വർഷം 1849.
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം വേണമെന്ന വികാരം രാജ്യമാകെ കത്തിനിൽക്കുന്ന കാലം. മറ്റേതൊരു മേഖലയിലും എന്നപോലെ സാമ്പത്തിക രംഗത്തും ഇംഗ്ളീഷ് കമ്പനികളുടെ വിഹാരമായിരുന്നു. ഇന്ത്യക്കാർക്ക് ഇന്ത്യക്കാരാൽ നയിക്കപ്പെടുന്ന ഇന്ത്യയുടെ സ്വന്തം 'സ്വദേശി ബാങ്ക്" വേണമെന്ന ആവശ്യം ഇതിനിടെ ശക്തമായി. ആര്യ സമാജത്തിലെ റായ് മൂൽ രാജ് ആണ് ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചതെന്ന് സ്വാതന്ത്ര്യ സമരസേനാനി ലാലാ ലജ്‌പത് റായ് സൂചിപ്പിച്ചിട്ടുണ്ട്.
റായ് മൂൽ രാജിന്റെ അഭ്യർത്ഥന പ്രകാരം ലാലാ ലജ്‌പത് റായ്, ബാങ്ക് തുടങ്ങുന്നത് സംബന്ധിച്ചൊരു സർക്കുലർ ഏതാനും സുഹൃത്തുകൾക്ക് അയയ്‌ച്ചു. ദേശീയതയും ഇന്ത്യക്കാർക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണമെന്നത് സംബന്ധിച്ച ആശയങ്ങളുമാണ് അതിലുണ്ടായിരുന്നത്. ഇംഗ്ളണ്ടിൽ നിന്ന് തിരിച്ചെത്തിയ ലാലാ ഹർകിഷൻ ലാൽ, സ്വദേശി ബാങ്ക് യാഥാർത്ഥ്യമാക്കാനുള്ള ആശയങ്ങൾ ഇവർക്ക് നൽകി. കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി വിഷയത്തിൽ പ്രാവീണ്യമുള്ള വ്യക്തയായിരുന്നു ലാലാ ഹർകിഷൻ ലാൽ. അങ്ങനെ, ലാഹോർ കേന്ദ്രമാക്കി 1894 മേയ് 19ന് പഞ്ചാബ് നാഷണൽ ബാങ്ക് പിറന്നു; ഇന്ത്യയിലെ ആദ്യ സ്വദേശി ബാങ്ക്.
വർഷം 1895.
വാണിജ്യാടിസ്ഥാനത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചത് 1895 ഏപ്രിൽ 12നാണ്. സർദാർ ദയാൽ സിംഗ് മജീദിയ, ലാലാ ലാൽചന്ദ്, കാളി പ്രസന്ന റോയ്, ലാലാ ഹർകിഷൻ ലാൽ, ഇ.സി. ജെസാവാല, ലാലാ പ്രഭു ദയാൽ, ബക്‌ഷി ജയ്ഷീ റാം, ലാലാ ധോലൻ ദാസ് എന്നിവരായിരുന്നു ആദ്യ ഡയറക്‌ടർ ബോർഡ് അംഗങ്ങൾ.
ദയാൽ സിംഗ് മജീദിയ ആയിരുന്നു ആദ്യ ചെയർമാൻ. ലാലാ ഹർകിഷൻ ലാൽ ബോർഡിന്റെ ആദ്യ സെക്രട്ടറിയായി. ലാഹോറിൽ ബാരിസ്‌റ്റർ ആയിരുന്ന ബുലാകി രാം ശാസ്‌ത്രി ആദ്യ മാനേജരായും നിയമിക്കപ്പെട്ടു.
4%
പ്രവർത്തനം തുടങ്ങി ഏഴ് മാസത്തിനകം തന്നെ ആദ്യ ലാഭവിഹിതം (നാല് ശതമാനം) ബാങ്ക് പ്രഖ്യാപിച്ചു. ബാങ്ക് സാക്ഷാത്‌കരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ലാലാ ലജ്‌പത് റായ് ആണ് ബാങ്കിൽ ആദ്യ അക്കൗണ്ട് തുറന്നത്. രണ്ടുലക്ഷം രൂപയായിരുന്നു ബാങ്കിന്റെ ആദ്യ മൂലധനം. പ്രവർത്തനം മൂലധനം 20,000 രൂപ. ഒമ്പത് പേരായിരുന്നു ജീവനക്കാർ. ആകെ ശമ്പളച്ചെലവ് 320 രൂപ.
വർഷം 1900.
ലാഹോറിന് പുറത്ത് ബാങ്കിന്റെ ആദ്യ ശാഖ 1900ൽ റാവൽപിണ്ടിയിൽ തുറന്നു. ലാലാ ലജ്പത് റായിയും ബാങ്കിന്റെ ഡയറക്‌ടർ സ്ഥാനത്ത് നിയമിതനായി. 1913ൽ ഇന്ത്യയിലെ ബാങ്കിംഗ് രംഗത്ത് വൻ പ്രതിസന്ധിയുണ്ടായി. 78ഓളം ബാങ്കുകൾ തകർന്നു. എന്നാൽ, പഞ്ചാബ് നാഷണൽ ബാങ്ക് തകരാതെ പിടിച്ചുനിന്നു. അന്ന്, ഫിനാൻഷ്യൽ കമ്മിഷണറായിരുന്ന ജെ.എച്ച്. മേനാർഡ് ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് :''നിങ്ങളുടെ ബാങ്ക് സുരക്ഷിതമാണ്. മികച്ച നേതൃപാടവം മാത്രമാണ് ഇതിനുകാരണം"".
വർഷം 1926.
ആഗോളതലത്തിൽ ബാങ്കിംഗ് രംഗത്ത് നഷ്‌ടത്തിന്റെ കാറ്ര് വീശിയടിച്ച കാലഘട്ടമാണ് 1926 മുതൽ 1936വരെ. 1929ൽ വാൾ സ്‌ട്രീറ്റ് ജേർണലിന്റെ തകർച്ച ലോകത്തെ തന്നെ പിടിച്ചുകുലുക്കി. എന്നാൽ, അതിനുശേഷം അഭൂതപൂർവമായ വളർച്ച പഞ്ചാബ് നാഷണൽ ബാങ്കിനുണ്ടായി. 71ൽ നിന്ന് ശാഖകളുടെ എണ്ണം 278 ആയി ഉയർന്നു. നിക്ഷേപം പത്തു കോടി രൂപയിൽ നിന്നുയർന്ന് 62 കോടി രൂപയായി. 1947 മാർച്ച് 31ന് ലാഹോറിൽ നിന്ന് ഡൽഹിയിലേക്ക് മുഖ്യാലയം മാറ്റാൻ തീരുമാനമായി. പിന്നീട് പശ്‌ചിമ പാകിസ്താനിലെ 92 ശാഖകൾ ബാങ്ക് പൂട്ടിയെങ്കിലും ഇടപാടുകാർക്ക് നിക്ഷേപം കൃത്യമായി തിരിച്ചുനൽകി.
വർഷം 1951.
ഭാരത് ബാങ്കിനെ 1951ൽ പി.എൻ.ബി ഏറ്റെടുത്തു. 1962ൽ ഇൻഡോ-കൊമേഴ്സ്യൽ ബാങ്ക് പി.എൻ.ബിയിൽ ലയിച്ചു. 1969 ജൂലായിൽ പഞ്ചാബ് നാഷണൽ ബാങ്ക് ദേശസാത്‌കരിക്കപ്പെട്ടു. പിറന്നുവീണത് മുതൽ 'ജനങ്ങളുടെ ബാങ്കായി" വിശ്വസ്‌തപൂർവം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ വിജയം. ജവഹർലാൽ നെഹ്‌റു, ഗോവിന്ദ് ബലഭ് പന്ത്, ലാൽ ബഹദൂർ ശാസ്‌ത്രി, റാഫി അഹമ്മദ് കിദ്‌വായ്, ഇന്ദിരാ ഗാന്ധി തുടങ്ങിയ പ്രമുഖർ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഇടപാടുകാരായിരുന്നു.
നേട്ടങ്ങൾ
ആഗോള ബിസിനസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാത്‌കൃത ബാങ്ക്
125 വർഷത്തെ പ്രവർത്തന പാരമ്പര്യം
7036 ബ്രാഞ്ചുകൾ, 8096 എ.ടി.എമ്മുകൾ തുടങ്ങി ആകെ 23,000 ടച്ച് പോയിന്റുകൾ
70,000 ജീവനക്കാർ; 11.5 കോടി ഇടപാടുകാർ
11 ലക്ഷം കോടി രൂപയുടെ മൊത്തം ബിസിനസ്
2019-20 ജൂൺപാദത്തിൽ 1,019 കോടി രൂപയുടെ ലാഭം
കാസ, റീട്ടെയിൽ വായ്‌പ എന്നിവയിൽ മികച്ച വളർച്ച
നിഷ്‌ക്രിയ ആസ്‌തിയിൽ കുറവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |