തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇന്ന് തിരുവനന്തപുരത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
ഇന്ന് രാവിലെ ശിവഗിരി സന്ദർശിക്കുന്ന അദ്ദേഹം കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ എ.ബി.വി.പിയുടെ പരിപാടിയിലും നെയ്യാറ്റിൻകരയിൽ ജന്മാഷ്ടമി പുരസ്കാരദാന ചടങ്ങിലും പങ്കെടുക്കും.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം സ്വാഗതം ചെയ്ത് ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇന്ന് വൈകിട്ട് 3ന് വൈ.എം.സി.എ ഹാളിൽ സംഘടിപ്പിക്കുന്ന ചിന്താ സായാഹ്നം വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. പുതിയ കാശ്മീർ പുതിയ ഇന്ത്യ എന്ന വിഷയത്തെപ്പറ്റി മുൻ കരസേനാ ഉപമേധാവി ശരത്ചന്ദ് മുഖ്യ പ്രഭാഷണം നടത്തും. നയതന്ത്ര വിദഗ്ദ്ധൻ ടി.പി. ശ്രീനിവാസൻ, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് എന്നിവർ സംസാരിക്കും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് അദ്ധ്യക്ഷനായിരിക്കും.
370-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് മുരളീ മനോഹർ ജോഷി നയിച്ച ഏകതാ യാത്രയിൽ പങ്കെടുത്ത് കാശ്മീരിൽ അറസ്റ്റ് വരിച്ച മലയാളി ഡോ.റേച്ചൽ മത്തായി, ശതാഭിഷിക്തനായ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.രാമൻപിള്ള എന്നിവരെ ചടങ്ങിൽ ആദരിക്കും. കെ രാമൻപിള്ള രചിച്ച ' അടിയന്തരാവസ്ഥയുടെ അന്തർധാരകൾ', 'ഭാരത രത്നം അടൽ ബിഹാരി വാജ്‌പേയ്' എന്നീ കൃതികൾ കേന്ദ്രമന്ത്രി പ്രകാശനം ചെയ്യും.
നാളെ എറണാകുളത്തും 19ന് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പരിപാടികളിലും വി.മുരളീധരൻ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |