കൊല്ലം: കൊല്ലം ജില്ലയിലെ അയത്തിലിൽ ഹൈവേ വികസനത്തിന്റെ ഭാഗമായി നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ജംഗ്ഷനുസമീപം ചൂരാങ്കൽ പഴയ പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന പാലമാണ് തകർന്നുവീണത്.കോൺക്രീറ്റ് ജോലിക്കിടെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഈ സമയം നാല് നിർമ്മാണ തൊഴിലാളികൾ പാലത്തിന് മുകളിൽ ഉണ്ടായിരുന്നെങ്കിലും അവർ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ പാലം താഴേക്ക് അമർന്ന് തകർന്നു വീഴുന്നതാണ് കണ്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പാലത്തിന്റെ നടുഭാഗം താഴേയ്ക്ക് അമർന്നു പോയ അവസ്ഥയിലാണിപ്പോൾ. നിർമാണത്തിലെ അപാകതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇക്കാര്യം തങ്ങൾ പലതവണ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും നിർമാണത്തിനിടെ നേരത്തേയും പാലം തകർന്നിട്ടുണ്ടെന്നാണ് അവർ പറയുന്നത്. തകർന്നുവീണ പാലം അഴിച്ചുമാറ്റാനുളള ശ്രമത്തിലാണിപ്പോൾ. തകർച്ചയ്ക്ക് ഇടയായ കാര്യം എന്താണെന്ന് വ്യക്തമല്ല. താങ്ങായി നിറുത്തിയിരുന്ന കാലുകൾ ഇളകിയതാണ് പാലം തകരാൻ കാരണമെന്നാണ് കരുതുന്നത്.
പാലം തകർന്നകാര്യത്തിൽ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. അതിനിടെ നിർമാണത്തിലെ അപാകതയാണ് പാലം തകരാൻ കാരണമെന്നാരോപിച്ച് പ്രതിഷേധവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. പ്രധാന നിർമാണമായിട്ടുപോലും ദേശീയപാതാ അതോറിറ്റിയുടെയോ നിർമാണ കരാർ ഏറ്റെടുത്ത കമ്പനിയുടെയോ ഉദ്യോഗസ്ഥരാരും സ്ഥലത്തുണ്ടായിരുന്നില്ല എന്നും അവർ ആരോപിക്കുന്നുണ്ട്. പാലം നിർമാണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് നിർമാണ കമ്പനിയെ അറിയിച്ചിരുന്നുവെന്നും അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |