തിരുവനന്തപുരം:സിറ്റിംഗ് സീറ്റല്ലെങ്കിലും പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ ഉലഞ്ഞ് സംസ്ഥാന ബി.ജെ.പി. ജയസാധ്യത കളഞ്ഞു കുളിച്ചത് സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനും സ്ഥാനാർത്ഥി കൃഷ്ണകുമാറുമാണെന്ന ആക്ഷേപം ശക്തം.
നേതൃമാറ്റം കേന്ദ്രനേതൃത്വം തളളിയതോടെ, കെ.സുരേന്ദ്രൻ തൽക്കാലം തുടരുമെന്ന് ഉറപ്പായി.
ഒരു എം.എൽ.എ പോലുമില്ലാത്ത സംസ്ഥാനത്ത് ഒരു ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലി ഇത്രയും കോലാഹലങ്ങളുണ്ടാകുന്നത് കേന്ദ്രനേതൃത്വത്തെ അമ്പരപ്പിച്ചു.
സ്ഥാനാർത്ഥി നിർണ്ണയം മുതൽ പ്രചരണത്തിനിടെ ഉണ്ടായ വിവാദങ്ങളിൽ വരെ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതിൽ സംസ്ഥാന പ്രസിഡന്റിന് വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് സ്ഥാനമൊഴിയണമെന്ന ആവശ്യം ഉയരുകയും ചെയ്തു. ഇന്ന് കൊച്ചിയിൽ ചേരുന്ന സംസ്ഥാന നേതൃയോഗം നിർണ്ണായകമാകും. സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറും പങ്കെടുക്കുന്നുണ്ട്.
അടിത്തറയല്ല മേൽക്കൂരയാണ് പ്രശ്നമെന്നായിരുന്നു ഫലപ്രഖ്യാപനത്തിനുശേഷം പാലക്കാട്ടുകാരനായ ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജന്റെ പ്രതികരണം. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടയാളാണ് ശിവരാജൻ. വോട്ട് കാൻവാസ് ചെയ്യാൻ കഴിവുള്ള മൂന്നു മുഖങ്ങളാണ് ശോഭാ സുരേന്ദ്രൻ,വി. മുരളീധരൻ,കെ.സുരേന്ദ്രൻ എന്നിവരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. തോൽവിയുടെ കാരണം സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്നാണ് ചാനൽ ചർച്ചയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞത്.ഒന്നുമറിയില്ലെന്ന മട്ടിൽ വി.മുരളീധരനും ഒഴിഞ്ഞുമാറി.
പ്രധാനമന്ത്രി മോദി വന്ന് പ്രചരണം നടത്തുമ്പോൾ കിട്ടുന്ന അധികം വോട്ടിലെ കുറവാണ് ഉണ്ടായതെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം ആരും മുഖവിലയ്ക്കെടുക്കുന്നില്ല.
ഉപതിരഞ്ഞെടുപ്പുകളിലെ പ്രചരണത്തിന് ദേശീയ നേതാക്കൾ എത്താറില്ല. ജയപരാജയങ്ങളെ ദേശീയ നേതൃത്വം കാര്യമായി എടുക്കാറുമില്ല.
പ്രവർത്തന ഫണ്ടടക്കം സംസ്ഥാന നേതൃത്വം കണ്ടെത്തണം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവി സംഘടനാ പ്രതിസന്ധിയായും കേന്ദ്രനേതൃത്വം കാണുന്നില്ല.ഇതറിഞ്ഞുള്ള പ്രതിരോധമാണ് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തുന്നത്.കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.നേതൃമാറ്റം അജണ്ടയിലില്ലെന്നാണ് സംസ്ഥാനപ്രഭാരി പ്രകാശ് ജാവദേക്കറും വ്യക്തമാക്കിയിരിക്കുന്നത്.
സംഘടനാ തിരഞ്ഞെടുപ്പിൽ
പ്രസിഡന്റാവാൻ കരുനീക്കം
ഫെബ്രുവരിയിൽ സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ പുതിയ സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കണം. അതു മുന്നിൽ കണ്ടുള്ള കരുനീക്കങ്ങളാണ് പാർട്ടിയിൽ മുന്നേറുന്നത്.
ഉപതിരഞ്ഞെടുപ്പ് മൂലം സംഘടനാ തിരഞ്ഞെടുപ്പ് നടപടികൾ നിറുത്തിവച്ചിരിക്കുകയായിരുന്നു. അതു തുടരുന്നത് ആലോചിക്കാനാണ് ഇന്ന് കൊച്ചിയിൽ യോഗം ചേരുന്നത്. അംഗത്വ വിതരണം വീണ്ടും തുടങ്ങും.ഡിസംബറിൽ സജീവാംഗത്വ വിതരണവും നടത്തും. പാർട്ടി തിരഞ്ഞെടുപ്പിൽ വോട്ടവകാശവും ഭാരവാഹിത്വത്തിന് അർഹതയും നൽകുന്നതാണ് സജീവാംഗത്വം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |