റിസർവ് ബാങ്കിൽ 8.8 ലക്ഷം കോടി രൂപയുടെ സ്വർണം
വിദേശ നാണയ ശേഖരത്തിലെ സ്വർണത്തിന് റെക്കാഡ് മൂല്യം
കൊച്ചി: ചരിത്രത്തിലാദ്യമായി റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 10,000 കോടി ഡോളർ(8.8 ലക്ഷം കോടി രൂപ) കവിഞ്ഞു. ഒക്ടോബർ 13ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരത്തിലെ സ്വർണത്തിന്റെ മൂല്യം 359.5 കോടി ഡോളർ വർദ്ധിച്ച് 10,236.5 കോടി ഡോളറിലെത്തി. മൊത്തം വിദേശ നാണയ ശേഖരം ഇക്കാലയളവിൽ 218 കോടി ഡോളർ കുറഞ്ഞ് 69,778.4 കോടി ഡോളറായി. വിദേശ നാണയ ശേഖരത്തിലെ സ്വർണത്തിന്റെ വിഹിതം 14.7 ശതമാനമായി ഉയർന്നു. 1996-97ന് ശേഷം ഇതാദ്യമായാണ് സ്വർണ വിഹിതം ഇത്രയേറെ കൂടുന്നത്. ഒരു പതിറ്റാണ്ടിനിടെ സ്വർണ ശേഖരം ഇരട്ടിയായി. കഴിഞ്ഞ വർഷം 72.6 ടൺ സ്വർണമാണ് റിസർവ് ബാങ്ക് വാങ്ങിയത്. എന്നാൽ നടപ്പുവർഷം സ്വർണ ശേഖരത്തിൽ നാല് ടൺ വർദ്ധന മാത്രമാണുള്ളത്.
₹25,000 കോടി കവിഞ്ഞ് പ്രതിരോധ കയറ്റുമതി
റെക്കാഡ് നേട്ടമെന്ന് പ്രതിരോധമന്ത്രി
കൊച്ചി: ഇന്ത്യയുടെ പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി ചരിത്രത്തിലാദ്യമായി 25,000 കോടി കവിഞ്ഞുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുൻപ് പ്രതിരോധ കയറ്റുമതി ആയിരം കോടി രൂപ മാത്രമായിരുന്നു. നാല് വർഷത്തിനുള്ളിൽ ആഭ്യന്തര പ്രതിരോധ ഉത്പാദനം മൂന്ന് ലക്ഷം കോടി രൂപയും കയറ്റുമതി 50,000 കോടി രൂപയുമായി ഉയർത്താനാണ് ലക്ഷ്യം. ഓപ്പറേഷൻ സിന്ദൂറിന് ശേഷം യൂറോപ്പ് ഉൾപ്പെടെയുള്ള വിപണികളിൽ നിന്ന് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വാങ്ങൽ താത്പര്യമേറുകയാണ്. മേക്ക് ഇന്ത്യ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ നിരവധി ആനുകൂല്യങ്ങൾ കമ്പനികൾക്ക് ലഭ്യമാക്കിയതും ഉത്പാദന മുന്നേറ്റത്തിന് സഹായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |