തിരുവനന്തപുരം: പാവങ്ങൾക്കുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിയെടുത്ത ഗസറ്റഡ് പദവിയിലടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടാമെന്ന് വിജിലൻസ് സർക്കാരിന് ശുപാർശ നൽകി. മനഃപൂർവ്വമല്ലാതെയും കൃത്രിമ രേഖകളുണ്ടാക്കാതെയും അബദ്ധത്തിലും പെൻഷൻ വാങ്ങിയവർക്ക് പലിശ സഹിതം പണം തിരിച്ചടയ്ക്കാം. അല്ലാത്തവർക്കെതിരെ അഴിമതിക്കും സാമ്പത്തിക കുറ്റകൃത്യത്തിനും കേസെടുക്കണം. സർക്കാർ പണം തട്ടിയെടുക്കാനും ക്ഷേമപദ്ധതികൾ അട്ടിമറിക്കാനുമാണ് ഇത്തരക്കാർ ശ്രമിച്ചതെന്നും ശക്തമായ നടപടികളെടുക്കുമെന്നും വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത 'കേരളകൗമുദി'യോട് പറഞ്ഞു.
അതിനാൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ അന്വേഷണം ആവശ്യമാണെന്ന് വിജിലൻസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സാമൂഹ്യക്ഷേമ പെൻഷന് പുറമെ, ഉച്ചഭക്ഷണ പദ്ധതിയിലും സിവിൽസപ്ലൈസിലുമടക്കം മറ്റ് വകുപ്പുകളിലെ പദ്ധതികളിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.
. പെൻഷൻ അനധികൃതമായി തട്ടിയെടുത്തതെങ്ങനെയെന്നും വിജിലൻസ് പരിശോധിക്കും. എത്രത്തോളം പണം നഷ്ടമായെന്നും കണ്ടെത്തണം. ഇതിനായി ധനവകുപ്പിന്റെ പക്കലുള്ള രേഖകൾ പരിശോധിക്കേണ്ടതുണ്ട്. സർക്കാർ ജോലി കിട്ടുംമുൻപ് വിധവ, വികലാംഗ പെൻഷൻ വാങ്ങിയിരുന്നവർ ജോലികിട്ടിയ ശേഷം പെൻഷൻ തുടർന്നും വാങ്ങുന്ന കേസുകളും പ്രത്യേകം കണ്ടെത്തും.
ത്രിതല പരിശോധനയ്ക്ക് ശേഷമാണ് സാമൂഹ്യസുരക്ഷാപെൻഷന് ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നത്. അപേക്ഷ ലഭിച്ചാൽ തദ്ദേശസ്ഥാപനങ്ങളിലെ
ഉദ്യോഗസ്ഥൻ ഫീൽഡ് വെരിഫിക്കേഷൻ നടത്തണം.തുടർന്ന് വില്ലേജ് ഓഫീസർ വാർഷികവരുമാനം സർട്ടിഫൈ ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിയാണ് ഗുണഭോക്താവിന്റെ പട്ടിക സർക്കാരിന് കൈമാറുന്നത്. വർഷാവർഷം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇവരുടെ അർഹത മസ്റ്ററിംഗ് നടത്തി പുനരാവർത്തിച്ച് ഉറപ്പാക്കണമെന്നാണ് ചട്ടം. രണ്ടേക്കറിലധികം കൃഷിഭൂമിയുള്ളവർക്കും 2000ച.അടിയിലേറെ വലിപ്പുമുള്ളവീടുള്ളവർക്കും 1000സി.സി.യിലേറെയുള്ള മോട്ടോർവാഹനമുള്ളവർക്കും ഒരുലക്ഷത്തിലേറെ രൂപ കുടുംബവാർഷികവരുമാനമുളളവർക്കും സാമൂഹ്യപെൻഷന് അർഹതയില്ല.എന്നിട്ടും തട്ടിപ്പ് വ്യാപകമാണ്.
''പെൻഷൻ തട്ടിയത് അഴിമതിയും സർക്കാർ സംവിധാനത്തിന്റെ ദുരുപയോഗവുമാണ്. ശക്തമായ നടപടികളെടുത്തില്ലെങ്കിൽ സമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും നൽകുക.''
-യോഗേഷ് ഗുപ്ത
വിജിലൻസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |