മുംബയ് : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹ മാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസ്. വ്യൂഹം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതും മോശം പരാമർശം നടത്തിയതും. ഉപമുഖ്യമന്ത്രി പവൻ കല്യാണിനെതിരെയും മോശം പരാമർശം നടത്തി.
ടി.ഡി.പി നേതാവ് രാമലിംഗം നൽകിയ പരാതിയെ തുടർന്നാണ് പ്രകാശം ജില്ലയിലെ മദ്ദിപ്പാട് പൊലീസ് കേസെടുത്തത്.
നായിഡുവിന്റെ മകൻ നാരാ ലോകേഷ്, മരുമകൾ ബ്രാഹ്മിണി , ഉപമുഖ്യമന്ത്രി പവൻ കല്യാൺ എന്നിവരുൾപ്പെടെ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലെ അപകീർത്തികരമായ പോസ്റ്റുകൾ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സമൂഹത്തിലെ നിലവാരം തകർക്കുന്നതായി രാമലിംഗം പരാതിയിൽ പറയുന്നു.
ഐ.ടി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
തെലുങ്കുദേശം നേതാക്കൾക്കെതിരെ നിരന്തരം രാം ഗോപാൽ വർമ വിവാദ പ്രസ്താവനകൾ നടത്താറുണ്ട്. 2019ൽ പുറത്തിറങ്ങിയ ലക്ഷ്മീസ് എൻ.ടി.ആർ എന്ന ചിത്രം ആന്ധ്ര മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം സ്ഥാപകനുമായ എൻ.ടി.ആറിനെ വിമർശിച്ചുകൊണ്ടുള്ള സിനിമയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |