
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ വിവാദങ്ങളാൽ സമ്പന്നമായിരുന്നു പാലക്കാട്. ഡീൽ വിവാദം, കള്ളപ്പണം, ട്രോളി ബാഗ്, സ്പിരിറ്റ്, നിഷേധവോട്ട് ഒടുവിൽ കാഫിർ സ്ക്രീൻ ഷോട്ടുപോലെ പത്രപ്പരസ്യവും. എന്നാൽ ഇവയൊന്നും ഇക്കുറിയും ഇടതുമുന്നണിയെ തുണച്ചില്ല. രാഷ്ട്രീയ നാടകങ്ങളുടെയും കൂറുമാറ്റങ്ങളുടെയും കാഴ്ചയ്ക്ക് സാക്ഷിയായ പാലക്കാട്ടെ വിവാദങ്ങളെല്ലാം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽമാങ്കൂട്ടത്തിലിന് ഗുണം ചെയ്തുവെന്നുവേണം മനസിലാക്കാൻ.
എതിരാളികൾ ഉയർത്തിയ വിവാദങ്ങൾ കൂട്ടിച്ചേർത്തു സമ്മാനിച്ചതാണ് രാഹുലിന്റെ ചരിത്രവിജയം. വടകരയിൽ ഷാഫിയെ ജയിപ്പിച്ചാൽ പാലക്കാട്ട് ബി.ജെപിയെ ജയിപ്പിക്കുമെന്ന ധാരണയിലാണ് ഷാഫി വടകരയ്‌ക്കെത്തിയത് എന്നായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് സി.പി.എം പറഞ്ഞത്. എന്നാൽ കഴിഞ്ഞതവണ ഇ.ശ്രീധരനുണ്ടാക്കിയ മുന്നേറ്റം പോലും കൃഷ്ണകുമാറിനുണ്ടാക്കാൻ സാധിച്ചില്ല. ആദ്യഘട്ടത്തിലല്ലാതെ ഒരിക്കലും കൃഷ്ണകുമാറിന് മുന്നേറാനും കഴിഞ്ഞില്ല. വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധവികാരം ചർച്ചയാക്കാതിരിക്കാനായിരുന്ന സി.പി.എം ശ്രമം.
സരിൻ വോട്ടുയർത്തി,
നിലമെച്ചപ്പെടുത്തിയില്ല
രാഹുലിനെ സ്ഥാനാർത്ഥിയാക്കിയതോടെ, അന്നുവരെ സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും സോഷ്യൽ മീഡിയയിൽ വിമർശിച്ച ഡോ. പി.സരിൻ ഒറ്റനിമിഷംകൊണ്ട് എൽ.ഡി.എഫിനൊപ്പം ചേർന്ന് സ്ഥാനാർത്ഥിയാവുകയായിരുന്നു. കഴിഞ്ഞതവണത്തേക്കാൾ 850 വോട്ടുകൾ വർദ്ധിപ്പിച്ചെങ്കിലും എഴുപതിനായിരം വോട്ടെന്ന സരിന്റെ വാദം ചീറ്റിപ്പോയി. അതിന്റെ പകുതിയേ അദ്ദേഹത്തിന് നേടാനായുള്ളൂ. പ്രചാരണസമയത്ത് പലപ്പോഴും സരിന്റെ നിലപാടുകളെ തിരുത്തി ജില്ലാ സെക്രട്ടറി രംഗത്തെത്തിയതും ചർച്ചയായിരുന്നു.
ട്രോളിയിൽ വോട്ടുവീണില്ല
നീല ട്രോളി ബാഗിൽ രാഹുൽ മാങ്കൂട്ടത്തിൽ കള്ളപ്പണം കടത്തിയെന്ന ആരോപണമാണ് തിരഞ്ഞെടുപ്പിന്റെ ഗതിമാറ്റിയത്. അർദ്ധരാത്രി കോൺഗ്രസ് വനിതാ നേതാക്കളുടെയടക്കം മുറികളിൽ പൊലീസ് റെയ്ഡ് നടത്തി. ഇത് വലിയ വിവാദത്തിന് വഴിവച്ചു. തെളിയിക്കാനാവാതെ വന്നതോടെ വിവാദം ഉന്നയിച്ചവർക്കുതന്നെ അത് തിരിച്ചടിയായി. വിഷയത്തിൽ സി.പി.എമ്മിനുള്ളിൽത്തന്നെ വ്യത്യസ്ത അഭിപ്രായമുയർന്നതോടെ പിന്നോട്ടു പോവേണ്ടിയും വന്നു. ഇതിനെയും യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കി. ഇത് വോട്ടിംഗിനെ കൃത്യമായി സ്വാധീനിച്ചു.
സന്ദീപിന്റെ എൻട്രി
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനമായിരുന്നു മറ്റൊന്ന്. ബി.ജെ.പി വിട്ടുവന്ന സന്ദീപിന് ആദ്യം തന്നെ ഗുഡ് സർട്ടിഫിക്കറ്റ് നൽകി വാതിൽ തുറന്നിട്ടത് സി.പി.എമ്മായിരുന്നു. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു സന്ദീപിന്റെ കോൺഗ്രസിലേക്കുള്ള വരവ്. ഇതോടെ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ അതേ നേതാക്കൾ സന്ദീപിനെ വെറുക്കപ്പെട്ടവനാക്കി. മാത്രമല്ല, സന്ദീപിനെതിരെ മതപരമായ വർഗീയ ഉള്ളടക്കമുള്ള പത്രപ്പരസ്യവും നൽകി. ഇതും തിരിച്ചടിച്ചു. മതന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് പിരായിരി പഞ്ചായത്തിലെ വോട്ടുകളിൽ വിള്ളലുണ്ടാക്കാമെന്ന ഇടതുപക്ഷത്തിന്റെ ധാരണയും പിഴച്ചു. കഴിഞ്ഞ തവണ ഷാഫിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടോടെയാണ് രാഹുലിനെ പിരായിരി തോളിലേറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |