽ താഴെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്ന ട്രക്ക്- ട്രാക‌്‌ടർ, ബസ്, ടാക്‌സി-കാബ് ഡ്രൈവർമാർക്ക് അടക്കം നിലപാട് ആശ്വാസമായി.
എൽ.എം.വി ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ലൈറ്റ് മോട്ടോർ വെഹിക്കിൾ, ട്രാൻസ്‌പോർട്ട് വാഹനം എന്നിങ്ങനെ തരംതിരിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പി.എസ്. നരസിംഹ, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായാണ് നിലപാടെടുത്തത്. അഞ്ചംഗബെഞ്ചിനുവേണ്ടി ജസ്റ്റിസ് ഹൃഷികേശ് റോയ് വിധിയെഴുതി.
ഇൻഷ്വറൻസ് കമ്പനികൾക്ക് തിരിച്ചടി
ഇൻഷ്വറൻസുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ അടക്കം പരിഗണിക്കവെയാണ് 2017ലെ വിധി പരിശോധിച്ചത്, സ്വകാര്യ കാർ, ഓട്ടോറിക്ഷ തുടങ്ങിയവ ഓടിക്കാൻ ലൈസൻസുള്ളവർ 7500 കിലോയ്‌ക്ക് താഴെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നത് റോഡ് സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നായിരുന്നു ഇൻഷ്വറൻസ് കമ്പനികളുടെ വാദം.
എന്നാൽ, എൽ.എം.വി ലൈസൻസ് മാത്രമുള്ളവർ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നത് റോഡ് അപകടങ്ങൾക്ക് കാരണമാകുന്നെന്ന് തെളിയിക്കുന്ന ഒരു കണക്കും കോടതിക്ക് മുന്നിലില്ലെന്ന് അഞ്ചംഗബെഞ്ച് ചൂണ്ടിക്കാട്ടി. ഡ്രൈവറുടെ വൈദഗ്ദ്ധ്യവും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതുമാണ് അപകടങ്ങൾ തടയുന്നത്. അതിനാൽ ഇത്തരം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷ്വറൻസ് ക്ലെയിം നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി.
ട്രാൻസ്‌പോർട്ട് വാഹനങ്ങൾ
പൊതു-സ്വകാര്യ സർവീസ് നടത്തുന്ന വാഹനങ്ങൾ, ഗുഡ്സ് കാരിയേജ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്. മഞ്ഞ നിറത്തിന്റെ പശ്ചാത്തലത്തിൽ കറുപ്പ് അക്ഷരത്തിലും അക്കത്തിലും എഴുതിയ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ.
ബാഡ്‌ജ് വേണ്ടത്
7500നു മുകളിൽ 12500 വരെ കിലോയുള്ള മീഡിയം ഗുഡ്സ്-പാസഞ്ചർ വാഹനങ്ങൾ, അതിനു മുകളിലുള്ള ഹെവി ട്രാൻസ്‌പോർട്ട്- പാസഞ്ചർ വാഹനങ്ങൾ എന്നിവ ഓടിക്കാൻ ബാഡ്‌ജ് വേണം. ഇ-റിക്ഷ, ഇ-കാർട്ട്, അപകടകരമായ വസ്‌തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവ ഓടിക്കാൻ പ്രത്യേക ലൈസൻസ് എടുക്കണമെന്നതിലും മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |