തിരുവനന്തപുരം: ക്വാറി മാഫിയകൾക്കായി വാതിൽ തുറന്നിട്ട് ഇടതു സർക്കാരാണ് പശ്ചിമഘട്ട മലനിരകളെ തകർത്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെൽവയൽ- നീർത്തട സംരക്ഷണ നിയമങ്ങളിൽ സംസ്ഥാന സർക്കാർ വെള്ളം ചേർത്തു. കേരളത്തിൽ പ്രളയം തുടർക്കഥയായത് ഇത്തരം നടപടികൾ മൂലമാണ്. ഇത്തവണത്തെ പ്രകൃതി ദുരന്തങ്ങൾ ഇടതുസർക്കാർ പ്രകൃതിയോട് കാട്ടിയ അനീതിയുടെ ഫലമാണ്. മലയിടിഞ്ഞാണ് കൂടുതൽ ആളുകൾ മരണമടഞ്ഞത്. ഇതിനുത്തരവാദി സർക്കാരാണ്. സംസ്ഥാനത്ത് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് പ്രവർത്തനാനുമതി നൽകിയത് 750 കരിങ്കൽ ക്വാറികൾക്കാണെങ്കിൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ 5924 ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്. ഇതെങ്ങനെ സംഭവിച്ചെന്ന് സർക്കാർ വ്യക്തമാക്കണം. .
ഫെഡറൽ സംവിധാനം
തകർക്കുന്നു:ചെന്നിത്തല
നരേന്ദ്രമോദി സർക്കാർ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കാശ്മീരിൽ സ്വാതന്ത്ര ദിനത്തിലും നേതാക്കൾ ജയിലിൽ കഴിയുന്നത് വേദനാജനകമാണെന്നും ചെന്നിത്തല പറഞ്ഞു.എഴുപത് വർഷമായി അനുഭവിച്ച് വന്ന സ്വാതന്ത്ര്യം വെറും 70 ദിവസം കൊണ്ട് രണ്ടാം മോദി സർക്കാർ തകർത്തെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സൻ പറഞ്ഞു.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി തമ്പാനൂർ രവി സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അന്തരിച്ച ജനറൽ സെക്രട്ടറി പി.രാമകൃഷനോടുള്ള ആദരസൂചകമായി കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. തെന്നല ബാലകൃഷ്ണപിള്ള,ശശി തരൂർ എം.പി, വി.എസ്.ശിവകുമാർ എം.എൽ.എ, ടി. ശരത്ചന്ദ്ര പ്രസാദ്, മൺവിള രാധാകൃഷ്ണൻ, മണക്കാട് സുരേഷ്, എം.എം.നസീർ, ജോതികുമാർ ചാമക്കാല, നെയ്യാറ്റിൻകര സനൽ, പാലോട് രവി,പി.എസ്.പ്രശാന്ത്,എൻ.ശക്തൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |