അടൂർ : ഗവ.ബോയ്സ് ഹയർ സെക്കൻഡറി അടൂർ സ്കൂളിലെ 100വർഷം പഴക്കമുള്ള പ്രധാന കെട്ടിടം പൈതൃക മന്ദിരമായി സംരക്ഷിക്കുവാൻ ജില്ലാ പഞ്ചായത്ത്. ചൊവ്വാഴ്ച സ്കൂൾ സന്ദർശിച്ച ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ കെട്ടിടത്തിന്റെ ശോച്യാവസ്ഥ നേരിൽ കണ്ടു. ജില്ലാ പഞ്ചായത്ത് എൻജീയറെ കൊണ്ട് ഉടൻ എസ്റ്റിമേറ്റെടുപ്പിക്കും. 100 വർഷത്തിലേറെ പഴക്കമുള്ള പ്രധാന കെട്ടിടം സംരക്ഷണമില്ലാതെ നശിക്കുകയാണ്. കേരളീയ വാസ്തുകലയിൽ ഭംഗിയാക്കിയ ഈ കെട്ടിടം പൈതൃക മന്ദിരമായി സംരക്ഷിച്ചു നിലനിറുത്തണമെന്ന് പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും ആവശ്യപ്പെട്ടിരുന്നു. 2020 വരെ ഈ കെട്ടിടത്തിൽ ക്ലാസുകൾ നടന്നിരുന്നു. അദ്ധ്യാപകന്റെ മുറി, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ക്ലാസ് മുറികൾ എന്നിവ ഈ പ്രധാന ഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു .ഗുരു നിത്യചൈതന്യയതി, അടൂർഗോപാലകൃഷ്ണൻ, അടൂർഭാസി, രാഷ്ട്രീയ നേതാക്കന്മാരായ എം.എൻ. ഗോവിന്ദൻ നായർ, സി.എം. സ്റ്റീഫൻ പി.കെ.വേലായുധൻ,പി.സി. ആദിച്ചൻ, ഇ.കെ.പിള്ള , പന്തളം പി.ആർ ,യു.എൻ. പ്രതിനിധി ആയിരുന്ന മിത്രപുരം അലക്സാണ്ടർ, പത്രപ്രവർത്തകനായ അടൂർ പത്മൻ, കൊല്ലം നായേഴ്സ് ആശുപത്രി സ്ഥാപകൻ ഡോ.കെ.പി. നായർ,ഡോ.എം. കൃഷ്ണൻ നായർ,ഐ.എ.എസ്. കാരായ സഖറിയ മാത്യു, ഫിലിപ്പോസ് മത്തായി, അഹമ്മദ് ,ജില്ലാ ജഡ്ജിയായിരുന്ന എലിസബത്ത് മത്തായി തുടങ്ങിയ പ്രമുഖർക്ക് അറിവിന്റെ അക്ഷര വെളിച്ചം നൽകിയ വിദ്യാലയമാണിത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ട്യബ്ദ്യപൂർത്തി സ്മാരകമായി 1917ൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി തുടങ്ങി. 1921ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. മൂന്നു ഭാഷകളിലും പഠിക്കാവുന്ന മദ്ധ്യതിരുവിതാംകൂറിലെ ഒരേയൊരു സ്കൂളായിരുന്നു അടൂർ ഗവ.ബോയ്സ് സ്കൂൾ .ആലോചനാ യോഗത്തിൽ അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി.ഹർഷകുമാർ, എസ്.എം.സി.ചെയർമാൻസുനിൽ മൂലയിൽ, പി.ടി.എ.വൈസ് പ്രസിഡന്റ് സുനിൽ ബാബു , പ്രിൻസിപ്പൽ സജി വറുഗീസ്, പ്രധാനാദ്ധ്യാപിക സന്തോഷ് റാണി,വികസന സമിതി സെക്രട്ടറി പി.ആർ ഗിരീഷ്,പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് തോമസ് ജോൺ മോളേത്ത് , സെക്രട്ടറി അടൂർ ശശാങ്കൻ, സ്റ്റാഫ് സെക്രട്ടറി ഉദയൻ പിള്ള, പി.ടി.എ. അംഗങ്ങളായ ജയൻ. ബി.തെങ്ങമം, സുരേഷ്കുമാർ, ജിജി ലിനു , ജോബി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |