തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകൾ ഫലം കാണുന്നു. സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം 20-30 ശതമാനം വരെ കുറഞ്ഞെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആന്റിബയോട്ടിക് ബോധവത്കരണ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് യു.പി.എച്ച്.സിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ആവശ്യമില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിച്ചിരുന്നത് ഒരു പരിധിവരെ നിറുത്തലാക്കാൻ ഒരു വർഷത്തിനുള്ളിൽ സാധിച്ചു. മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിച്ചതും ഇതിന് സഹായകരമായി. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കുമെന്നും മന്ത്രി പറഞ്ഞു. വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പരമാവധി വീടുകളിൽ ആശാ പ്രവർത്തകരെത്തി അവബോധം നൽകും.
വീടുകളിൽ നേരിട്ടെത്തി മന്ത്രി
ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തിനെതിരെ സാധാരണക്കാരിൽ അവബോധം സൃഷ്ടിക്കാൻ വീടുകളിലെത്തിയുള്ള ബോധവത്കരണത്തിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം മന്ത്രി വീണാ ജോർജും പങ്കാളിയായി. വട്ടിയൂർക്കാവ് പ്രദേശത്തെ വീടുകളിൽ മന്ത്രി നേരിട്ടെത്തി. വി.കെ.പ്രശാന്ത് എം.എൽ.എ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് അഡി.ഡയറക്ടർ ഡോ.നന്ദകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ഉപയോഗം ഡോക്ടറുടെ
നിർദ്ദേശാനുസരണം മാത്രം
മിക്ക അണുബാധകളും വൈറസ് മൂലമാണ്. അതിനാൽ ഇവയ്ക്കെതിരെ ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല
ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവു
ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്. കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്
രോഗശമനം തോന്നിയാലും ഡോക്ടർ നിർദ്ദേശിച്ച ആന്റിബയോട്ടിക് ചികിത്സ പൂർത്തിയാക്കണം. ആന്റിബയോട്ടിക്കുകൾ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടരുത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |