കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ 14.3 ശതമാനം വർദ്ധനയോടെ 22,146 കോടി രൂപയിലെത്തി. റിഫൈനിംഗ് മാർജിനിലെ വർദ്ധനയും റീട്ടെയിൽ, ഡിജിറ്റൽ ബിസിനസുകളുടെ വിപുലീകരണവുമാണ് പ്രവർത്തന ഫലം മെച്ചപ്പെടുത്താൻ സഹായിച്ചത്.
പ്രവർത്തന വരുമാനം 10 ശതമാനം ഉയർന്ന് 2.59 ലക്ഷം കോടി രൂപയായി. സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിൽ ഓയിൽ ടു പെട്രോകെമിക്കൽസ്(ഒ.ടി.സി), ജിയോ, റീട്ടെയിൽ ബിസിനസുകളിൽ മികച്ച വളർച്ചയാണ് നേടിയതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.
റിലയൻസ് ജിയോയുടെ അറ്റാദായം അവലോകന കാലയളവിൽ 12.8 ശതമാനം ഉയർന്ന് 7,379 കോടി രൂപയിലെത്തി. ഇക്കാലയളവിൽ 83 ലക്ഷം വരിക്കാരെ കൂടി ചേർത്തതോടെ ഉപഭോക്താക്കളുടെ മൊത്തം എണ്ണം 50.6 കോടിയായി. 5ജി ഉപഭോക്താക്കൾ 23 കോടിയാണ്. ജിയോയുടെ ശരാശരി ഉപഭോക്തൃ വരുമാനം( എ.ആർ.പി.യു) 211.4 രൂപയിലെത്തി. റിലയൻസ് റീട്ടെയിലിന്റെ വരുമാനം 18 ശതമാനം ഉയർന്ന് 90,018 കോടി രൂപയിലെത്തി. ജിയോ സ്‌റ്റാറിന്റെ വരുമാനം 7,232 കോടി രൂപയിലെത്തി റെക്കാഡിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |