തിരുവനന്തപുരം:അഡീഷണൽ ചീഫ് സെക്രട്ടറിയെ പരസ്യമായി അധിക്ഷേപിച്ചതിന് സസ്പെൻഷനിലായ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തും മതത്തിന്റെ പേരിൽ സാമൂഹ്യമാധ്യമത്തിൽ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചേന്ന ആരോപണത്തിൽ സസ്പെൻഷനിലായ ഉന്നതി കേരള സി.ഇ.ഒ.കെ.ഗോപാലകൃഷ്ണനും സർക്കാർ അന്വേഷണം നടത്തിയാൽ പ്രതിസന്ധിയിലാകുമെന്ന് സൂചന.
ഉന്നതി സി.ഇ.ഒ.സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട എൻ.പ്രശാന്ത് പിൻഗാമിയായി എത്തിയ കെ.ഗോപാലകൃഷ്ണന് ഫയലുകൾ കൈമാറിയില്ലെന്ന അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ റിപ്പോർട്ടാണ് പ്രകോപനമുണ്ടാക്കിയത്.ഈ റിപ്പോർട്ട് മാധ്യമവാർത്തയായതിന് പിന്നാലെ പ്രശാന്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പൊട്ടിത്തെറിക്കുകയായിരുന്നു. കൈമാറിയില്ലെന്ന് ആരോപിക്കപ്പെട്ട ഫയലുകൾ അന്നത്തെ പട്ടികജാതി വകുപ്പ് മന്ത്രിയുടെ ഓഫീസിൽ എത്തിച്ചിരുന്നുവെന്നും അത് മറച്ചു വച്ചാണ് അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയതെന്നുമാണ് പ്രശാന്തിന്റെ നിലപാട്. എന്നാൽ രേഖകൾ തെളിയിക്കുന്നത് ഈ വാദം ശരിയല്ലെന്നാണ്.മാർച്ച് 16നാണ് പ്രശാന്തിനെ ഉന്നതിയിൽ നിന്ന് മാറ്റുന്നത്.
ഏപ്രിൽ 29നാണ് ഗോപാലകൃഷ്ണനെ പിൻഗാമിയായി ഉന്നതിയിൽ നിയമിക്കുന്നത്. മേയ് 13വരെ ഒരു ഫയലും പ്രശാന്ത് കൈമാറിയില്ലെന്ന് ഗോപാലകൃഷ്ണന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് നൽകിയ കത്തിൽ സൂചിപ്പിക്കുന്നുണ്ട്.മേയ് 13നാണ് മന്ത്രിയുടെ ഓഫീസിൽ ഏതാനും ഫയലുകളെത്തുന്നത്. അതിൽ തന്നെ ഉന്നതിയുടെ വെബ്സൈറ്റ് ക്രെഡൻഷ്യൽസ് പോലുള്ള നിർണ്ണായക വിവരങ്ങളും ജനറൽ ബോഡി മീറ്റിംഗ് മിനിറ്റ്സും ഉൾപ്പെടെയുള്ള രേഖകളില്ലെന്ന് ജൂൺ 7ന് ഗോപാലകൃഷ്ണൻ മേലുദ്യോഗസ്ഥന് നൽകിയ കത്തിൽ പരാതിപ്പെട്ടിട്ടുണ്ട്. പ്രശാന്തിനെതിരെ സർക്കാർ അന്വേഷണം നടത്തുകയാണെങ്കിൽ കൃത്യവിലോപത്തിന് കൂടി പ്രശാന്ത് ഉത്തരം പറയേണ്ടിവരും. അത് നിയമകുരുക്കാകും.നിലവിൽ പെരുമാറ്റദൂഷ്യത്തിന് മാത്രമാണ് നടപടി നേരിടുന്നത്. അത് മാപ്പപേക്ഷയിൽ തീർന്നേക്കാം.
.2007 ഐ.എ.എസ് ബാച്ചുകാരനായ പ്രശാന്ത് നേരത്തെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെയും , പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ഓഫീസിൽഹ പ്രവർത്തിച്ചിരുന്നപ്പോഴും നല്ലനിലയിലല്ല അവിടെ നിന്ന് മാറിയതെന്നാണ് റിപ്പോർട്ട്. .ഫെയ്സ് ബുക്കിൽ 3ലക്ഷവും ഇൻസ്റ്റഗ്രാമിൽ അര ലക്ഷവും ഫോളോവേഴ്സുണ്ട് പ്രശാന്തിന്.അത് കരുത്താണെങ്കിലും സർക്കാരിന് നാണക്കേടുണ്ടാക്കിയതിന്റെ വ്യാപ്തി വലുതാണെന്ന വാദവും ഉയർന്നേക്കാം. രണ്ടു പേരും യുവാക്കളായതിനാൽ കൂടുതൽ കടുത്ത നടപടികൾ ഒഴിവാക്കണമെന്ന നിലപാടാണ് ഐ.എ.എസ്.അസോസിയേഷന്. സർക്കാരിൽ സമ്മർദ്ദം ചെലുത്തി പ്രശ്നപരിഹാരത്തിനാണ് അവർ ശ്രമിക്കുന്നതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |