കൊച്ചി: ജോലിക്കു നിന്ന വീട്ടിൽ നിന്ന് എട്ട് ലക്ഷം രൂപ വിലയുള്ള വജ്ര നെക്‌ലേസ് മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിലായി. എളമക്കരയിലെ വീട്ടിലുണ്ടായ മോഷണത്തിൽ ചേർത്തല അർത്തുങ്കൽ പള്ളിക്കത്തായിൽ വീട്ടിൽ മാഗി എന്ന് വിളിക്കുന്ന മഗ്ദലീൻ (22) എളമക്കര പൊലീസിന്റെ പിടിയിലായത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. ഇവരുടെ അമ്മയെ പരിചരിക്കാനായി ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു മാഗി.
ബംഗളൂരുവിൽ അദ്ധ്യാപികയായ യുവതി അമ്മയെ കാണാൻ എത്തിയപ്പോൾ ഡയമണ്ട് നെക്‌ലേസ് നന്നാക്കാൻ കൊണ്ടുവന്നിരുന്നു. ഇതാണ് മോഷണം പോയത്.
എളമക്കര പൊലീസിന് പരാതി ലഭിച്ചതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമാലിദിത്യയും ഡി.സി.പി കെ.എസ് സുദർശനും ഇടപെട്ട് എറണാകുളം സെൻട്രൽ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
മോഷ്ടിച്ച ഡയമണ്ട് നെക്‌ലേസ് ഇടപ്പള്ളിയിലെ ജുവലറിയിൽ വിറ്റ് പകരം 10 ഗ്രാമിന്റെ മാലയും 12 ഗ്രാമിന്റെ വളകളും 20 ഗ്രാമിന്റെ പാദസരവും വാങ്ങിയിരുന്നു. പിന്നീട് ഇവ ചേർത്തലയിലെയും തൃശ്ശൂരിലെയും ജുവലറികളിൽ വിറ്റു പണമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |