ന്യൂഡൽഹി: അദാനി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം. അദാനിയെ ഭരണപക്ഷം സംരക്ഷിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബഹളത്തെത്തുടർന്ന് സ്‌പീക്കർ സഭ നിർത്തിവച്ചു. അദാനി വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം നോട്ടീസ് നൽകിയതിന് പിന്നാലെ ഇരുസഭകളും പിരിഞ്ഞു.
കുറ്റങ്ങളൊന്നും അദാനി അംഗീകരിക്കില്ലെന്നും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു. 'അദാനി ആരോപണങ്ങൾ അംഗീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഉറപ്പായും അത് നിഷേധിക്കും. എത്രയും വേഗം ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണം. ചെറിയ കുറ്റങ്ങൾ ചുമത്തി നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുന്നില്ലേ. അദാനി ജയിലിൽ കിടക്കണം ', രാഹുൽ ഗാന്ധി പറഞ്ഞു.
യുഎസ് നിക്ഷേപകനായ ജോർജ്ജ് സോറോസിന് വേണ്ടിയാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കൻ ആരോപിച്ചു. ഇത് കോൺഗ്രസിന്റെ ആക്രമണമല്ല, സോറോസിന്റെ തിരക്കഥയാണ് ഇന്ത്യയിൽ നടക്കുന്നത്. സൊറോസിന്റെ ഫണ്ട് ഉപയോഗിച്ചുള്ള കേസാണെന്ന് യുഎസ് ഭരണകൂടം തിരിച്ചറിഞ്ഞു. ഇന്ത്യയെ സാമ്പത്തികമായി തോൽപ്പിക്കാൻ ഇന്ത്യയ്‌ക്ക് പുറത്തുള്ളവരുമായി ഒത്തുചേർന്ന് കോൺഗ്രസ് നടത്തുന്ന നാടകമാണിതെന്നും ടോം വടക്കൻ ഇന്ത്യ ടുഡേയോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച സോറോസിന് കോൺഗ്രസുമായി ബന്ധമുണ്ടെന്ന് ഇതിന് മുമ്പും ബിജെപി ആരോപിച്ചിട്ടുണ്ട്. പരാതി കൊടുക്കാൻ കോൺഗ്രസിനെ ടോം വടക്കൻ വെല്ലുവിളിച്ചു. അന്വേഷണം ഉണ്ടായാൽ സോറസും കോൺഗ്രസും തമ്മിലുള്ള ബന്ധം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
'അദാനിയെ അറസ്റ്റ് ചെയ്യുക, ചോദ്യം ചെയ്യുക. അവസാനം നരേന്ദ്ര മോദിയുടെ പേര് പുറത്തുവരും. കാരണം ബിജെപിയുടെ മുഴുവന്‍ ഫണ്ടിംഗും അദാനിയുടെ കൈകളിലാണ്. അതുകൊണ്ട് പ്രധാനമന്ത്രി ആഗ്രഹിച്ചാലും ഒന്നും ചെയ്യാന്‍ കഴിയില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ അദാനി രാജ്യത്തെ ഹൈജാക്ക് ചെയ്തു. ഇന്ത്യ അദാനിയുടെ പിടിയിലാണ് ' എന്ന് അദാനി വിഷയത്തില്‍ രാഹുല്‍ഗാന്ധി നേരത്തേ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |