കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.ടി പത്മയ്ക്ക് കോഴിക്കോടിന്റെ വിട. മുംബൈയിലെ മകളുടെ വസതിയിൽ നിന്ന് വൈകിട്ട് 4.30 ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം എം.കെ രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ജയന്ത്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. മകൾ ബിന്ദു മൃതദേഹത്തെ അനുഗമിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മുംബൈയിൽ എം.ടി പത്മ അന്തരിച്ചത്.
കോഴിക്കോട് ഡി.സി.സിയിലെത്തിച്ച മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആലിക്കോയ, ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, എൻ.എസ്.യു സെക്രട്ടറി കെ.എം അഭിജിത്ത്, പി.വി ചന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
തുടർന്ന് കോഴിക്കോട് ബാർ കൗൺസിൽ ഹാളിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. പതിനാല് വർഷത്തോളം കോഴിക്കോട്ടെ വിവിധ കോടതികളിൽ എം.ടി പത്മ അഭിഭാഷകയായിരുന്നു. മേയർ ഡോ. ബീന ഫിലിപ്പ്, ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.പി ശ്രീശൻ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. തുടർന്ന് മൃതദേഹം ഗാന്ധിറോഡിലുള്ള വീട്ടിലെത്തിച്ചു. പൊതുദർശനത്തിനു ശേഷം ഇന്ന് രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |