കൊച്ചി: ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിലെ സ്റ്റോക്കിൽ കുറവ് കണ്ടെത്തിയാൽ ജീവനക്കാരിൽ നിന്ന് നഷ്ടം ഈടാക്കാമെന്ന മാനേജിംഗ് ഡയറക്ടറുടെ സർക്കുലർ ഹൈക്കോടതി റദ്ദാക്കി. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് സർക്കുലറെന്ന് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ വ്യക്തമാക്കി. ഇതിനോടകം തുക ഒടുക്കിയവർക്കും കോടതിയിൽ ചോദ്യം ചെയ്യാത്തവർക്കും ഉത്തരവ് ബാധകമാകില്ല. വൻതുക തിരിച്ചടയ്‌ക്കാൻ നോട്ടീസ് ലഭിച്ച ചങ്ങനാശേരി ഔട്ട്ലെറ്റിലെ ടി.എൻ. ഷൈൻ അടക്കമാണ് കോടതിയെ സമീപിച്ചത്.
സ്റ്റോക്കിൽ വലിയ തുകയുടെ പൊരുത്തക്കേട് കണ്ടാൽ നഷ്ടത്തിന്റെ 90% ഔട്ട്ലെറ്റ് ജീവനക്കാരിൽ നിന്ന് തുല്യമായും 10 % വെയർഹൗസ് മാനേജരിൽ നിന്നും ഈടാക്കണമെന്നായിരുന്നു 2017ലെ സർക്കുലർ. സമാനമായ സർക്കുലറുകൾ 2011ലും 2016ലും ഇറക്കിയിരുന്നു.
ചങ്ങനാശേരി ഔട്ട്ലെറ്റിലെ സ്റ്റോക്കിൽ കുറവ് കണ്ടെത്തിയതിന് ജീവനക്കാരിൽ നിന്ന് 53.21ലക്ഷം രൂപ ഈടാക്കാനാണ് നോട്ടീസ് നൽകിയത്. സർവീസ് ചട്ടങ്ങളിൽ ഇല്ലാത്ത നടപടിയാണ് എം.ഡിയുടേതെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് നടപടിയെന്നും ഹർജിക്കാർ വാദിച്ചു. പ്രളയം കാരണമാണ് സ്റ്റോക്കുകളിൽ പൊരുത്തക്കേടുണ്ടായതെന്നും ചൂണ്ടിക്കാട്ടി.
അധികാരപ്പെട്ട കാര്യം തന്നെയാണ് എം.ഡി നിർദ്ദേശിച്ചതെന്നും ഇതിനെ സർവീസ് ചട്ടങ്ങളുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും ബിവറേജസ് കോർപ്പറേഷൻ വാദിച്ചു. സ്റ്റോക്ക് രജിസ്റ്റർ കൃത്യമായി പുതുക്കി സൂക്ഷിക്കാത്തത് ജീവനക്കാരുടെ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, സർക്കുലർ ഇറക്കി ജീവനക്കാർക്കെതിരെ കോർപ്പറേഷന് ഇത്തരം നടപടിയെടുക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രമോഷൻ തടയൽ, പിഴ, ശമ്പളത്തിൽ നിന്ന് നഷ്ടം ഈടാക്കൽ തുടങ്ങി സർവീസ് ചട്ടങ്ങളിൽ പറയുന്ന വ്യവസ്ഥകൾ പ്രകാരമേ പ്രവർത്തിക്കാനാകൂയെന്നും സിംഗിൾബെഞ്ച് ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |