ന്യൂഡൽഹി: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിയായ പ്രിയങ്കയുടെ സത്യപ്രതിജ്ഞ വയനാടും രാജ്യവും ഏറെ പ്രതീക്ഷകളോടെയാണ് നോക്കി കണ്ടത്. സഹോദരനും പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധിയോടൊപ്പം പാർലമെന്റിലെത്തിയ പ്രിയങ്കയിലേക്ക് കൂടുതൽ ശ്രദ്ധയെത്താൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന കസവ് സാരിയുടുത്താണ് വയനാട്ടിന്റെ പുതിയ എംപി സത്യവാചകം ചൊല്ലിയത്.
രാജ്യത്ത് കേരളത്തെ പ്രതിനിധീകരിക്കുന്ന എംപി എന്നതിലുപരി ധരിക്കാനായി പ്രിയങ്ക കസവു സാരി തിരഞ്ഞെടുത്തത് എന്തിനായിരിക്കാം? കുടുംബ പാരമ്പര്യത്തോടൊപ്പം കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെക്കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. ഗാന്ധി കുടുംബത്തിൽ പ്രിയങ്ക മാത്രമല്ല കേരള സാരിയിൽ തിളങ്ങിയത്. അവർക്ക് മുൻപ് അമ്മ സോണിയ ഗാന്ധിയും മുത്തശ്ശി ഇന്ദിരാഗാന്ധിയും കേരള സാരി ധരിച്ചിട്ടുണ്ട്. രാഷ്ട്രീയ താൽപര്യത്തിനപ്പുറം പ്രിയങ്ക കഴിഞ്ഞ ദിവസം കസവ് സാരി ധരിച്ച് പാർലമെന്റിലെത്തിയതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. കേരളത്തിന്റെ പരമ്പരാഗതമായ കൈത്തറി വ്യവസായത്തെയും കരകൗശല വിദ്യയുടെയും ഓർമപ്പെടുത്തൽ കൂടിയായിരുന്നു അത്.
പാർലമെന്റിൽ പ്രിയങ്ക കസവ് സാരി ധരിച്ചത്തെിയത് കേരളത്തിന് അഭിമാനകരമായ കാര്യമാണെന്ന് കസവ് സാരി നിർമാതാക്കളായ കറാൾക്കട പ്രതിനിധിയായ അനീഷ് രാജേന്ദ്രൻ പറഞ്ഞു. 'അവരുടെ അമ്മ സോണിയ ഗാന്ധിയും മുത്തശ്ശി ഇന്ദിരാഗാന്ധിയും ഞങ്ങളുടെ സംരംഭത്തിൽ നിന്നാണ് കസവ് സാരി വാങ്ങിയിട്ടുളളത്. രാജീവ് ഗാന്ധിയും സോണിയഗാന്ധിയും കസവ് സാരി വാങ്ങുന്ന ചിത്രങ്ങൾ ഞങ്ങളുടെ പക്കലുണ്ട്.
സ്വർണ ബോർഡറുകളോടുകൂടിയ കസവ് സാരി കേരളത്തിന്റെ പരമ്പരാഗത നെയ്ത്ത് പാരമ്പര്യത്തെ സൂചിപ്പിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മേഖലകളെ സ്വാധീനിക്കുന്ന തരത്തിലുളള ചരിത്രവും ഇവയ്ക്കുണ്ട്'-അനീഷ് രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കസവ് സാരി ഉണ്ടാക്കുന്നത്
യഥാർത്ഥത്തിൽ കസവ് രൂപപ്പെട്ടത് മുണ്ടും നേരിയതും എന്ന രണ്ട് തുണിത്തരങ്ങളിൽ നിന്നാണ്. ഇതിന്റെ ചരിത്രം കേരളത്തിന്റെ ബുദ്ധ കാലഘട്ടത്തിൽ നിന്നും രൂപപ്പെട്ടതാണെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. സൂറത്തിൽ നിന്ന് സംഭരിക്കുന്ന കസവ് അല്ലെങ്കിൽ സ്വർണനിറത്തിലുളള തുണിയാണ് സാരിക്ക് ഉത്തമം. മൾബറി സിൽക്കാണ് സ്വർണ കസവ് നെയ്യാനായി ഉപയോഗിക്കുന്നത്.
ഇത് കേരളത്തിന്റെ സംസ്‌കാരത്തിനെ മാത്രമല്ല സൂചിപ്പിക്കുന്നത്. അതിലുപരി നെയ്ത്തുക്കാരുടെ കഠിനാധ്വാനത്തെയും വിയർപ്പിനെയും പ്രതിനിധീകരിക്കുന്നുവെന്ന് പത്മശ്രീ ജേതാവായ പി ഗോപിനാഥ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെയായി നെയ്ത്ത് മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് ഗോപിനാഥ്.
'പ്രിയങ്ക ഗാന്ധി കസവ് സാരി ധരിച്ചെത്തിയത് കേരളത്തിലെ കസവ് സാരി നെയ്ത്തുകാർക്ക് കൂടുതൽ പ്രതീക്ഷകളാണ് നൽകിയിരിക്കുന്നത്. കേരളത്തിലെ ഉൽപ്പന്നത്തിന് ദേശീയ തലത്തിൽ ശ്രദ്ധ കിട്ടിയിരിക്കുകയാണ്. ഇത് വ്യവസായം കൂട്ടുമെന്നാണ് പ്രതീക്ഷ. കസവ് നെയ്യുന്ന പാരമ്പര്യം പിന്തുടരുന്നവർ ഇന്ന് വിരളമാണ്. പലപ്രശ്നങ്ങളും അവരെ തളർത്തിയിട്ടുണ്ടെങ്കിലും പ്രിയങ്ക ഗാന്ധിയുടെ തീരുമാനം ഊർജം പകരുന്ന തരത്തിലാണെന്നാണ്'- ഗോപിനാഥ് പറയുന്നു.
കസവ് സാരിക്ക് പുതിയ തലമുറയിൽ ആരാധകരിലേറെയുണ്ടെങ്കിലും കൈത്തറിയെ വേണ്ടത്ര അംഗീകരിക്കാത്ത നിലപാടുണ്ടെന്ന് അനീഷിന്റെ ഭാര്യ ദീപയും പറയുന്നു.
1798 മുതൽ 1810 തിരുവിതാംകൂർ ഭരിച്ചിരുന്ന ബാലരാമവർമയും അദ്ദേഹത്തിന്റെ മുഖ്യമന്ത്രി ഉമ്മിണി തമ്പിയുമാണ് കേരളത്തിൽ കൈത്തറി വ്യവസായം സജീവമാക്കാൻ നേതൃത്വം നൽകിയത്. അന്ന് മുഖ്യമന്ത്രി നാഗർകോവിലിൽ നിന്ന് ശാലിയാർ എന്നറിയപ്പെടുന്ന നെയ്ത്തുക്കാരുടെ കൂട്ടായ്മയെ കേരളത്തിലെത്തിക്കുകയും ശാലിയാർ സ്ട്രീറ്റ് എന്ന പേരിൽ താമസിപ്പിക്കുകയും ചെയ്തു. ഇതോടെ കേരളത്തിൽ കൈത്തറി ഒരു വ്യവസായമായി മാറുകയായിരുന്നു.
ഇന്നത്തെ തിരുവനന്തപുരം കേന്ദ്രീകരിച്ച് വ്യവസായം അന്ന് മെച്ചെപ്പെടുകയായിരുന്നു. കൈത്തറി വ്യവസായം അന്ന് കൂടുതൽ നടന്ന സ്ഥലമാണ് പിന്നീട് ബാലരാമപുരം എന്നറിയപ്പെടാൻ തുടങ്ങിയത്. കേരളത്തിൽ കൈത്തറി വ്യവസായം സജീവമാകാൻ കാരണക്കാരനായ ബാലരാമവർമയുടെ ആദരസൂചകമായാണ് ഈ പേര് കൈവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |