തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. എറണാകുളം, കോട്ടയം,മലപ്പുറം, ഇടുക്കി,കോഴിക്കോട് എന്നീ ജില്ലയിലെ മലയോര മേഖലയിലുൾപ്പെടെ ശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയിൽ മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കവളപ്പാറയിൽ പുലർച്ചെ മുതൽ വീണ്ടും മഴ തുടങ്ങി. ഇത് തെരച്ചിലിന് തടസമാകുമെന്നാണ് ആശങ്ക. 36 പേരെയാണ് ഇവിടെ നിന്നും ഇനിയും കണ്ടെത്താനുള്ളത്.
പത്തനംതിട്ട റാന്നിയിൽ ഒരു രാത്രികൊണ്ട് പമ്പയാറും കൈവഴിയായ വലിയ തോടും നിറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചിന് തുടങ്ങിയ മഴയിലാണ് ജലനിരപ്പ് ഉയർന്നത്. പമ്പയാറിലും തോടുകളിലും ഇന്നലെ കാൽ ഭാഗം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കു വെള്ളം കയറിത്തുടങ്ങി. പാലാ-ഈരാറ്റുപേട്ട റോഡിൽ വീണ്ടും വെള്ളം കയറി. ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു.
സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ അവധി ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. ആഗസ്റ്റ് 17-നു ശേഷം മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |