ആലുവ: പാട്ടകരാറിന്റെ മറവിൽ എടത്തലയിലെ വിവാദഭൂമി നിയമവിരുദ്ധമായി കരമടച്ച് സ്വന്തമാക്കിയെന്ന പരാതി നിഷേധിച്ച് പി.വി. അൻവർ എം.എൽ.എ എം.ഡിയായ പീവീസ് റിയൽറ്റേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. എടത്തല ഭൂമി ഇടപാടിൽ ഇതുവരെ സ്വീകരിച്ച നിലപാടുകളിൽ നിന്ന് മലക്കം മറിയുന്ന സമീപനമാണ് ഇന്നലെ കമ്പനിക്കായി ഹാജരായ അഭിഭാഷകൻ സ്വീകരിച്ചത്.
വിവാദഭൂമിയുടെ കരമടച്ചത് കമ്പനിയല്ലെന്നും അടച്ചയാളെ അറിയില്ലെന്നുമാണ് അഭിഭാഷകൻ വിശദീകരിച്ചത്. കമ്പനി അടച്ചെന്ന് തെളിയിക്കാൻ പരാതിക്കാരിയെ വെല്ലുവിളിക്കുകയും ചെയ്തു. പാട്ടഭൂമിയുടെ ഉടമസ്ഥാവകാശം പരാതിക്കാരിക്കാണെന്ന് പീവീസിനു വേണ്ടി ഹാജരായ അഭിഭാഷകൻ സമ്മതിച്ചതായി ഭൂരേഖ തഹസിൽദാർ പി.എൻ. അനി അറിയിച്ചു. ഇന്നലെ നടന്ന എതിർകക്ഷിയുടെ വാദങ്ങൾക്ക് മറുപടി നൽകാൻ പരാതിക്കാരിക്ക് 10 ദിവസം കൂടി നൽകിയതായും തഹസിൽദാർ അറിയിച്ചു. എടത്തലയിലെ 11.46 ഏക്കർ ഭൂമിയുടെയും എട്ടുനില കെട്ടിടത്തിന്റെയും 99 വർഷത്തെ പാട്ടാവകാശമാണ് പീവീസ് ഗ്രൂപ്പ് ലേലത്തിലൂടെ നേടിയത്. പാട്ടഭൂമി കമ്പനിയുടെ പേരിൽ സ്വന്തമാക്കിയെന്നതാണ് വിവാദമായത്.
സിറ്റിംഗിൽ വാദിയുടെയും എതിർപക്ഷത്തിന്റെയും അഭിഭാഷകർ തമ്മിൽ രൂക്ഷമായ തർക്കം നടന്നു. വർഷങ്ങൾ മുമ്പ് നടന്ന ഇടപാടിൽ ഇപ്പോൾ പരാതി നൽകിയത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്ന് പി.വി. അൻവർ എം.എൽ.എയുടെ അഭിഭാഷകൻ പറഞ്ഞു. ന്യൂഡൽഹിയിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ 2006 സെപ്തംബർ 18ന് നടത്തിയ ലേലത്തിൽ വച്ച് പാട്ടാവകാശം കമ്പനി സ്വന്തമാക്കിയപ്പോൾ പി.വി. അൻവർ ജനപ്രതിനിധിയായിരുന്നില്ല. ഇപ്പോൾ പ്രശസ്തനായ അദ്ദേഹത്തെ കരിവാരിത്തേക്കാനാണ് ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
അതേസമയം ഭൂമി ആദ്യം 99 വർഷം പാട്ടത്തിന് വാങ്ങിയ ജോയ് മാത്യുവിന്റെ കമ്പനി വരുത്തിയ കിട്ടാക്കടത്തിനാണ് ബാങ്ക് ഇതേ ഭൂമി പീവീസിന് പാട്ടം നൽകിയത്. ഈ കാലയളവ് കഴിഞ്ഞാൽ ഉടമസ്ഥാവകാശം ജോയ് മാത്യുവിന്റെയും കുടുംബത്തിന്റെയും ഇന്റർനാഷണൽ ഹൗസിംഗ് കോംപ്ലക്‌സിന് തിരികെ നൽകാൻ പി.വി. അൻവർ ബാദ്ധ്യസ്ഥനാണെന്ന് വാദിഭാഗം നിലപാടെടുത്തു.
ആലുവ സബ് രജിസ്ട്രാർ ഓഫീസിലെ രേഖകളിൽ ഇപ്പോഴും വസ്തുവിന്റെ ഉടമസ്ഥാവകാശം ജോയ് മാത്യുവിന്റെയും കുടുംബത്തിന്റെയും ഇന്റർനാഷണൽ ഹൗസിംഗ് കോംപ്ലക്‌സിനാണ്. പാട്ടാവകാശം നേടിയെന്ന പേരിൽ 2006 മുതൽ 2019വരെയുള്ള കാലയളവിൽ ഭൂമിയുടെ നികുതിയടച്ചിരിക്കുന്നത് പീവീസ് ഗ്രൂപ്പാണ്. പാട്ടഭൂമി കരമടച്ച് സ്വന്തമാക്കിയ സംഭവത്തിൽ വില്ലേജ് ഓഫീസർക്കും പി.വി. അൻവറിനുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോയ് മാത്യുവിന്റെ ഭാര്യ ഗ്രേസ് മാത്യുവാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |