വത്തിക്കാൻ സിറ്റി: ലോകമത പാർലമെന്റിലൂടെ മതമൈത്രിയുടെയും ലോകസമാധാനത്തിന്റെയും പുതുയുഗാരംഭത്തിന് വത്തിക്കാനിൽ നാന്ദി കുറിച്ചെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ജനങ്ങൾക്കും രാഷ്ട്രങ്ങൾക്കുമിടയിൽ അസഹിഷ്ണുതയും വിദ്വേഷവും വളർത്തുന്ന ശക്തികളെ തിരിച്ചറിഞ്ഞ് മനുഷ്യരാശിക്ക് വേണ്ടി മതങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണം. ലോകത്ത് ശാന്തിയും സമാധാനവും പുലരണം. അതിനുള്ള ശ്രമങ്ങൾ ശിവഗിരി മഠം തുടരും. ഫ്രാൻസിസ് മാർപാപ്പ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്തത് ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചത്തിലാണ്. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ ദർശനവും സ്വതന്ത്രമാനവികതയും ലോകത്തിന് സമാധാനം പകരുന്നതാണ്. യേശുക്രിസ്തുവിന്റെ സത്യത്തിന്റെയും ത്യാഗത്തിന്റെയും സ്നേഹനീതിയുടെയും പരിശുദ്ധിയെയാണ് ഗുരുദേവൻ ക്രിസ്തുമതമായി കണ്ടത്. ഗുരുദേവനും ക്രിസ്തുവും 18 നൂറ്റാണ്ടിന്റെ വ്യത്യാസത്തിലാണ് ജീവിച്ചതെങ്കിലും ഇരു മഹാത്മാക്കളുടെയും വാക്കും പൊരുളും പ്രവൃത്തിയും സാഹോദര്യത്തിന്റെയും ലോകസമാധാനത്തിന്റേതുമാണ്. ഗുരുവിന്റെ ജീവിതവും ദർശനവും മനനവിഷയമാക്കണം. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഭാഷ ഒന്നാണെന്ന തിരിച്ചറിവും സമ്മേളനത്തിൽ പങ്ക് വച്ചു. വിവിധ മത പ്രതിനിധികളുടെ പ്രഭാഷണങ്ങൾ നിത്യജീവിതത്തിന്റെ ശ്രേഷ്ഠത വെളിപ്പെടുത്തി. ഏകതയുടെ സന്ദേശമായാണ് ഗുരുദർശനത്തെ വത്തിക്കാൻ ഉൾക്കൊണ്ടത്.
മാർപാപ്പയുടെ ആശീർവാദത്താൽ സർവ്വമത മഹാസമ്മേളനം ധന്യമായി. 'പലമതസാരവുമേകം ' എന്ന ദർശനം ലോകത്തിന് പരാൻ സർവ്വമത സമ്മേളനം ഉതകുമെന്ന് ഗുരുദേവൻ കണ്ടു. അതാണ് ലോകത്ത് ആദ്യമായി ആലുവ അദ്വൈതാശ്രമത്തിൽ 1924 -ൽ നടന്ന സർവ്വമത മഹാസമ്മേളനം. 'വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് 'എന്ന പ്രഖ്യാപനത്തോടെ ഗുരുദേവൻ സംഘടിപ്പിച്ച ആലുവ സർവ്വമതസമ്മേളനത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ തുടർച്ചയാണ് വത്തിക്കാനിലെ ലോകമത പാർലമെന്റ്. മതസമന്വയ സന്ദേശവുമായി ഡൽഹി, ചെന്നൈ, ലണ്ടൻ എന്നിവിടങ്ങളിൽ ശിവഗിരി മഠം സർവ്വമത സമ്മേളനങ്ങൾ നടത്തുമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |