SignIn
Kerala Kaumudi Online
Saturday, 26 September 2026 8.23 PM IST

'ഇനി ഞാനൊഴുകട്ടെ' മൂന്നാംഘട്ടം വെള്ളായണിക്കായലിൽ ഉടൻ

തിരുവനന്തപുരം: ജലാശയങ്ങളെ വീണ്ടെടുക്കുന്നതിനുള്ള ഇനി ഞാനൊഴുകട്ടെ ക്യാമ്പെയിന്റെ മൂന്നാംഘട്ട സംസ്ഥാനതല ഉദ്ഘാടനം വെള്ളായണി കായലിൽ ഉടൻ നടക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ട പ്രവർത്തനത്തിന് 64 കോടി രൂപയ്ക്ക് സാങ്കേതികാനുമതി നൽകി. ഹരിതകേരളം മിഷന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ. കായൽ തുടങ്ങുന്നത് മുതൽ കാക്കാമൂല വരെയുള്ള ഭാഗത്താണ് പുനഃരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിൽ 1,52,000 ക്യു.മീറ്റർ ചെളി നീക്കം ചെയ്ത് കായലിന്റെ വാഹകശേഷി വർദ്ധിപ്പിക്കും. 6665 കി.മീ. കരിങ്കൽ സംരക്ഷണ ഭിത്തിയും ഇതോടൊപ്പം നിർമ്മിക്കും. കായലിലേക്ക് വന്നുചേരുന്ന പള്ളിച്ചൽ തോട്,പറക്കോട് തോട്,ശാസ്താംകോവിൽ തോട് എന്നിവയുടെ സംരക്ഷണഭിത്തിയുടെ നിർമ്മാണവും ഏറ്റെടുക്കും. പ്രാരംഭ പ്രവർത്തനമായ ഹൈഡ്രോഗ്രാഫിക് സർവേയുടെ റിപ്പോർട്ട് തയ്യാറാക്കി. നീർച്ചാലുകൾക്ക് വേനൽക്കാല ജലലഭ്യത ഉറപ്പാക്കുന്നതിനായി ജലമൊഴുകി വരുന്ന മുഴുവൻ കൈവഴികളും മാലിന്യമുക്തമാക്കി വാഹകശേഷി കൂട്ടി പുനഃരുജ്ജീവിപ്പിക്കും. അതോടൊപ്പം പ്രധാന നീർച്ചാലിന്റെയും സ്വാഭാവികമായുള്ള ആഴവും വീതിയുമൊക്കെ വീണ്ടെടുക്കുകയും സാദ്ധ്യമായ ഇടങ്ങളിൽ ജലസംഭരണത്തിന് സഹായകരമായ നിർമ്മിതികൾ ഉറപ്പാക്കുകയും ചെയ്യും. ഇതോടൊപ്പം തികച്ചും ശാസ്ത്രീയമായി നീർച്ചാലിന്റെ വൃഷ്ടിപ്രദേശ പരിപാലനവും ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകൾ കൂടുതൽ വ്യാപകമാക്കും. നീർച്ചാലുകളിൽ നീരൊഴുക്ക് ഉറപ്പാക്കുന്നതിൽ കുളങ്ങളുടെ പങ്ക് വലുതാണ്. അതിനാൽ കുളങ്ങളും ഒപ്പം പുനരുജ്ജീവിപ്പിക്കുവാനും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. നവകേരളം കർമ്മപദ്ധതി കോഓർഡിനേറ്റർ ടി.എൻ.സീമ,തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.വി.അനുപമ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL