മുസാഫർബാദ്: ഇന്ത്യൻ വ്യോമസേന ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണം തിരിച്ചടിയാണെന്ന് ഏകദേശം സമ്മതിച്ച പാക് പ്രധാനമന്ത്രി ഇന്ത്യ ഇനിയും തങ്ങളെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്നും ആശങ്ക പ്രകടിപ്പിച്ചു. കാശ്‌മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ തീരുമാനത്തിന് ശേഷം പാക് അധീന കാശ്‌മീരിൽ വലിയ നീക്കങ്ങൾക്ക് ഇന്ത്യ ഒരുങ്ങുകയാണെന്ന് തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. പാക് അധീന കാശ്‌മീരിൽ ഇന്ത്യ സൈനിക നടപടിക്കൊരുങ്ങുകയാണെന്ന് പാകിസ്ഥാന്റെ ദേശീയ സുരക്ഷാ യോഗത്തിൽ ഞങ്ങൾ വിലയിരുത്തിയിട്ടുണ്ട്. പുൽവാമ സംഭവത്തിന് ശേഷം ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയ മാതൃകയിൽ ഇന്ത്യ എന്തോ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു.
പുൽവാമയിൽ നിരവധി സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നാലെ ഫെബ്രുവരി 26നാണ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ അതിർത്തി കടന്ന് പാകിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദിന്റെ ട്രെയിനിംഗ് ക്യാപിന് ബോംബിട്ടത്. ആക്രമണത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് ഇന്ത്യ വ്യക്തമാക്കിയെങ്കിലും ആളൊഴിഞ്ഞ വിജനമായ പ്രദേശത്താണ് ബോംബ് വീണതെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. സംഭവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം വിദേശമാദ്ധ്യമങ്ങളെ അടക്കം ഇവിടേക്കെത്തിച്ച പാകിസ്ഥാൻ ഇന്ത്യൻ ആക്രമണത്തിൽ തങ്ങൾക്ക് നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് വാദിക്കുകയും ചെയ്‌തിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ ആർ.എസ്.എസിനെയും ബി.ജെ.പിയെയും രൂക്ഷമായ ഭാഷയിലാണ് ഇമ്രാൻഖാൻ വിമർശിച്ചത്. ആർ.എസ്.എസിന്റെ വിദ്വേഷ ആശയങ്ങൾ കാശ്‌മീരിൽ മാത്രം ഒതുങ്ങുന്നില്ലെന്നും പതിയെ അത് പാകിസ്ഥാന് നേരെയും നീളുമെന്നും ഇമ്രാൻ പറഞ്ഞു. എന്നാൽ അങ്ങനെയുണ്ടായാൽ പ്രതിരോധിക്കാൻ പാക് സൈന്യം പൂർണ സജ്ജമാണ്. സൈന്യത്തിന് പുറമെ പാക് ജനത മുഴുവൻ സജ്ജരാണ്. മാരകമായ രീതിയിൽ തിരിച്ചടിക്കുമെന്നും ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകി.
താൻ കാശ്‌മീരിന്റെ അംബാസിഡറാണെന്ന് സ്വയം അവകാശപ്പെട്ട ഇമ്രാൻ ഇക്കാര്യം ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സമിതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു. ഞങ്ങൾ ഐക്യരാഷ്ട്ര സമിതിയെയും സാധ്യമായ എല്ലാ അന്താരാഷ്ട്ര ഏജൻസികളെയും സമീപിക്കും. കാശ്‌മീരിലെ ജനങ്ങൾക്ക് വേണ്ടി ലോകത്തെ എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിക്കും. ആവശ്യമെങ്കിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ഇക്കാര്യത്തിൽ സമീപിക്കും. ആർ.എസ്.എസിന്റെ നയങ്ങൾ നാസികളുടേതിന് തുല്യമാണെന്ന് ലോകത്തിന് മുന്നിൽ വിളിച്ചുപറയും. ഒരിക്കൽ ജനാധിപത്യ രാജ്യമായിരുന്ന ഇന്ത്യ ഇന്ന് വർഗീയ വാദികളുടെയും വിഘടന വാദികളുടെയും നാടായിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകത്ത് ഒരിടത്തും ഇത്തരത്തിലുള്ള അന്യായങ്ങൾ നടക്കരുതെന്ന് ലോകരാജ്യങ്ങൾ തീരുമാനിച്ചതാണ്. ഇന്ത്യ എത്രത്തോളം വർഗീയ വത്കരിക്കപ്പെട്ടുവെന്ന് പറഞ്ഞറിയിക്കാൻ പോലും കഴിയില്ല. ആർ.എസ്.എസിന്റെ ഗുണ്ടകൾ ആളുകളെ തല്ലിക്കൊല്ലുകയാണ്, ന്യായാധിപന്മാരെയും ബുദ്ധിജീവികളെയും ഭീഷണിപ്പെടുത്തുകയാണ്, തങ്ങൾക്കെതിരെ സംസാരിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായാണ് കണക്കാക്കുന്നത്, ഇത് നാസികൾ ചെയ്‌തതിന് തുല്യമാണ്. ഒരു ആശയം മൂലമുള്ള ദുരന്തത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |