പാലക്കാട്: ഹോട്ടലിൽ പരിശോധന നടക്കുമ്പോൾ താൻ പിറകുവശത്തുകൂടി ഓടി രക്ഷപ്പെട്ടെന്ന ആരോപണം തെളിയിക്കാൻ സി.പി.എമ്മിനെ വെല്ലുവിളിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പിൻവാതിലിലൂടെ പോകുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടാൽ തിരഞ്ഞെടുപ്പ് പ്രചാരണം താൻ അവസാനിപ്പിക്കും. പണം കടത്താൻ ഉപയോഗിച്ചെന്ന് പറയുന്ന നീല ട്രോളി ബാഗ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ രാഹുൽ ഹാജരാക്കി.
ഹോട്ടലിൽ സാധാരണ പെട്ടിയുമായാണ് പോകാറുള്ളത്. നീല പെട്ടി എന്റെ വണ്ടിയിൽ നിന്നാണ് എടുത്തത്. എന്റെ വസ്ത്രങ്ങളായിരുന്നു അതിൽ. ബോർഡ് റൂമിൽവച്ച് പെട്ടി തുറന്നിട്ടുമുണ്ട്. പൊലീസിന് പരിശോധന നടത്താൻ പെട്ടി കൊടുക്കാൻ തയ്യാറാണ്. ശാസ്ത്രീയ പരിശോധന നടത്തി ഇതിനകത്ത് പണമുണ്ടായിരുന്നുവെന്ന് തെളിയിക്കട്ടെ. ഞാൻ താമസിച്ചിരുന്ന ഹോട്ടലിലെ സി.സി ടിവി പരിശോധിച്ച് പെട്ടി അവിടെ കൊണ്ടു പോയിട്ടുണ്ടോയെന്നും പരിശോധിക്കണം. താനും ഷാഫി പറമ്പിലും അങ്ങോട്ടുമിങ്ങോട്ടും വസ്ത്രം മാറിയിടാറുണ്ട്. തങ്ങൾക്കൊക്കെ അങ്ങനെയുള്ള ബന്ധമുണ്ട്.
തിരഞ്ഞെടുപ്പ് തീയതി നീട്ടിയതിനാൽ പിടിച്ചുനിൽക്കാനാണ് എതിർ പാർട്ടിക്കാർ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത്. സി.കൃഷ്ണകുമാറിനെ ജയിപ്പിക്കാനുള്ള പണിയാണ് ഇവിടെ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ചിഹ്നംവരെ ഡമ്മിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |