തിരുവനന്തപുരം: വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉൾപ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് നമ്പറുകൾ തുടർന്നു ഹാക്ക് ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി. വാട്സാപ്പിലേക്ക് ഒരു ആറക്ക നമ്പർ വന്നിട്ടുണ്ടാകും എന്നും അതൊന്നു അയച്ചു നൽകുമോ എന്നും ചോദിച്ചാണ് തട്ടിപ്പിന്റെ തുടക്കം. അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരിൽ ആകും അഭ്യർത്ഥന എന്നതിനാൽ പലരും ഇതിനു തയ്യാറാകുന്നു. നമ്പർ പറഞ്ഞു കൊടുക്കുന്നതോടെ വാട്സ്ആപ്പ് ഹാക്ക് ആക്കും. ഹാക്ക് ചെയ്യുന്ന നമ്പർ ഉൾപ്പെട്ടിട്ടുള്ള ഗ്രൂപ്പുകളിലേക്കും ആളുകളിലേക്കും കടന്നുകയറാൻ തട്ടിപ്പുകാർക്ക് വളരെ വേഗം കഴിയുന്നു എന്നതാണ് ഈ തട്ടിപ്പ് രീതിയുടെ അപകടം.
മാത്രമല്ല, വാട്സ്ആപ്പ് മുഖേന പങ്കുവയ്ക്കപ്പെടുന്ന പേഴ്സണൽ മെസേജുകളിലേക്കും, ചിത്രങ്ങൾ, വീഡിയോ എന്നിവയിലേക്ക് എല്ലാം തട്ടിപ്പുകാർക്ക് ആക്സസ് ലഭിക്കുന്നതാണ്. സഹായ അഭ്യർത്ഥനയ്ക്ക് പുറമേ ബ്ലാക്ക്മെയിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും ഇതു വഴിവയ്ക്കാം. തട്ടിപ്പ് തിരിച്ചറിഞ്ഞ് ഇര തന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തു എന്ന് മുന്നറിയിപ്പ് മെസ്സേജ് ഗ്രൂപ്പുകളിലും പരിചയക്കാർക്കും ഷെയർ ചെയ്താലും ഈ മെസ്സേജ് തട്ടിപ്പുകാർ തന്നെ ഡിലീറ്റ് ചെയ്യുന്നു എന്ന പ്രശ്നവും കണ്ടെത്തിയിട്ടുണ്ട്.
അപരിചിതരുടെ മാത്രമല്ല പരിചിതരുടെ നമ്പറുകളിൽ (കുടുംബാംഗങ്ങൾ ഉൾപ്പെടെ) നിന്ന് ഉൾപ്പെടെ ഒ ടി പി നമ്പറുകൾ പറഞ്ഞുകൊടുക്കണമെന്ന് ആവശ്യവുമായി വരുന്ന മെസ്സേജുകൾക്ക് ഒരു കാരണവശാലും മറുപടി നൽകരുത്. കൂടാതെ വാട്സാപ്പിലെ ടൂ സ്റ്റെപ് വെരിഫിക്കേഷൻ ആക്റ്റീവ് ആക്കി വയ്‌ക്കണമെന്നും പൊലീസ് നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |