ന്യൂഡൽഹി: മണിപ്പൂരിൽ പൊടുന്നനെ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് പിന്നിൽ പാകിസ്ഥാനാണെന്ന സംശയം ശക്തമായി. മണിപ്പൂരിനെ ചോരക്കളമാക്കി ഇന്ത്യയെ പ്രതിസന്ധിയിലാക്കാൻ പാകിസ്ഥാൻ ആയുധങ്ങളടക്കം എത്തിക്കുന്നതായി റിപ്പോർട്ടുണ്ട്. മുൻപ് മ്യാൻമർ, നേപ്പാൾ വഴിയായിരുന്നു ആയുധക്കടത്ത്. ഇപ്പോൾ രാഷ്‌ട്രീയ സാഹചര്യം മാറിയ ബംഗ്ളാദേശ് വഴിയാണ്.
ഇന്ത്യാ അനുകൂലിയായ പ്രധാനമന്ത്രി ഷേഖ് ഹസീന ജനകീയ പ്രക്ഷോഭത്തിൽ പുറത്തായതോടെ ബംഗ്ലാദേശ് പാകിസ്ഥാന് പറുദീസയായി. പുതിയ സർക്കാർ
ചരക്ക് കടത്ത് സുഗമമാക്കാൻ പാക് കപ്പലുകൾക്ക് നൽകുന്ന സുരക്ഷാ ഇളവാണ് മുതലാക്കുന്നത്. ഇന്ത്യയുടെ പ്രശ്‌നബാധിത വടക്കു കിഴക്കൻ സംസ്ഥാനങ്ങളോട് അടുത്തായതിനാൽ ബംഗ്ളാദേശ് വഴി ആയുധങ്ങൾ എത്തിക്കാൻ എളുപ്പമാണ്. വടക്കു കിഴക്കൻ മേഖലയെ അസ്ഥിരമാക്കാൻ പണ്ടേ ബംഗ്ളദേശിന്റെ സമുദ്രമാർഗം പാകിസ്ഥാൻ ഉപയോഗിച്ചിട്ടുമുണ്ട്. 2004-ൽ ബംഗ്ലാദേശിലെ ചിറ്റഗോംഗ് വഴി അസാമിലെ വിഘടനവാദ സംഘടനയായ ഉൾഫയ്‌ക്ക് (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസാം) പാകിസ്ഥാൻ ആയുധങ്ങൾ എത്തിച്ചതിന് ഇന്ത്യയ്ക്ക് തെളിവ് ലഭിച്ചിരുന്നു.
ബംഗ്ലാദേശിലെ വിവിധ സംഘടനകൾക്ക് ഭീകരഗ്രൂപ്പായ ഐ.എസ്.ഐ വഴി ആയുധങ്ങളും വെടിക്കോപ്പുകളും പാകിസ്ഥാൻ അയയ്‌ക്കുന്നുണ്ട്. പുതിയ ബംഗ്ലാദേശ് സർക്കാർ നൽകുന്ന ഇളവുകൾ ഐ.എസ്.ഐയുടെ ആയുധക്കടത്തിനും അനുകൂലമാണ്. അടുത്തിടെ പാകിസ്ഥാനിൽ നിന്ന് വന്ന ചരക്കുകളിൽ 40 ടൺ സ്‌ഫോടകവസ്തുവായ ആർ.ഡി.എക്‌സ് ഉണ്ടായിരുന്നു.
പാകിസ്ഥാൻ ബന്ധം
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിമത സംഘടനകളുമായി 50കൾ മുതൽ പാകിസ്ഥാന് ബന്ധമുണ്ട്. 1956ൽ, നാഗാ നാഷണൽ കൗൺസിൽ പ്രസിഡന്റ് സഫു ഫിസോ നാഗാ പ്രക്ഷോഭം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കാൻ പാകിസ്ഥാന്റെ സഹായം തേടിയിരുന്നു. നാഗാ കലാപകാരികൾക്ക് പാകിസ്ഥാൻ ആയുധ പരിശീലനവും നൽകി.
പിന്നീട് മിസോ നാഷണൽ ഫ്രണ്ടിനും പാക് സഹായം ലഭിച്ചു. അന്ന് പാകിസ്ഥാന്റെ ഭാഗമായിരുന്ന ധാക്ക, ചിറ്റഗോംഗ് വഴിയായിരുന്നു നീക്കങ്ങൾ. 1971-ൽ ബംഗ്ലാദേശിന്റെ പിറവിയോടെ ഇത്തരം പ്രവർത്തനങ്ങൾ കുറഞ്ഞെങ്കിലും അവസാനിച്ചില്ല. വിമത ഗ്രൂപ്പുകളും ഇസ്ലാമിക മതമൗലികവാദ സംഘടനകളും വഴി വടക്കുകിഴക്കൻ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ തുടർന്നു. ധാക്കയിലെ പാക് എംബസി വഴി ഐ.എസ്.ഐയാണ് ഏകോപിപ്പിച്ചത്. ബംഗ്ളാദേശിലെ ഭീകരബന്ധമുള്ള സംഘടനകളെയും പാകിസ്ഥാൻ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നു. മുൻപ് അധികാരത്തിലിരുന്ന ബംഗ്ളാദേശ് നാഷണൽ പാർട്ടിയുമായും ഐ.എസ്.ഐക്ക് ബന്ധമുണ്ട്.
2001ൽ മണിപ്പൂരിൽ അസ്ഥിരതയുണ്ടാക്കിയ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ), ഇസ്‌ലാമിക് റെവല്യൂഷണറി ആർമി, മുസ്‌ലിം യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട്, മുസ്‌ലിം ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് അസം തുടങ്ങി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനകൾക്ക് ഐ.എസ്.ഐയുടെ സാമ്പത്തിക-ആയുധ സഹായമുണ്ട്. മണിപ്പൂരിലേക്കുള്ള ആയുധക്കടത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |