ടെൽ അവീവ്: വടക്കൻ ഗാസയിൽ ഹമാസിന്റെ ആക്രമണത്തിൽ നാലു ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. കഫീർ ബ്രിഗേഡിന്റെ ഷിംഷോൺ ബറ്റാലിയനിലുള്ള സ്റ്റാഫ് സർജെന്റുമാരായ ഓർ കാട്സ് (20), നാവ് യെർ അസൂലിൻ (21), ഗാരി ലാൽഹ്രുഐകിമ സോലറ്റ് (21), ഒഫീർ എലിയാഹു (20) എന്നിവരാണ് മരിച്ചതെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. മുതിർന്ന കമാൻഡർ തിങ്കളാഴ്ച കൊല്ലപ്പെട്ടിരുന്നു. വടക്കൻ ഗാസയിലെ ഒരു കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന സൈനികർക്കുനേരെ ടാങ്ക് വേധ മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ജബലിയക്കു സമീപത്തെ ബെയ്ത് ലാഹിയ മേഖലയിൽ കഫീർ ബ്രിഗേഡിന്റെ നേതൃത്വത്തിലാണ് സൈനിക നീക്കം നടക്കുന്നത്. ഹമാസ് ആക്രമണത്തിൽ ഇസ്രയേൽ റിസർവ് സൈനിക കമാൻഡർ ഇറ്റാമർ ലെവിൻ ഫ്രിഡ്മാൻ (34) ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഇതോടെ ഗാസയിൽ കരയുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ എണ്ണം 375 ആയി.
കഴിഞ്ഞ ഒക്ടോബറിലാണ് ജബലിയ മേഖലയിൽ ഇസ്രായേൽ കരമാർഗം സൈനിക നടപടി ആരംഭിക്കുന്നത്. കഴിഞ്ഞമാസം വരെ പ്രദേശത്ത് 60,000ത്തോളം ഗസക്കാരുണ്ടായിരുന്നു. നിലവിൽ ജബലിയയിൽ നൂറിനു താഴെ മാത്രമാണ് ജനസംഖ്യ. ബാക്കിയുള്ളവരെല്ലാം സുരക്ഷിത ഇടങ്ങളിലേക്ക് മാറി.
അതേസമയം, ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പുതിയ ഇസ്രയേലി പ്രതിരോധ മന്ത്രി കാറ്റ്‌സ് ലെബനനിലെ ഹിസ്ബുള്ളയുമായുള്ള വെടിനിറുത്തൽ നിരാകരിക്കുകയും ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന സൂചന നൽകുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |